പ്ലാസ്റ്റിക് ഉപയോഗിച്ച് അരി നിര്‍മിക്കുന്നു എന്ന പ്രചരണം സമൂഹമാധ്യമങ്ങളില്‍ വ്യാപകം. ഒന്നര മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സഹിതമാണ് പ്രചരണം. വീഡിയോയില്‍ പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരത്തിന്റെ ദൃശ്യങ്ങള്‍ക്കൊപ്പം ഒരു മെഷീന് വഴി പുറത്തുവരുന്ന അരിയുടെ ദൃശ്യങ്ങളും കാണാം.
വീഡിയോയുടെ ആദ്യഭാഗത്ത് വലിയ യന്ത്രങ്ങള്‍വഴി പുറത്തുവരുന്ന അരിയുടെ ദൃശ്യങ്ങള്‍ കാണാം. പിന്നീട് ഏതാനും മാലിന്യ കൂമ്പാരങ്ങളുടെയും മാലിന്യശേഖരണത്തിന്റെയും ദൃശ്യങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍നിന്നുതന്നെ വിവിധ ദൃശ്യങ്ങള്‍ ചേര്‍ത്ത് എഡിറ്റ് ചെയ്താണ് വീഡിയോ നിര്‍മിച്ചതെന്ന് വ്യക്തമായി. തുടര്‍ന്ന് വീഡിയോയിലെ വിവിധ ഭാഗങ്ങള്‍ കീഫ്രെയിമുകളാക്കി നടത്തിയ പരിശോധനയില്‍ ആദ്യഭാഗത്തെ ദൃശ്യങ്ങളില്‍നിന്നുള്ള ചിത്രം ഒരു വെബ്സൈറ്റില്‍ കണ്ടെത്തി.
ഛത്തീസ്ഗഡിലെ Fortifit Nutrition എന്ന കമ്പനിയുടെ വെബ്സൈറ്റില്‍ ഫോര്‍ട്ടിഫൈഡ് അരിയുടെ നിര്‍മാണം എന്ന തലക്കെട്ടോടെ നല്‍കിയിരിക്കുന്ന വിവരണത്തിനൊപ്പമാണ് ചിത്രം. ഫോര്‍ട്ടിഫൈഡ് അരിയുടെ നിര്‍മാണത്തിനായി ഉപയോഗിക്കുന്ന എക്സ്ട്രൂഷന്‍ സാങ്കേതികവിദ്യയെക്കുറിച്ചാണ് ഇതില്‍ പറയുന്നത്.
തുടര്‍ന്ന് എന്താണ് ഫോര്‍ട്ടിഫൈഡ് അരിയെന്നും ഇത് പ്ലാസ്റ്റിക് അരിയാണോ എന്നും പരിശോധിച്ചു. കേന്ദ്രഗവണ്മെന്റിന് കീഴില്‍ ഇന്ത്യയിലെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ഫോര്‍ട്ടിഫൈഡ് അരിയെക്കുറിച്ച് നല്കിയ വിവരങ്ങള്‍ പരിശോധിച്ചു.
ഫോര്‍ട്ടിഫൈഡ് അരിയില്‍ പ്ലാസ്റ്റിക്ക് ഇല്ലെന്നും മറിച്ച് വിളവെടുപ്പിന് ശേഷമുള്ള ഘട്ടത്തില്‍ അരി കൂടുതല്‍ പോഷകസമ്പുഷ്ടമാക്കുന്നതിനായി ധാതുലവണങ്ങള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന രീതിയാണെന്നും വിശദീകരിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ അരിയിലെ ധാതുലവണങ്ങളുടെ കുറവ് പരിഹരിക്കാനും ജനങ്ങള്‍ക്ക് പോഷകസമ്പുഷ്ടമായ അരി ലഭ്യമാക്കാനും ഇതുവഴി സാധിക്കുമെന്നും വെബ്സൈറ്റില്‍ പറയുന്നു. കൂടാതെ ഇതില്‍ ഉള്‍പ്പെടുത്തുന്ന ധാതുലവണങ്ങളുടെ വിശദാംശങ്ങളും ലഭ്യമായി.
ഫോര്‍ട്ടിഫൈഡ് അരിയില്‍ പ്ലാസ്റ്റിക് ഇല്ലെന്നും മറിച്ച് 0.01 ശതമാനം മാത്രം ഫോര്‍ട്ടിഫൈഡ് റൈസ് കേര്ണല്സ് (FRK) ആണ് ചേര്‍ക്കുന്നതെന്നും കമ്പനി വ്യക്തമാക്കുന്നു.
ഇതോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ക്കൊപ്പം നല്‍കിയിരിക്കുന്ന അടിക്കുറിപ്പ് വ്യാജമാണെന്ന് വ്യക്തമായി. സമ്പുഷ്ടീകരിച്ച അരിയുടെ ഉല്പാദനവുമായി ബന്ധപ്പെട്ട വീഡിയോയാണ് തെറ്റായ അടിക്കുറിപ്പോടെ പ്രചരിക്കുന്നത്.