Fact Check: മദ്രസ വിദ്യാഭ്യാസത്തെ അനുകൂലിച്ച് ഹിന്ദുക്കളെ കുറ്റപ്പെടുത്തി കുഞ്ഞാലിക്കുട്ടി? വാര്‍ത്താ കാര്‍ഡിന്റെ വാസ്തവം

മദ്രസ വിദ്യാഭ്യാസം നിര്‍ത്തിയാല്‍ മുസ്‍ലിംകള്‍ ഹിന്ദുക്കളെപ്പോലെയാകുമെന്ന തരത്തില്‍ മുസ്‍ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വര്‍ഗീയ പ്രസ്താവന നടത്തിയതായാണ് വാര്‍ത്താകാര്‍ഡിന്റെ രൂപത്തില്‍ സമൂഹമാധ്യമങ്ങളിലെ പ്രചാരണം.
Fact Check: മദ്രസ വിദ്യാഭ്യാസത്തെ അനുകൂലിച്ച് ഹിന്ദുക്കളെ കുറ്റപ്പെടുത്തി കുഞ്ഞാലിക്കുട്ടി? വാര്‍ത്താ കാര്‍ഡിന്റെ വാസ്തവം
Published on
2 min read

മദ്രസ വിദ്യാഭ്യാസത്തെ പ്രകീര്‍ത്തിച്ചും ഹിന്ദുവിഭാഗത്തെ ആക്ഷേപിച്ചും മുസ്‍ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി  പി കെ കുഞ്ഞാലിക്കുട്ടി പ്രസ്താവന നടത്തിയെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. ചെറുപ്പത്തിലെ മദ്രസ വിദ്യാബ്യാസം നിര്‍ത്തിയാല്‍ മുസ്‍ലിംകള്‍ ഹിന്ദുക്കളെപ്പോലെയാകുമെന്ന് ഹിന്ദുക്കളെ ആക്ഷേപിക്കുന്ന വിധത്തില്‍ പ്രസ്താവന നടത്തിയെന്നാണ് പ്രചാരണം. അദ്ദേഹത്തിന്റെ ഫോട്ടോ സഹിതം ഒരു വാര്‍ത്താകാര്‍ഡിന്റെ രൂപത്തിലാണ് ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

Fact-check

പ്രചാരണം വ്യാജമാണെന്നും എഡിറ്റ് ചെയ്ത കാര്‍ഡാണ് പ്രചരിക്കുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. 

പ്രചരിക്കുന്ന കാര്‍ഡില്‍ ജെമിനി ലോഗോ കാണാം. എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്ത ചിത്രമാണിതെന്ന സൂചന ലഭിച്ചു.  പ്രത്യേകിച്ച് ഒരു മാധ്യമത്തിന്റെ ലോഗോയോ മറ്റ് വിവരങ്ങളോ ഇല്ലാത്തതിനാല്‍ ഇത് വ്യാജമാകാമെന്നും സൂചന ലഭിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ റിപ്പോര്‍ട്ടര്‍ ടിവി 2026  ഏപ്രില്‍ 3ന് പങ്കിട്ട മറ്റൊരു വാര്‍ത്തയുടെ കാര്‍ഡ് ഇതേ ഡിസൈനില്‍ കണ്ടെത്തി

ഏപ്രില്‍ മൂന്നിന് ഗുരുവായൂര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട് കു‍ഞ്ഞാലിക്കുട്ടിയുടെ പേരില്‍ നടന്ന വ്യജ പ്രചാരണത്തില്‍ അദ്ദേഹം പരാതി നല്‍കിയത് സംബന്ധിച്ചാണ് വാര്‍ത്ത. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ മുസ്‍ലിം ലീഗ് പ്രവര്‍ത്തകര്‍ വരുമെന്ന തരത്തില്‍ അദ്ദേഹം പ്രസ്താവന നടത്തിയെന്നായിരുന്നു വ്യാജപ്രചാരണം. 


രണ്ട് കാര്‍ഡുകളും താരതമ്യം ചെയ്തതോടെ ഈ വാര്‍ത്താ കാര്‍ഡിലെ വാചകങ്ങള്‍ എഡിറ്റ് ചെയ്താണ് പ്രചരിക്കുന്ന കാര്‍ഡ് തയ്യാറാക്കിയതെന്ന് വ്യക്തമായി. 

തുടര്‍ന്ന് പ്രതികരണത്തിനായി കുഞ്ഞാലിക്കുട്ടിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. സാമുദായിക ധ്രുവീകരണത്തിന് ശ്രമിക്കുന്നവരാണ് ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നിലെന്നും ജനങ്ങള്‍ സത്യം തിരിച്ചറിയുമെന്നുമാണ് അദ്ദേഹത്തിന്റെ ഓഫീസ് പ്രതികരിച്ചത്. 

ഇതോടെ പ്രചാരണം വ്യാജമാണെന്ന് വ്യക്തമായി. 

logo
South Check
southcheck.in