Fact Check: CJP സമരത്തിന് പിന്തുണ അറിയിച്ച് ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി കത്തയച്ചോ?

ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ നടക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സമരത്തിന് ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി പിന്തുണ അറിയിച്ചുവെന്ന അവകാശവാദത്തോടെയാണ് കത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
Fact Check: CJP സമരത്തിന് പിന്തുണ അറിയിച്ച് ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി കത്തയച്ചോ?
Published on
2 min read

വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി ന്യൂഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ നടത്തിവരുന്ന സമരം ശക്തമാവുകയാണ്. കോണ്‍ഗ്രസ് ഉള്‍പ്പെടെ സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയതോടെ ചര്‍ച്ചകള്‍‍ക്ക് സന്നദ്ധത അറിയിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ സിജെപി നടത്തുന്നത് സ്പോണ്‍സേര്‍ഡ് പ്രതിഷേധമാണെന്നും വിദേശശക്തികളാണ് സമരത്തിന് പിന്നിലെന്നും ആരോപിച്ച് നിരവധി വാദങ്ങള്‍‍ സമൂഹമാധ്യമങ്ങളിലുണ്ട്. ഇത്തരമൊരു ആരോപണവുമായാണ് ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി സിജെപി സമരത്തിന് പിന്തുണയറിയിച്ചുവെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിയുടേതെന്ന തരത്തില്‍ സമരത്തെ പിന്തുണയ്ക്കുന്ന ഒരു കത്തിന്റെ ചിത്രവും ഇതിനൊപ്പം പങ്കിട്ടതായി കാണാം.

ജനം ടിവി ഉള്‍പ്പെടെ ചില മാധ്യമങ്ങളും ഇത് വാര്‍ത്തയാക്കി പങ്കുവെച്ചിട്ടുണ്ട്. 

Fact-check: 

പ്രചാരണം വ്യാജമാണെന്നും പ്രചരിക്കുന്ന കത്ത് എഐ ഉപയോഗിച്ച് തയ്യാറാക്കിയതാണെന്നും അന്വേഷണത്തില്‍ വ്യക്തമായി. 

പ്രചരിക്കുന്ന കത്ത്  സൂക്ഷ്മമായി പരിശോധിച്ചതോടെ ഇതില്‍ ലോഗോയിലും ഉള്ളടക്കത്തിലും ചില അക്ഷരത്തെറ്റുകള്‍ കണ്ടെത്തി. മാത്രവുമല്ല, ഒരു ലെറ്റര്‍പാഡില്‍ പൊതുവില്‍ ഉള്‍പ്പെടുത്തുന്ന വിലാസമോ ഫോണ്‍ നമ്പരോ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.  തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി എന്ന സംഘടനുടെ ലോഗോ ലെറ്റര്‍പാഡിലെ ലോഗോയില്‍നിന്ന് വ്യത്യസ്തമാണെന്നും സ്ഥിരീകരിച്ചു.

തുടര്‍ന്ന് ബംഗ്ലാദേശി ജമാഅത്തെ ഇസ്ലാമിയുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ പരിശോധിച്ചു. പ്രചരിക്കുന്ന കത്ത് വ്യാജമാണെന്ന് സ്ഥിരീകരിച്ച് അവര്‍ പങ്കിട്ട എക്സ് പോസ്റ്റ് ലഭിച്ചു. വ്യാജ പ്രചാരണത്തിനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടാണ് പോസ്റ്റ്.

ഇതോടെ സംഘടന ഇത്തരത്തില്‍ പിന്തുണയറിയിച്ച് കത്തയച്ചിട്ടില്ലെന്ന് വ്യക്തമായി. തുടര്‍ന്ന് പ്രചരിക്കുന്ന കത്ത് എഐ ഡിറ്റക്ഷന്‍ സംവിധാനങ്ങളുപയോഗിച്ച് പരിശോധിച്ചു. സൈറ്റ്-എന്‍ജിന്‍ എന്ന പ്ലാറ്റ്ഫോമില്‍ നടത്തിയ പരിശോധനയില്‍ ഇത് എഐ നിര്‍മിതമാണെന്ന് കണ്ടെത്തി.

ഇതോടെ പ്രചാരണം വ്യാജമാണെന്നും പ്രചരിക്കുന്ന കത്ത് എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ചതാണെന്നും വ്യക്തമായി. 

logo
South Check
southcheck.in