കേരളത്തിലെ മദ്യവില്പനയും വരുമാനവും: കണക്കുകളിലെ സത്യമറിയാം

ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിനെയും കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയെയും താരതമ്യം ചെയ്ത് കേരളത്തില്‍ മദ്യവില്പന കുറവാണെന്നും മദ്യത്തില്‍നിന്നുള്ള വരുമാനം / ഉപഭോഗം വെറും 3.7 ശതമാനം മാത്രമാണെന്നുമാണ് പ്രചരണം.
കേരളത്തിലെ മദ്യവില്പനയും വരുമാനവും: കണക്കുകളിലെ സത്യമറിയാം
Published on
3 min read

കേരളത്തിലെ മദ്യവില്പനയും മദ്യനികുതിയില്‍നിന്നുള്ള വരുമാനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നേരത്തെയും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഏതാനും മാസങ്ങള്‍ക്കുമുന്‍‌പ് മന്ത്രി എം.ബി. രാജേഷ് അബ്കാരി നിയമവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടന്ന ചര്‍ച്ചയ്ക്കിടെ കേരളത്തിന്റെ മദ്യ ഉപഭോഗത്തെക്കുറിച്ചും വരുമാനത്തെക്കുറിച്ചും കണക്കുകള്‍ നിരത്തി വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലെ മദ്യവരുമാനവും വില്പനയും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണെന്ന അവകാശവാദത്തോടെ സമൂഹമാധ്യമങ്ങളിലെ പ്രചരണം. ദേവസേന എന്ന ഫെയ്സ്ബുക്ക് പേജില്‍നിന്ന് പങ്കുവെച്ച പോസ്റ്റില്‍ കേരളത്തിലെ മദ്യ വരുമാനത്തെ / ഉപഭോഗത്തെ ഉത്തര്‍പ്രദേശുമായും കര്‍ണാടകയുമായും താരതമ്യം ചെയ്യുന്നു. കേരളത്തിന്റെ മദ്യ വരുമാനം / ഉപഭോഗം വെറും 3.7 ശതമാനമാണെന്നാണ് അവകാശവാദം.

Fact-check: 

മദ്യത്തിന്റെ ഉപഭോഗത്തിന്റെ കണക്കാണോ മദ്യവില്പനയില്‍നിന്നുള്ള വരുമാനത്തിന്റെ കണക്കാണോ ശതമാനത്തില്‍ നല്കിയിരിക്കുന്നതെന്ന് വ്യക്തമല്ല. അതുകൊണ്ടുതന്നെ വസ്തുതപരിശോധനയുടെ ഭാഗമായി ഈ രണ്ട് കാര്യങ്ങളും വിശദമായി പരിശോധിക്കാന്‍ തീരുമാനിച്ചു. 

മദ്യത്തില്‍നിന്നുള്ള വരുമാനം

മദ്യത്തില്‍നിന്നുള്ള നികുതിവരുമാനം ഏതൊരു സംസ്ഥാനത്തിന്റെയും റവന്യൂ വരുമാനത്തിലെ മുഖ്യസ്രോതസ്സാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം പെട്രോളിയം ഉല്‍പന്നങ്ങളുടെ നികുതിയും മദ്യനികുതിയും ലോട്ടറിയുമാണ് കാലങ്ങളായി പ്രധാന വരുമാനം. ഇതുമായി ബന്ധപ്പെട്ട കണക്കുകളാണ് ആദ്യം പരിശോധിച്ചത്. 

സംസ്ഥാന ചരക്കുസേവന നികുതി വകുപ്പ് ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്ന കണക്കുകളാണ് ആദ്യം പരിശോധിച്ചത്. 2022-23 സാമ്പത്തികവര്‍ഷത്തെ കണക്കുകള്‍  വെബ്സൈറ്റില്‍ ലഭ്യമാണ്. ഇതുപ്രകാരം  26400.06 കോടി രൂപയാണ് സംസ്ഥാന GST വരുമാനം. കേന്ദ്ര ജിഎസ്ടി വിഹിതവും മൂല്യവര്‍ധിത നികുതിയും ഉള്‍പ്പെടെ 2022-23 സാമ്പത്തികവര്‍ഷം കേരളത്തിന്റെ റവന്യൂ വരുമാനം 59114.69 കോടി രൂപയാണ്. 

ഇതില്‍ സംസ്ഥാന GSTയുടെ പരിധിയിലാണ് മദ്യത്തിന്റെ വില്പനനികുതി ഉള്‍പ്പെടുന്നത്. പെട്രോളിയം ഉല്പന്നങ്ങളുടെ നികുതിയും ഇപ്രകാരം തന്നെ. സംസ്ഥാന GST യില്‍ 2022-23 സാമ്പത്തികവര്‍ഷം ലഭിച്ച 59114.69 കോടി രൂപയില്‍ 13802.89 കോടി രൂപ കേരള സംസ്ഥാന ബവ്റിജസ് കോര്‍പ്പറേഷന്‍വഴി വിറ്റ മദ്യത്തിന്റെ നികുതിയും 617.23 കോടി രൂപ ബാര്‍ ഹോട്ടലുകള്‍വഴി ശേഖരിച്ച നികുതിയുമാണെന്ന് കാണാം. മറ്റ് മദ്യ ഉല്പന്നങ്ങളുടെ നികുതി 323.72 കോടി രൂപയുമാണ്. അതായത് മദ്യ വില്പനയില്‍നിന്നുള്ള ആകെ നികുതിവരുമാനം 14,743.84 കോടി രൂപയാണെന്ന് കണക്കുകളില്‍നിന്ന് വ്യക്തമാണ്. 

ഇനി ശതമാനക്കണക്ക് പരിശോധിക്കാം. 2022-23 സാമ്പത്തികവര്‍ഷം  ആകെ GST വരുമാനമായ 59114.69 കോടി രൂപയില്‍ മദ്യത്തില്‍നിന്നുള്ള വരുമാനമായ 14,743.84  കോടി രൂപ  GST  വരുമാനത്തിന്റെ 24.94 ശതമാനമാണെന്ന് വ്യക്തം. 

GST യ്ക്ക് പുറമെ സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിലെ മറ്റ് ഘടകള്‍ ഭൂനികുതി, സ്റ്റാംപ് ആന്‍റ് രജിസ്ട്രേഷന്‍, എക്സൈസ് നികുതി, വില്പനനികുതി, വാഹനനികുതി, ലോട്ടറി തുടങ്ങിയവയാണ്. 2022-23 സാമ്പത്തികവര്‍ഷം ഈ നികുതി വരുമാനത്തിന്റെ ഗ്രാഫ് കേരള ധനവകുപ്പ് വെബ്സൈറ്റില്‍ ലഭ്യമാണ്. 

ഇത് പ്രകാരം 2022-23 സാമ്പത്തികവര്‍ഷത്തെ ആകെ വരുമാനം കാണിക്കുന്ന ചാര്‍ട്ടുകളും ഗ്രാഫുകളും വെബ്സൈറ്റില്‍ ലഭ്യമാണ്. ഇതുപ്രകാരം കേന്ദ്ര നികുതി ഉള്‍പ്പെടെ കേരളത്തിന്റെ 2022-23 സാമ്പത്തികവര്‍ഷത്തെ ആകെ റവന്യൂ വരുമാനം 87973 കോടി രൂപയാണെന്ന് കാണാം. 

ആകെ വരുമാനത്തിന്റെ എത്ര ശതമാനമാണ് മദ്യത്തില്‍നിന്നുള്ള നികുതിവരുമാനമെന്നാണ് തുടര്‍ന്ന് പരിശോധിച്ചത്. മദ്യത്തില്‍നിന്നുള്ള വരുമാനമായ 14,743.84  കോടി രൂപ ആകെ വരുമാനമായ 87973 കോടി രൂപയുടെ 16.76 ശതമാനമാണെന്ന് വ്യക്തം. 

മദ്യ ഉപഭോഗം 

മദ്യ ഉപഭോഗവുമായി ബന്ധപ്പെട്ട് മന്ത്രി എം.ബി. രാജേഷ് നേരത്തെ നടത്തിയ പ്രസ്താവന ശ്രദ്ധേയമാണ്. 2012 മുതലുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് മദ്യ ഉപഭോഗം കുറഞ്ഞുവെന്നാണ് അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കിയത്. ഇതിനായി അദ്ദേഹം ഉദ്ധരിച്ചത് കേന്ദ്ര സാമൂഹ്യനീതി വകുപ്പ് 2019 ല്‍ നടത്തിയ സര്‍വേയാണ്. ഇതുപ്രകാരം കേരളത്തിലെ മദ്യ ഉപഭോഗം ദേശീയ ശരാശരിയെക്കാള്‍ കുറവാണെങ്കിലും കേരളത്തെക്കാള്‍ കുറഞ്ഞ ഉപഭോഗമുള്ള നിരവധി സംസ്ഥാനങ്ങളുണ്ട്. കര്‍ണാടകയും കേരളത്തെക്കാള്‍ താഴെയാണെന്ന് കാണാം. ദേശീയ ശരാശരി 14.6 ശതമാനവും കേരളത്തില്‍ 12.4 ശതമാനവും കര്‍ണാടകയില്‍ 6.4 നാല് ശതമാനവുമാണ് മദ്യ ഉപഭോഗം. 

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം 2019-21 കാലയളവില്‍ നടത്തിയ സര്‍വേ പ്രകാരം മദ്യ ഉപഭോഗം കേരളത്തില്‍ 19.9 ശതമാനമാണ്. കര്‍ണാടകയില്‍ ഇത് 16.6 ശതമാനവും ഉത്തര്‍പ്രദേശില്‍ 14.5 ശതമാനവുമാണ്. 

ഇതോടെ പ്രചരിക്കുന്ന പോസ്റ്റിലെ അവകാശവാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി. മദ്യഉപഭോഗത്തില്‍ കേരളവും പരാമര്‍ശിച്ച മറ്റ് സംസ്ഥാനങ്ങളും തമ്മില്‍ വലിയ അന്തരമില്ലെന്നും കേരളത്തിന്റെ മദ്യനികുതിയില്‍നിന്നുള്ള വരുമാനം അവസാന സാമ്പത്തികവര്‍ഷത്തെ കണക്കുപ്രകാരം 16.76 ശതമാനമാണെന്നും വസ്തുതാപരിശോധനയില്‍ വ്യക്തമായി.

Related Stories

No stories found.
logo
South Check
southcheck.in