300 അടി താഴ്ചയില്‍ ഹമാസിന്റെ തുരങ്കം: വീഡിയോയുടെ യാഥാര്‍ത്ഥ്യമെന്ത്?

ഇരുപത് നിലകളിലായി 40,000പേർക്ക് താമസിക്കാൻ സൗകര്യമുള്ള തുരങ്കങ്ങള്‍ ഹമാസ് ഭൂമിക്കടിയില്‍ തയ്യാറാക്കുന്നതിന്റെ ദൃശ്യങ്ങളെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്.
300 അടി താഴ്ചയില്‍ ഹമാസിന്റെ തുരങ്കം: വീഡിയോയുടെ യാഥാര്‍ത്ഥ്യമെന്ത്?
Published on
2 min read

ഇസ്രയേല്‍ - ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ യുദ്ധഭൂമിയില്‍നിന്ന് നിരവധി ദൃശ്യങ്ങളും ചിത്രങ്ങളുമാണ് പുറത്തുവരുന്നത്. ഇസ്രയേലുമായോ ഗസ്സയുമായോ യാതൊരു ബന്ധവുമില്ലാത്ത ചിത്രങ്ങളും നിര്‍മിതബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ ചിത്രങ്ങളും ഇക്കൂട്ടത്തില്‍ നിരവധിയുണ്ട്. എന്നാല്‍ 300 അടി താഴ്ചയില്‍ ഹമാസ് തുരങ്കം നിര്‍മിക്കുന്നതിന്റെ ദൃശ്യങ്ങളെന്ന അടിക്കുറിപ്പോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  ഇരുപത് നിലകളിലായി 40,000പേർക്ക്  താമസിക്കാൻ സൗകര്യമുള്ള തുരങ്കമാണിതെന്നും വിവരണത്തില്‍ അവകാശപ്പെടുന്നു. 

Fact-check: 

വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ വീഡിയോക്കൊപ്പം നല്കിയ വിവരണവുമായി ബന്ധപ്പെടുത്തി നടത്തിയ കീവേഡ് പരിശോധനയില്‍ വിശ്വാസയോഗ്യമായ മാധ്യമറിപ്പോര്‍ട്ടുകളിലൊന്നും ഈ വീഡിയോ കണ്ടെത്താനായില്ല. തുടര്‍ന്ന് വീഡിയോയിലെ ചില കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയില്‍ ഇതേ ദൃശ്യങ്ങളടങ്ങുന്ന ദൈര്‍ഘ്യമേറിയ വീഡിയോ യൂട്യൂബില്‍ കണ്ടെത്തി. 

Peter Likouresis എന്ന യൂട്യൂബ് ചാനലില്‍നിന്ന് 2019 മെയ് 11 നാണ് വീഡിയോ അപ്-ലോഡ് ചെയ്തിരിക്കുന്നത്. ഇതോടെ നിലവിലെ ഇസ്രയേല്‍ -  ഹമാസ് യുദ്ധവുമായി വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായി. 

തുടര്‍ന്ന് വീഡിയോ ഏതെങ്കിലും തരത്തില്‍ ഹമാസുമായോ പലസ്തീനുമായോ ബന്ധപ്പെട്ടതാണോ എന്നറിയാന്‍ പരിശോധന തുടര്‍ന്നു. യൂട്യൂബ് വീഡിയോയ്ക്കൊപ്പം നല്കിയിരിക്കുന്ന അടിക്കുറിപ്പ് പരിശോധിച്ചതോടെ ഇത് കൂബര്‍പെഡി എന്ന സ്ഥലത്തെ ഖനനവുമായി ബന്ധപ്പെട്ട വീഡിയോ ആണന്ന സൂചന ലഭിച്ചു. ചാനലില്‍ ഇത്തരത്തില്‍ ഖനനത്തിന്റെ കൂടുതല്‍ വീഡിയോകളും കാണാം.

തുടര്‍ന്ന് കൂബര്‍പെഡി എന്ന സ്ഥലത്തെക്കുറിച്ചും ഓപല്‍ ഖനനത്തെക്കുറിച്ചും പരിശോധിച്ചു. വിലകൂടിയ ഓപല്‍ സ്റ്റോണുകള്‍ ഖനനം ചെയ്യുന്ന സ്ഥമാണ് ഓസ്ട്രേലിയയിലെ കൂബര്‍പെഡി എന്ന് അറിയാന്‍ സാധിച്ചു. ലോകത്തിന്റെ ഓപല്‍ തലസ്ഥാനം എന്നറിയപ്പെടുന്ന ഈ പ്രദേശം അഡലെയ്ഡില്‍നിന്ന് 850 കിലോമീറ്റര്‍ വടക്കാണ് സ്ഥിതിചെയ്യുന്നത്. ഇത്തരത്തില്‍ ഓപല്‍ ഖനനം ചെയ്യുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളതെന്ന് വ്യക്തമായി

‌ഓപല്‍ ഖനനവുമായും പ്രദേശത്തെ വ്യക്തികളുടെ ജീവിതവുമായും ബന്ധപ്പെട്ട് ബിബിസി ഉള്‍പ്പെടെ മാധ്യമങ്ങള്‍ ചിത്രീകരിച്ച റിപ്പോര്‍ട്ടുകളും ലഭിച്ചു. 

ഇതോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ക്ക് ഇസ്രയേല്‍ -  ഹമാസ് യുദ്ധവുമായി ബന്ധമില്ലെന്നും ഹമാസ് നിര്‍മിക്കുന്ന തുരങ്കപാതയെന്ന വിവരണം അടിസ്ഥാനരഹിതമാണെന്നും വ്യക്തമായി. 

Related Stories

No stories found.
logo
South Check
southcheck.in