ഇന്ത്യയും മാലദ്വീപും തമ്മിലെ ബന്ധത്തിന് ഈ വര്‍ഷം തുടക്കത്തിലാണ് കോട്ടംതട്ടിയത്. മാലദ്വീപിന്റെ തുടര്‍ച്ചയായ ചൈന അനുകൂല നിലപാടുകള്‍ക്കൊപ്പം ലക്ഷദ്വീപ് സന്ദര്‍ശിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനെതിരെ മോശമായി മാലദ്വീപ് മന്ത്രിമാര്‍ പ്രതികരിച്ചതോടെ ബന്ധം കൂടുതല്‍ വഷളായി. പിന്നീട് ഈ മന്ത്രിമാരെ മാറ്റിനിര്‍ത്തിയെങ്കിലും പൂര്‍ണതോതില്‍ സമവായമായില്ല. മാലദ്വീപിന്റെ വിനോദസഞ്ചാരമേഖല ഇന്ത്യക്കാര്‍ അവഗണിച്ചുതുടങ്ങിയതോടെ ഒരുഘട്ടത്തില്‍ സ്ഥിതി സങ്കീര്‍ണമായിരുന്നു. ഇതിന് പിന്നാലെയാണ് മാലദ്വീപിലെ 28 ദ്വീപുകള്‍ ഇന്ത്യയ്ക്ക് കൈമാറിയതായി പ്രചാരണം. ഇന്ത്യയുടെ വലിയ നയതന്ത്രവിജയമെന്ന രീതിയിലാണ് സമൂഹമാധ്യമങ്ങളില്‍ ഈ പ്രചാരണം.
ദ്വീപുകള്‍ ഇന്ത്യ വിലയ്ക്കു വാങ്ങിയെന്ന തരത്തിലും ചിലര്‍ പ്രചാരണം നടത്തുന്നതായി കാണാം.
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സൗത്ത് ചെക്ക് വസ്തുത പരിശോധനയില്‍ കണ്ടെത്തി.
കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഇതുസംബന്ധിച്ച നിരവധി മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭിച്ചു. 2024 ഓഗസ്റ്റ് 9 മുതല്‍ 11 വരെ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ മാലദ്വീപ് സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ടാണ് റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട് വിദേശാകാര്യ മന്ത്രാലയത്തിന്റെ പത്രക്കുറിപ്പുകള്‍ വെബ്സൈറ്റില്‍ പരിശോധിച്ചതോടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു.
മാലദ്വീപിലെ 28 ദ്വീപുകളില്‍ ലൈന്‍ ഓഫ് ക്രെഡിറ്റ് പ്രൊജക്ടിന്റെ ഭാഗമായി ഇന്ത്യയുടെ സഹായത്തോടെ നടത്തുന്ന ജല-മാലിന്യ സംസ്കരണ പദ്ധതികള്‍ വിദേശകാര്യമന്ത്രിമാര്‍ ചേര്‍ന്ന് മാലദ്വീപ് പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ ഉദ്ഘാടനം ചെയ്തതായി ഇതില്‍ കാണാം. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മാലദ്വീപിലെ നിര്‍മാണ-അടിസ്ഥാന സൗകര്യമന്ത്രാലയം എക്സില്‍ ഇതുമായി ബന്ധപ്പെട്ട് പങ്കുവെച്ച ട്വീറ്റ് ലഭിച്ചു.
പദ്ധതിയുടെ ഭാഗമായി 28 ദ്വീപുകളിലെ നിലവിലെ ജലവിതരണ-സംസ്കരണ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി ഇന്ത്യയ്ക്ക് കൈമാറിയെന്ന് ട്വീറ്റില്‍ വ്യക്തമാക്കുന്നു. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസ്സുവും ഇതുമായി ബന്ധപ്പെട്ട ട്വീറ്റ് പങ്കുവെച്ചതായി കാണാം.
അദ്ദേഹത്തിന്റെ ട്വീറ്റിലും വ്യക്തമാക്കുന്നത് ജലവിതരണ സംസ്കരണ പദ്ധതികള്‍ കൈമാറിയെന്ന് മാത്രമാണ്. അല്ലാതെ ദ്വീപുകള്‍ കൈമാറിയെന്ന പരാമര്‍ശം എവിടെയുമില്ല. ഈ ട്വീറ്റ് വിദേശാകാര്യമന്ത്രി ഡോ. എസ് ജയ്ശങ്കറും പങ്കുവെച്ചിട്ടുണ്ട്.
ഇന്ത്യയുടെ സഹായത്തോടെ മാലദ്വീപിലെ 28 ദ്വീപുകളില്‍ നടപ്പാക്കുന്ന ജലവിതരണ മാലിന്യസംസ്കരണ പദ്ധതികളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളാണ് തെറ്റായി പ്രചരിക്കുന്നതെന്ന് വ്യക്തമായി.