Fact Check: ക്രൈസ്തവ പള്ളിത്തര്‍ക്കത്തില്‍ ഓര്‍‍ത്തഡോക്സ് വിഭാഗത്തിനെതിരെ മനോരമ ന്യൂസ് വാര്‍ത്ത നല്‍കിയോ? സത്യമറിയാം

ഓര്‍ത്തഡോക്സ് - യാക്കോബായ വിഭാഗങ്ങള്‍ തമ്മിലെ പള്ളിത്തര്‍ക്കത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് തിരിച്ചടിയെന്ന തരത്തില്‍ മനോരമ ന്യൂസ് വാര്‍ത്ത നല്‍കിയെന്ന അവകാശവാദത്തോടെ ചാനലിന്റെ സ്ക്രീന്‍ഷോട്ടുകള്‍ സഹിതമാണ് പ്രചാരണം.
Fact Check: ക്രൈസ്തവ പള്ളിത്തര്‍ക്കത്തില്‍ ഓര്‍‍ത്തഡോക്സ് വിഭാഗത്തിനെതിരെ മനോരമ ന്യൂസ് വാര്‍ത്ത നല്‍കിയോ? സത്യമറിയാം
Published on
2 min read

ക്രൈസ്തവ സഭകളുടെ പള്ളി അവകാശവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെ ഓര്‍ത്തഡോക്സ് വിഭാഗത്തിന് തിരിച്ചടിയെന്ന തരത്തില്‍ മനോരമ ന്യൂസ് വാര്‍ത്ത നല്‍കിയതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. മനോരമ ന്യൂസിന്റെ നാല് സ്ക്രീന്‍ഷോട്ടുകള്‍ സഹിതമാണ് പ്രചാരണം. ഓര്‍ത്തഡോക്സ് വിഭാഗം 64 പള്ളികള്‍ പിടിച്ചെടുത്തത് കോടതിയുടെ പരിഗണനയില്‍ വരുന്നുവെന്നും കേസ് സുപ്രീംകോടതി ഡിസംബര്‍ 3ന് പരിഗണിക്കുമെന്നുമാണ് സ്ക്രീന്‍ഷോട്ടുകളില്‍ നല്‍കിയിരിക്കുന്നത്.

Fact-check: 

പ്രചാരണം അടിസ്ഥാനരഹിതമാണെന്നും സ്ക്രീന്‍ഷോട്ടുകള്‍ ‍എഡിറ്റ് ചെയ്തതാണെന്നും വസ്തുത പരിശോധനയില്‍ വ്യക്തമായി. 

പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ടുകളിലെ അക്ഷരത്തെറ്റുകള്‍, വാക്യഘടന, ഫോണ്ട് തുടങ്ങിയവ സ്ക്രീന്‍ഷോട്ടുകള്‍ എഡിറ്റ് ചെയ്തതാകാമെന്നതിന്റെ സൂചനയായി. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ സഭാ പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട് ഈയിടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ ലഭ്യമായി. 2024 നവംബര്‍ 25ന് മനോരമ ന്യൂസ് തന്നെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ കേസ് ഡിസംബര്‍ 3ന് സുപ്രീംകോടതി പരിഗണിക്കുമെന്ന് പറയുന്നുണ്ട്. എന്നാല്‍ ഇത് തര്‍ക്കത്തിലുള്ള പള്ളികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേസാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇരുസഭകളും തമ്മിലെ തര്‍ക്കത്തില്‍ കോടതി ഇടപെടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. സഭകളുടെ കീഴിലെ ആരാധനാലയങ്ങള്‍ സര്‍ക്കാറിന് ഏറ്റെടുക്കാനാവുമോ എന്നത് സംബന്ധിച്ചാണ് കോടതി പരിശോധിക്കുന്നത്. 

തുടര്‍ന്ന് യൂട്യൂബില്‍ നടത്തിയ പരിശോധനയില്‍ ഈ വിഷയത്തില്‍ മനോരമ ന്യൂസ് സംപ്രേഷണം ചെയ്ത വാര്‍ത്തയുടെ വീഡിയോയും ലഭിച്ചു. റിപ്പോര്‍ട്ടിലൊരിടത്തും പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ടുകളിലെ ഉള്ളടക്കം നല്‍കിയിട്ടില്ലെന്നും ഇതോടെ വ്യക്തമായി. 

അവസാനഘട്ട സ്ഥിരീകരണത്തിനായി മനോരമ ന്യൂസിന്റെ വെബ് വിഭാഗവുമായി ഫോണില്‍ ബന്ധപ്പെട്ടു. പ്രചാരണം അടിസ്ഥാനരഹിതമാണെന്നും മനോരമ ന്യൂസ് ഇത്തരമൊരു വാര്‍ത്ത നല്‍കിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മനോരമ ന്യൂസ് അറിയിച്ചു.

Related Stories

No stories found.
logo
South Check
southcheck.in