

എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ കെട്ടിട പെര്‍മിറ്റ് ഫീസ് വര്‍ധന യുഡിഎഫ് സര്‍ക്കാര്‍ മുന്‍കാല പ്രാബല്യത്തോടെ പിന്‍വലിച്ചുവെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. തദ്ദേശവകുപ്പ് മന്ത്രി കെ എം ഷാജിയുടെ ചിത്രസഹിതം പ്രചരിക്കുന്ന സന്ദേശത്തില്‍ 2022-2026 കാലയളവില്‍ കൂടുതല്‍ തുക അടച്ചവര്‍ക്ക് അധികതുക തിരിച്ചുനല്‍കുമെന്നും പറയുന്നു. മെയ് 26 മുതല്‍ പഞ്ചായത്തുകളില്‍ അപേക്ഷിച്ചാല്‍ തുക തിരിച്ച് നല്‍കുമെന്നാണ് സന്ദേശത്തില്‍ പറയുന്നത്.
പ്രചാരണം വ്യാജമാണെന്നും സര്‍ക്കാര്‍ ഇത്തരമൊരു ഉത്തരവും പുറത്തിറക്കിയിട്ടില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
പ്രചരിക്കുന്ന ചിത്രം സൂക്ഷ്മമായി പരിശോധിച്ചതോടെ ഇതില്‍ അറിയിപ്പിന്റെ ഏതെങ്കിലും സ്രോതസ്സോ പോസ്റ്റര്‍ തയ്യാറാക്കിയ മാധ്യമസ്ഥാപനത്തിന്റെയോ ഓണ്‍ലൈന്‍ പേജിന്റെയോ വിവരങ്ങളോ ഇല്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പരിശോധിച്ചു. ഇത്തരമൊരു പ്രഖ്യാപനമുണ്ടെങ്കില്‍ മെയ് 25, 26 തീയതികളിലെ മാധ്യമറിപ്പോര്‍ട്ടുകളില്‍ ഇതുസംബന്ധിച്ച വിശദമായ വാര്‍ത്ത കാണേണ്ടതാണെന്നിരിക്കെ ഇത്തരം ഒരു റിപ്പോര്‍ട്ടും കണ്ടെത്താനായില്ല. തുടര്‍ന്ന് കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ 2023 ല്‍ കെട്ടിടനിര്‍മാണ ഫീ ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട് മാതൃഭൂമി ഓണ്‍ലൈന്‍ നല്‍കിയ റിപ്പോര്‍ട്ട് ലഭിച്ചു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇത് വലിയ വിവാദമായിരുന്നതായി മാധ്യമവാര്‍ത്തകളില്‍നിന്ന് വ്യക്തമായി. ആദ്യഘട്ടത്തില്‍ വര്‍ധന പിന്‍വലിക്കില്ലെന്ന് അന്നത്തെ തദ്ദേശവകുപ്പ് മന്ത്രി എംബി രാജേഷ് നിലപാടെടുത്തെങ്കിലും 2024 ജൂലൈയില്‍ ഈ വര്‍ധന മുന്‍കാല പ്രാബല്യത്തോടെ പിന്‍വലിച്ചതായി കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് തദ്ദേശവകുപ്പിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്.
കൂടിയ ഫീ അടച്ചവര്‍ക്ക് അത് തിരിച്ചുനല്‍കാനുള്ള നടപടികള്‍ സംബന്ധിച്ച വിവരങ്ങളും ഉത്തരവിലുണ്ട്. ഇത് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണത്തിലിരിക്കുന്ന സമയത്തായിരുന്നു. വര്‍ധന പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് കേരള ഗവണ്മെന്റ് 2024 ജൂലൈയില്‍ ഫെയ്സ്ബുക്കില്‍ പങ്കിട്ട കുറിപ്പും കാണാം.
ഇതോടെ എല്‍ഡിഎഫ് സര്‍ക്കാര്‍ 2023 ല്‍ നടപ്പാക്കിയ വര്‍ധന 2024 ആഗസ്റ്റ് മുതല്‍ പിന്‍വലിച്ചതായും അധികതുക അടച്ചവര്‍ക്ക് അത് തിരിച്ചുനല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നതായും കണ്ടെത്തി.
തുടര്‍ന്ന് നിലവില്‍ ഇത്തരം എന്തെങ്കിലും ഉത്തരവുകള്‍ പുതുതായി ഇറക്കിയോ എന്നറിയാന്‍ തദ്ദേശവകുപ്പ് ജോയിന്റ് സെക്രട്ടറിയെ ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ പ്രതികരണം:
“പ്രചരിക്കുന്ന സന്ദേശം ശ്രദ്ധയില്‍ വന്നിരുന്നു. ഇത് 2023 ലെ വര്‍ധന 2024 ല്‍ പിന്‍വലിച്ചതിനെ തെറ്റായി ചിത്രീകരിച്ചതാണെന്ന് മനസ്സിലാക്കുന്നു. പുതുതായി കെട്ടിട നിര്‍മാണ ഫീ നിരക്കുമായി ബന്ധപ്പെട്ട ഉത്തരവുകളൊന്നും ഇറങ്ങിയിട്ടില്ല. പ്രത്യേകിച്ച് ഇന്നു മുതല്‍ തുക തിരികെ നല്‍കുന്നുവെന്ന തരത്തില്‍ പറയുമ്പോള്‍ അതിന് വ്യക്തമായ ഓര്‍ഡര്‍ വേണം. മാത്രവുമല്ല, മുന്‍ സാമ്പത്തികവര്‍ഷങ്ങളിലെ കണക്കുകള്‍ അപ്പപ്പോള്‍ ക്ലോസ് ചെയ്യുന്നതിനാല്‍ ഇത്തരമൊരു നീക്കം എളുപ്പമല്ല. പുതിയ സര്‍ക്കാര്‍ ഭാവിയില്‍ ഇത്തരം ഇളവുകള്‍ നല്‍കുമോയെന്ന് ഇപ്പോള്‍ പറയാനാവില്ല. ഏതായാലും നിലവിലെ സാഹചര്യത്തില്‍ പ്രചാരണം അടിസ്ഥാനരഹിതമാണ്.”
ഇതോടെ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് വ്യക്തമായി.