Fact Check: തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മുസ്ലിം ലീഗ് പ്രഖ്യാപിച്ചോ?

ലോക്സഭയില്‍ മൂന്നാം സീറ്റെന്ന മുസ്ലിം ലീഗിന്റെ ആവശ്യവുമായി ബന്ധപ്പെട്ട് UDF നേതാക്കളുടെ പ്രതികരണങ്ങള്‍ മാധ്യമങ്ങളില്‍ സജീവമായതിന് പിന്നാലെയാണ് മുസ്ലിം ലീഗ് ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചതായും കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞതായും സമൂഹമാധ്യമങ്ങളില്‍ പ്രചാരണം.
Fact Check: തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മുസ്ലിം ലീഗ് പ്രഖ്യാപിച്ചോ?
Published on
2 min read

ലോക്സഭയില്‍ മൂന്നാം സീറ്റെന്നത് ഏതാനും വര്‍ഷങ്ങളായി മുസ്ലിം ലീഗിന്റെ ആവശ്യമാണ്. ഇത്തവണ പക്ഷേ നിലപാട് കടുപ്പിച്ചതോടെ അത് വീണ്ടും വാര്‍ത്തയായിരിക്കുകയാണ്. വിഷയത്തില്‍ മുന്നണിയിലും ഗൗരവമായ ചര്‍ച്ച നടക്കുന്നുണ്ട്. ഇക്കാര്യത്തില്‍ പിന്നോട്ടില്ലെന്നും മൂന്നാം സീറ്റ് മുസ്ലിം ലീഗിന്റെ അവകാശമാണെന്നും നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മുസ്ലിം ലീഗ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതായും കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞതായും സമൂഹമാധ്യമങ്ങളില്‍ പ്രചാരണം

മീഡിയവണ്‍ ടിവിയുടെ രണ്ട് സ്ക്രീന്‍ഷോട്ടുകള്‍ ചേര്‍ത്തുണ്ടാക്കിയ ചിത്രമാണ് പ്രചരിക്കുന്നത്. ലീഗിന് സ്വാധീനമുള്ള ആറ് മണ്ഡലങ്ങളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതായും ലീഗിനെ ഉപയോഗിച്ച് കോണ്‍ഗ്രസ് വോട്ടു നേടിയത് മതിയെന്നും സാദിഖലി തങ്ങള്‍ പറഞ്ഞതായുമാണ് സ്ക്രീനില്‍ കാണുന്ന വാര്‍ത്ത. 

Fact-check: 

മീഡിയവണ്‍ ടിവിയുടെ ഗ്രാഫിക്സ് സ്ക്രീനിന് സമാനമായാണ് പ്രചരിക്കുന്ന പോസ്റ്റിലെ ചിത്രങ്ങള്‍. സാദിഖലി തങ്ങളുടെയും പി കെ കുഞ്ഞാലിക്കുട്ടിയുടെയും ചിത്രവും സക്രീനിലുണ്ട്. അതേസമയം ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഫോണ്ടും വാക്യഘടനയും ഇത് എഡിറ്റ് ചെയ്ത് ചേര്‍ത്തതാകാമെന്ന സൂചന നല്‍കി. കൂടാതെ, രണ്ട് സ്ക്രീന്‍ഷോട്ടുകളിലായി വാക്യങ്ങള്‍ മാറുമ്പോഴും ഉപയോഗിച്ച ചിത്രമോ ഗ്രാഫിക്സോ മാറ്റമില്ലാതെ തുടരുന്നതും അസ്വാഭാവികമായി തോന്നി. 

ആദ്യഘട്ടത്തില്‍ ഇതിന്റെ യഥാര്‍ത്ഥ വീഡിയോ കണ്ടെത്താനാണ് ശ്രമിച്ചത്. പ്രചരിക്കുന്ന ചിത്രത്തിലെ സ്ക്രീന്‍ഷോട്ടില്‍ ഫ്ലാഷ്-സക്രോള്‍ വാര്‍ത്തകളില്ലാത്തതിനാല്‍ സംപ്രേഷണം ചെയ്തതിന് ശേഷം ഓണ്‍ലൈനില്‍ പങ്കുവെച്ചതാകാമെന്ന സൂചന ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ യൂട്യൂബില്‍ നടത്തിയ പരിശോധനയില്‍ യഥാര്‍ത്ഥ വീഡിയോ കണ്ടെത്തി. 

2024 ഫെബ്രുവരി 22 ന് ഉച്ചകഴിഞ്ഞ് ഈവനിങ് എഡിഷന്‍ എന്ന വാര്‍ത്താ ബുള്ളറ്റിനില്‍ തത്സമയം സംപ്രേഷണം ചെയ്ത വീഡിയോ ആണ് പിന്നീട് യൂട്യൂബില്‍  പങ്കുവെച്ചിരിക്കുന്നത്.  വീഡിയോയുടെ 15-ാം സെക്കന്റില്‍  പ്രചരിക്കുന്ന ചിത്രത്തിലെ അതേ നിമിഷം കാണാം. ഇതിനൊപ്പം നല്‍കിയിരിക്കുന്ന വാര്‍ത്ത “ലീഗിന് മൂന്ന് സീറ്റ് നല്‍കാനാവില്ലെന്ന് കോണ്‍ഗ്രസ്” എന്നാണ്. തുടര്‍ന്ന് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്ന മീഡിയവണ്‍ മലപ്പുറം റിപ്പോര്‍ട്ടര്‍, ലീഗ് രാജ്യസഭാ സീറ്റ് ആവശ്യപ്പെടുമെന്നും അതിലും അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കുന്നതിനെക്കുറിച്ച് ആലോചിച്ചേക്കുമെന്ന് സൂചനയുള്ളതായും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ഇത്തരമൊരു പ്രഖ്യാപനത്തെക്കുറിച്ചോ സാദിഖലി തങ്ങള്‍ നടത്തിയതായി ആരോപിക്കുന്ന പ്രസ്താവനയെക്കുറിച്ചോ വാര്‍ത്തയിലെവിടെയും തുടര്‍ന്ന് പരാമര്‍ശിക്കുന്നില്ല. 

മീഡിയവണ്‍ റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ഫെബ്രുവരി 25 ന് ചേരുന്ന യുഡിഎഫ് ഉന്നതതല യോഗത്തിന് ശേഷമേ സീറ്റ് സംബന്ധിച്ച് തീരുമാനമുണ്ടാകൂ. അധിക രാജ്യസഭാ സീറ്റ് നല്‍കുമെന്നാണ് ലീഗ് പ്രതീക്ഷിക്കുന്നത്. ഇതും സാധ്യമായില്ലെങ്കില്‍ തുടര്‍നടപടി യോഗം ചേര്‍ന്ന് തീരുമാനിക്കും. നിലവില്‍ ഒറ്റയ്ക്ക് മത്സരിക്കുന്നത് സംബന്ധിച്ച് ലീഗിനകത്ത് ആഭ്യന്തര ചര്‍ച്ചകളുണ്ടെങ്കിലും ഇതുസംബന്ധിച്ച് യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്നും പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. കൂടാതെ സാദിഖലി തങ്ങള്‍ കോണ്‍ഗ്രസിനെതിരെ നടത്തിയതായി ആരോപിക്കുന്ന പ്രസ്താവനയും വസ്തുതാവിരുദ്ധമാണ്. 

മീഡിയവണ്‍ റിപ്പോര്‍ട്ടിനെ സാധൂകരിക്കുന്ന വാര്‍ത്തകള്‍ മറ്റ് മാധ്യമങ്ങളും പ്രസദ്ധീകരിച്ചതായി കണ്ടെത്തി. മൂന്നാം സീറ്റെന്ന ആവശ്യത്തില്‍ ലീഗ് ഉറച്ചുനില്‍ക്കുന്നതായും നിലപാടില്‍ മാറ്റമില്ലെന്നും പി കെ കുഞ്ഞാലിക്കു‍ട്ടി വ്യക്തമാക്കിയതായി ഫെബ്രുവരി 22ന് തന്നെ മാതൃഭൂമി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചതായും കാണാം. 

വിഷയത്തില്‍ UDF വൈകാതെ ചര്‍ച്ചനടത്തി തീരുമാനം കൈക്കൊള്ളുമെന്ന് മനോരമയും റിപ്പോര്‍ട്ട് ചെയ്തതായി കാണാം. ഇതോടെ പ്രചരിക്കുന്ന വാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും മുസ്ലിം ലീഗ് ഇത്തരത്തിലൊരു തീരുമാനമെടുക്കുകയോ പ്രഖ്യാപനം നടത്തുകയോ ചെ‌യ്തിട്ടില്ലെന്ന് വ്യക്തമായി.

Update:

വ്യാജ സ്ക്രീന്‍ഷോട്ട് പ്രചരിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് മീഡിയവണ്‍ തന്നെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ ഇത് വ്യാജമാണെന്ന് സ്ഥിരീകരിച്ചു. ചാനലിന്റെ പേരില്‍ വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മീഡിയവണ്‍ വ്യക്തമാക്കുന്നു.

Related Stories

No stories found.
logo
South Check
southcheck.in