Fact Check: മുസ്ലിം ലീഗിന്റെ വയനാട് ദുരിതാശ്വാസ ധനസമാഹരണം ചന്ദ്രിക ജീവനക്കാര്‍ക്കോ?

മുസ്ലിം ലീഗ് വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ആരംഭിച്ച ധനസമാഹരണത്തിലൂടെ ലഭിക്കുന്ന തുകയില്‍ 15 കോടി രൂപ ചന്ദ്രിക ജീവനക്കാരുടെ ശമ്പള കുടിശ്ശിക തീര്‍ക്കാന്‍ ഉപയോഗിക്കുമെന്ന തരത്തിലാണ് ചന്ദ്രികയുടെ ലോഗോയും സാദിഖലി ശിഹാബ് തങ്ങളുടെ ചിത്രവും സഹിതം സമൂഹമാധ്യമങ്ങളില്‍ പ്രചാരണം.
Fact Check: മുസ്ലിം ലീഗിന്റെ വയനാട് ദുരിതാശ്വാസ ധനസമാഹരണം ചന്ദ്രിക ജീവനക്കാര്‍ക്കോ?
Published on
2 min read

വയനാട് ദുരന്തത്തില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ രാഷ്ട്രീയ-സന്നദ്ധ സംഘടനകളെല്ലാം ധനസമാഹരണം നടത്തുന്നുണ്ട്. ഇക്കൂട്ടത്തില്‍ ഏറെ ശ്രദ്ധേയമായതാണ് മുസ്ലിം ലീഗിന്റെ ധനസമാഹരണം. പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കി തീര്‍ത്തും സുതാര്യമായ രീതിയില്‍ നടത്തുന്ന ധനസമാഹരണം 2024 ഓഗസ്റ്റ് 21 നകം 27 കോടി രൂപ പിന്നിട്ടു കഴിഞ്ഞു. ഇതിനിടെയാണ് സമാഹരിക്കുന്ന തുകയില്‍ 15 കോടി രൂപ ചന്ദ്രിക ജീവനക്കാരുടെ ശമ്പള കുടിശ്ശികയിനത്തില്‍ മുസ്ലിം ലീഗ് ചെലവഴിക്കുന്നുവെന്ന തരത്തില്‍ പ്രചാരണം.  മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ചിത്രവും ചന്ദ്രിക ദിനപത്രത്തിന്റെ ലോഗോയും ഉപയോഗിച്ചാണ് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം.

Fact-check: 

പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സൗത്ത് ചെക്ക് അന്വേഷണത്തില്‍ വ്യക്തമായി. 

പ്രചരിക്കുന്ന ചിത്രത്തില്‍ ചന്ദ്രികയുടെ ലോഗോ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ചന്ദ്രിക പങ്കുവെച്ച ചിത്രമല്ലെന്ന് ഒറ്റനോട്ടത്തില്‍ വ്യക്തമാണ്. ഒന്നിലധികം അക്ഷരത്തെറ്റുകള്‍ കാര്‍ഡില്‍ കാണാം. കൂടാതെ  ചന്ദ്രിക പൊതുവെ വാര്‍ത്താ കാര്‍ഡുകളില്‍ ഉപയോഗിക്കുന്ന ഫോണ്ടോ ലോഗോയോ ഘടനയോ അല്ല ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. 

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ചന്ദ്രിക ഓണ്‍ലൈനില്‍ വ്യാജപ്രചാരണവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയതിനെക്കുറിച്ച് വാര്‍ത്ത നല്‍കിയതായി കണ്ടെത്തി. 2024 ഓഗസ്റ്റ് 19ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയതിന്റെ റസിപ്റ്റിന്റെ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ചന്ദ്രിക ദിനപത്രത്തിന്റെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നജീബ് ആലുക്കലാണ് പരാതി നല്കിയിരിക്കുന്നത്. ഇതുസംബന്ധിച്ച് വിശദമായ വാര്‍ത്ത ചന്ദ്രിക ദിനപത്രവും പ്രസിദ്ധീകരിച്ചതായി കണ്ടെത്തി.

തുടര്‍ന്ന് ചന്ദ്രികയുടെ ഓഫീസുമായി ഫോണില്‍ ബന്ധപ്പെട്ടു. അവരുടെ പ്രതികരണം: 

വയനാട് പുനരധിവാസത്തിനുള്ള ധനസമാഹരണം നടത്തുന്നത് മുസ്ലിം ലീഗാണ്, ചന്ദ്രികയല്ല. അതിന് ചന്ദ്രിക ദിനപത്രവുമായി നേരിട്ട് യാതൊരു ബന്ധവുമില്ല. സമാഹരിക്കുന്ന തുക പൂര്‍ണമായും വയനാട്ടിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുമെന്ന് നേരത്തെ തന്നെ മുസ്ലിം ലീഗ് വ്യക്തമാക്കിയതാണ്.  ലീഗ് വളരെ സുതാര്യമായാണ് പ്രത്യേക മൊബൈല്‍ അപ്ലിക്കേഷന്‍ വഴി ധനസമാഹരണം നടത്തുന്നത്. ഇതില്‍ രാഷ്ട്രീയപ്രേരിതമായി ലീഗിനെയും ചന്ദ്രികയെയുമെല്ലാം ലക്ഷ്യമിട്ടുള്ള വ്യാജ പ്രചാരണം മാത്രമാണ് നടക്കുന്നത്.


For Wayanad എന്ന മൊബൈല്‍ അപ്ലിക്കേഷന്‍ വഴി തീര്‍ത്തും സുതാര്യമായാണ് മുസ്ലിം ലീഗ് ധനസമാഹരണം നടത്തുന്നത്. ഈ സുതാര്യതയെ പ്രകീര്‍ത്തിച്ച് ജോയ് മാത്യു അടക്കം പ്രമുഖര്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് തുടര്‍ന്ന് പരിശോധിച്ചത്. 100 വീടുകള്‍ ഉള്‍പ്പെടെ സമഗ്രമായ പുനരധിവാസ പാക്കേജ് ആപ്പ് പുറത്തിറക്കിയ സമയത്ത് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഇതുസംബന്ധിച്ച മാധ്യമവാര്‍ത്തകളും ലഭ്യമാണ്. 

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തുക വിനിയോഗിക്കുന്നത് സംബന്ധിച്ച് മുസ്ലിം ലീഗ് ഏറ്റവുമൊടുവില്‍ നടത്തിയ പ്രഖ്യാപനം ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ചതായി കണ്ടെത്തി. അടിയന്തര സഹായമായി 691 കുടുംബങ്ങൾക്ക് 15,000 രൂപ വീതവും  40 വ്യാപാരികൾക്ക് അര ലക്ഷം രൂപ വീതവും വിതരണം ചെയ്യുമെന്നാണ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 23 വെള്ളിയാഴ്ച മുതൽ സഹായ വിതരണം ആരംഭിക്കുമെന്നും  ചെലവഴിക്കുന്ന തുക മൊബൈല്‍ ആപ്പിൽ പ്രദർശിപ്പിക്കുമെന്നും അവര്‍ വ്യക്തമാക്കുന്നു.

ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി. 

Related Stories

No stories found.
logo
South Check
southcheck.in