ലോക്സഭ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന രാഹുല്‍ ഗാന്ധി വന്‍ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എന്നാല്‍ റായ്ബറേലി മണ്ഡലത്തിലും വിജയിച്ചതോടെ വയനാട് മണ്ഡലത്തില്‍ രാജിവെയ്ക്കാന്‍ തീരുമാനിച്ചു. ഈ പശ്ചാത്തലത്തില്‍ വയനാട്ടില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ സഹോദരിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് പ്രിയങ്കയ്ക്കെതിരെ LDF സ്ഥാനാര്‍ത്ഥിയായി കെ കെ ശൈലജയെ മത്സരിപ്പിക്കുമന്ന് CPIM സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞതായി പ്രചാരണം. നിലവില്‍ CPI മത്സരിക്കുന്ന വയനാട് ലോക്സഭ സീറ്റ് CPIM ഏറ്റെടുക്കുമെന്നും കെ കെ ശൈലജ സ്ഥാനാര്‍ത്ഥിയാകുമെന്നും അദ്ദേഹം പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്താ കാര്‍ഡിന്റെ രൂപത്തിലാണ് പ്രചാരണം.
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും വാര്‍ത്താ കാര്‍ഡ് എഡിറ്റ് ചെയ്തതാണെന്നും സൗത്ത് ചെക്ക് അന്വേഷണത്തില്‍ വ്യക്തമായി.
പ്രചരിക്കുന്ന വാര്‍ത്താ കാര്‍ഡിലെ തിയതിയും പ്രധാന വാചകവും എഴുതിയിരിക്കുന്ന ഫോണ്ട് ഏഷ്യാനെറ്റ് ന്യൂസിന്റെ പൊതുവില്‍ ഉപയോഗിക്കുന്ന ഫോണ്ടില്‍നിന്ന് വ്യത്യസ്തമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സമാന ഡിസൈനില്‍ ഏഷ്യാനെറ്റ് ന്യൂസ് നേരത്തെ പങ്കുവെച്ച മറ്റൊരു വാര്‍ത്താ കാര്‍ഡ് കണ്ടെത്തി.
2024 ജൂണ്‍ 5-ന് പങ്കുവെച്ച വാര്‍ത്താ കാര്‍ഡ് തിരഞ്ഞെടുപ്പിലെ CPIM ന്റെ തോല്‍വി സംബന്ധിച്ച് എംവി ഗോവിന്ദന്‍ നടത്തിയ പ്രതികരണവുമായി ബന്ധപ്പെട്ടാണ്.
ഈ കാര്‍ഡിലെ പ്രധാന വാചകങ്ങളും തിയതിയും എഡിറ്റ് ചെയ്ത് മാറ്റിയാണ് പ്രചാണമെന്ന് ഇതോടെ വ്യക്തമായി.
ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഒരു സീറ്റിലൊതുങ്ങിയ ഇടതുപക്ഷത്തിന്റെ തോല്‍വിയുടെ കാരണം ഇഴകീറി പരിശോധിക്കുമെന്നും ആവശ്യമായ തിരുത്തലുകള്‍ വരുത്തുമെന്നും അത് സമയത്ത് എല്ലാവരെയും അറിയിക്കുമെന്നുമാണ് അദ്ദേഹം ജൂണ്‍ അഞ്ചിന് തിരുവനന്തപുരത്ത് പ്രതികരിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബ് ചാനലിലും ലഭ്യമാണ്.
മനോരമ ന്യൂസ് ഉള്‍പ്പെടെ മറ്റ് മാധ്യമങ്ങളും എംവി ഗോവിന്ദന്റെ പ്രതികരണം സംബന്ധിച്ച് വാര്‍ത്ത നല്‍കിയിട്ടുണ്ട്.
അതേസമയം വയനാട്ടിലെ ഉപതിരഞ്ഞെടുപ്പില്‍ ആരെയാണ് മത്സരിപ്പിക്കുന്നതെന്നത് സംബന്ധിച്ച് LDF ഇതുവരെ തീരുമാനമെടുത്തതായി റിപ്പോര്‍ട്ടുകളൊന്നും കണ്ടെത്തിയില്ല. എന്നാല്‍ പ്രിയങ്ക ഗാന്ധിയ്ക്കെതിരെ CPI മത്സരിക്കുമെന്ന് ബിനോയ് വിശ്വം വ്യക്തമാക്കിയിരുന്നു.
ഇതോടെ സീറ്റ് CPIM ഏറ്റെടുക്കുമെന്നും കെ കെ ശൈലജ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകുമെന്നുമുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി.