Fact Check: വി അബ്ദുറഹ്മാന്‍ താനൂര്‍ വിടുന്നുവെന്ന് വാര്‍ത്താകാര്‍‍ഡ്? ചിത്രത്തിന്റെ സത്യമറിയാം

താനൂര്‍ എംഎല്‍എ-യും നിലവില്‍ കായികമന്ത്രിയുമായ വി അബ്ദുറഹ്മാന്‍ താനൂര്‍ വിടുന്നുവെന്നും തിരഞ്ഞെടുപ്പില്‍നിന്ന് പിന്മാറുന്നുവെന്നും സൂചിപ്പിക്കുന്ന വാര്‍ത്താകാര്‍ഡാണ് റിപ്പോര്‍ട്ടര്‍ ടിവിയുടേതെന്ന തരത്തില്‍ പ്രചരിക്കുന്നത്.
Fact Check:  വി അബ്ദുറഹ്മാന്‍ താനൂര്‍ വിടുന്നുവെന്ന് വാര്‍ത്താകാര്‍‍ഡ്?  ചിത്രത്തിന്റെ സത്യമറിയാം
Published on
2 min read

താനൂര്‍ തിരിച്ചുപിടിക്കാന്‍ കെല്പില്ലാത്തതിനാല്‍ വി അബ്ദുറഹ്മാന്‍ തിരഞ്ഞടുപ്പില്‍നിന്ന് പിന്മാറാന്‍ പോകുന്നുവെന്ന തരത്തില്‍ വാര്‍ത്താകാര്‍ഡിന്റെ രൂപത്തില്‍ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. റിപ്പോര്‍ട്ടര്‍ ടിവിയുടേതിന് സമാനമായ രൂപകല്പനയില്‍ തയ്യാറാക്കിയ കാര്‍ഡില്‍ വി അബ്ദുറഹ്മാന്‍ സിപിഎം വിടുന്നുവെന്ന സൂചനയും തിരൂര്‍ സീറ്റ് നല്‍കാത്തതിനെത്തുടര്‍ന്നാണ് പാര്‍ട്ടിയുമായി ഇടഞ്ഞതെന്നും നല്‍കിയിട്ടുണ്ട്

Fact-check: 

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും റിപ്പോര്‍ട്ടര്‍ ടിവി ഇത്തരമൊരു വാര്‍ത്താകാര്‍ഡ് പുറത്തിറക്കിയിട്ടില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. 

പ്രചരിക്കുന്ന കാര്‍ഡില്‍ റിപ്പോര്‍ട്ടര്‍ ടിവിയുടെ ലോഗോ മാറ്റം വരുത്തിയതായും REPORTER എന്നതിന് പകരം RERORTER എന്നാക്കിയതായും കാണാം. താഴെ നല്‍കിയിരിക്കുന്ന വെബ്സൈറ്റ് ലിങ്കിലടക്കം ഈ മാറ്റം പ്രകടമാണ്. കൂടാതെ റിപ്പോര്‍ട്ടര്‍ ടിവിയുടെ ശൈലിയില്‍നിന്നും രൂപകല്പനയില്‍നിന്നും ചില വ്യത്യാസങ്ങളും കാണാം. 

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രചരിക്കുന്ന കാര്‍ഡിനറെ പശ്ചാത്തലത്തില്‍ ഉപയോഗിച്ചിരിക്കുന്നത് റിപ്പോര്‍ട്ടര്‍ ചാനല്‍ നല്‍കിയ കാര്‍ഡാണെന്ന് കണ്ടെത്തി. താനൂരില്‍ മത്സരിക്കാന്‍ വി അബ്ദുറഹ്മാന് താല്പര്യമില്ലെന്നും തിരൂരില്‍ അദ്ദേഹത്തെ പരിഗണിക്കാന്‍ നീക്കം നടത്തുന്നുവെന്നുമാണ് മാര്‍ച്ച് 18 ന് പങ്കിട്ട കാര്‍ഡാണിത്. ഇതില്‍പക്ഷേ പ്രചരിക്കുന്ന കാര്‍ഡിലെ വാക്യങ്ങളൊന്നുമില്ലെന്ന് വ്യക്തമാണ്. 

ഇതോടെ പ്രചരിക്കുന്ന കാര്‍ഡ് വ്യാജമാണെന്ന സൂചന ലഭിച്ചു. തുടര്‍ന്ന് ഇത് സ്ഥിരീകരിക്കുന്നതിനായി റിപ്പോര്‍ട്ടര്‍ ടിവിയുടെ വെബ് ഡെസ്കുമായി ബന്ധപ്പെട്ടു. പ്രചരിക്കുന്ന കാര്‍ഡ് വ്യാജമാണെന്നും  ഇത്തരമൊരു കാര്‍ഡ് റിപ്പോര്‍ട്ടര്‍ ടിവി പ്രസിദ്ധീകരിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. 

കൂടാതെ പ്രചരിക്കുന്ന കാര്‍ഡ് വ്യാജമാണെന്ന് കാണിച്ച് റിപ്പോര്‍ട്ടര്‍ ടിവിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ പങ്കിട്ട മറ്റൊരു കാര്‍ഡും ലഭിച്ചു. 

ഇതോടെ പ്രചാരണം വ്യാജമാണെന്ന് വ്യക്തമായി. 

logo
South Check
southcheck.in