Fact Check: കണ്ണൂരില്‍ ശര്‍ക്കര നിരോധിച്ചോ? പത്രവാര്‍ത്തയുടെ സത്യമറിയാം‌

മായം കലര്‍ത്തിയതായി കണ്ടെത്തിയതിന് പിന്നാലെ കണ്ണൂര്‍ ജില്ലയില്‍ ശര്‍ക്കര അഥവാ വെല്ലം വില്‍പനയ്ക്ക് നിരോധനമേര്‍പ്പെടുത്തിയതായി ഒരു പത്രവാര്‍ത്ത സഹിതമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം.
Fact Check: കണ്ണൂരില്‍ ശര്‍ക്കര നിരോധിച്ചോ? പത്രവാര്‍ത്തയുടെ സത്യമറിയാം‌
Published on
2 min read

കണ്ണൂര്‍ ജില്ലയില്‍ ശര്‍ക്കരയ്ക്ക് നിരോധനമേര്‍പ്പെടുത്തിയതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം.  മായം കലര്‍ത്തിയതായി കണ്ടെത്തിയതിന് പിന്നാലെ ഭക്ഷ്യവകുപ്പ് ജില്ലയില്‍ ശര്‍ക്കരയുടെ വില്പനയ്ക്ക് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയതായാണ് പ്രചാരണം. ഇത്തരത്തില്‍  ഒരു പത്രവാര്‍‍ത്തയുടെ ചിത്രസഹിതമാണ് സമൂഹമാധ്യമങ്ങളില്‍ സന്ദേശം പ്രചരിക്കുന്നത്

Fact-check: 

പ്രചാരണം വസ്തുതവിരുദ്ധമാണെന്നും പ്രചരിക്കുന്നത് ആറുവര്‍ഷത്തിലേറെ പഴയ വാര്‍ത്തയാണെന്നും അന്വേഷണത്തില്‍ വ്യക്തമായി. 

കണ്ണൂരില്‍‌ ഇത്തരമൊരു നടപടിയുണ്ടോ എന്ന് ആദ്യം പരിശോധിച്ചത് കണ്ണൂരിലെ പ്രാദേശിക മാധ്യമപ്രര്‍ത്തകരോടാണ്. ഈയിടെ  നിയന്ത്രണങ്ങളൊന്നും വന്നിട്ടില്ലെന്നും വര്‍ഷങ്ങള്‍ക്കുമുന്‍പ്  ഇത്തരമൊരു നടപടിയുണ്ടായിരുന്നുവെന്നും മാധ്യമപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഈ സൂചന ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ 2019-ലെ ചില മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭിച്ചു. 

മാതൃഭൂമി ഓണ്‍ലൈന്‍ 2019 ജനുവരി 13 ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടനുസരിച്ച് തമിഴ്നാട്ടില്‍നിന്നും കര്‍ണാടകയില്‍നിന്നും കൊണ്ടുവരുന്ന ശര്‍ക്കരയില്‍ മായം കലര്‍ത്തിയതായി കണ്ടെത്തിയതിന് പിന്നാലെയാണ് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയത്.

കീവേഡുകളുപയോഗിച്ച് നടത്തിയ പരിശോധനയില്‍ വണ്‍ഇന്ത്യ മലയാളവും മറ്റ് നിരവധി പ്രാദേശിക മാധ്യമങ്ങളും ഇതുസംബന്ധിച്ച് 2019ല്‍ വാര്‍ത്ത നല്‍കിയതായി കണ്ടെത്തി. 

ഇതോടെ 2019-ലെ സംഭവവുമായി ബന്ധപ്പെട്ട പത്രവാര്‍ത്തയാണ് പ്രചരിക്കുന്നതെന്ന് വ്യക്തമായി. ഔദ്യോഗിക സ്ഥിരീകരണത്തിനായി കണ്ണൂര്‍ ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസര്‍ സുജയനുമായി ഫോണില്‍ സംസാരിച്ചു. അദ്ദേഹത്തിന്റെ പ്രതികരണം: 

പ്രചരിക്കുന്നത് 2019ലെ വാര്‍ത്തയാണ്. അന്ന് മായം കണ്ടെത്തിയതിനെ തുടര്‍ന്ന് കുറച്ചു കാലത്തേക്ക് ശര്‍ക്കരയുടെ വില്പന നിയന്ത്രിച്ചിരുന്നു. അന്നത്തെ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥനായിരുന്ന ജനാര്‍ദ്ദനന്‍ നിലവില്‍ സര്‍വീസിലില്ല. 2020ന് ശേഷമാണ് അദ്ദേഹം വിരമിച്ചത്. നിലവില്‍ ഇത്തരമൊരു നിയന്ത്രണവും കണ്ണൂരിലില്ല.

ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി. 

Related Stories

No stories found.
logo
South Check
southcheck.in