NSS നല്‍കിയ സ്ത്രീധനവിരുദ്ധ ലഘുലേഖയിലെ മതപരാമര്‍ശം: സംഭവിച്ചതെന്തെന്നറിയാം

കിളിമാനൂര്‍ രാജാരവിവര്‍മ ബോയ്സ് വൊക്കേഷണല്‍‌ ഹയര്‍സെക്കന്ററി സ്കൂളിലെ NSS യൂണിറ്റിന്റെ പേരിലുള്ള സ്ത്രീധന വിരുദ്ധ ബോധവല്‍ക്കരണ ലഘുലേഖയില്‍ ഇസ്ലാം മതവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളുണ്ടെന്ന ആരോപണത്തോടെയാണ് ലഘുലേഖയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
NSS നല്‍കിയ സ്ത്രീധനവിരുദ്ധ ലഘുലേഖയിലെ മതപരാമര്‍ശം: സംഭവിച്ചതെന്തെന്നറിയാം

നാഷണല്‍ സര്‍വീസ് സ്കീമിന്റെ സ്ത്രീധന വിരുദ്ധ ലഘുലേഖയില്‍ ഇസ്ലാം മതവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയതായി സമൂഹമാധ്യമങ്ങളില്‍‌ പ്രചരണം. തിരുവനന്തപുരം കിളിമാനൂര്‍ രാജാരവിവര്‍മ ബോയ്സ് വൊക്കേഷണല്‍‌ ഹയര്‍സെക്കന്ററി സ്കൂളിലെ NSS യൂണിറ്റിന്റെ പേരിലുള്ള ലഘുലേഖയാണ് പ്രചരിക്കുന്നത്.

താങ്കളൊരു പിതാവാണെങ്കില്‍ പെണ്‍കുട്ടികളെ മതബോധമുള്ളവര്‍ക്ക് വിവാഹം ചെയ്തുനല്‍കുക, അവിവാഹിതയായ പെണ്‍കുട്ടിയാണെങ്കില്‍ ‍മതനിഷ്ഠയുള്ള യുവാവിനെ വിവാഹം കഴിക്കുക, അവിവാഹിതനായ യുവാവാണെങ്കില്‍ സ്ത്രീധനം വാങ്ങാതെ ഇസ്ലാമികമായി ജീവിക്കുക തുടങ്ങിയ ഉള്ളടക്കങ്ങള്‍ ലഘുലേഖയില്‍ കാണാം.

Fact-check: 

ലഘുലേഖ സൂക്ഷ്മമായി പരിശോധിച്ചതോടെ Facebook.com/MashuChoori എന്ന വാട്ടര്‍മാര്‍ക്ക് ശ്രദ്ധയില്‍പെട്ടു. ഈ പേജ് പരിശോധിച്ചതോടെ 2012 മാര്‍ച്ച് 30ന് പങ്കുവെച്ച ഈ ചിത്രം കണ്ടെത്തി. ഇസ്ലാം മതാചാരവുമായി ബന്ധപ്പെട്ട നിരവധി മറ്റ് പോസ്റ്ററുകളും ഈ പേജില്‍ കാണാം. 

ഇതോടെ ഈ പോസ്റ്റിലെ ചിത്രമാണ് സ്കൂളിലെ NSS ലെറ്റര്‍ഹെഡിനൊപ്പം ഉപയോഗിച്ചിരിക്കുന്നതെന്ന് വ്യക്തമായി. സ്കൂളിന്റെ ലെറ്റര്‍പാഡില്‍ ഇത്തരമൊരു ഉള്ളടക്കം എഡിറ്റ് ചെയ്ത് ചേര്‍ത്തതാകാനുള്ള സാധ്യതയാണ് ആദ്യം പരിശോധിച്ചത്. ഇക്കാര്യത്തില്‍ സ്ഥിരീകരണത്തിനായി സ്കൂള്‍ പ്രിന്‍സിപ്പലുമായി ബന്ധപ്പെട്ടതോടെയാണ് വസ്തുത മനസ്സിലായത്. 

പ്രചരിക്കുന്ന ചിത്രം മറ്റാരും എഡിറ്റ് ചെയ്ത് ചേര്‍ത്തതല്ലെന്നും NSS കോര്‍ഡിനേറ്റര്‍ക്ക് സംഭവിച്ച അബദ്ധമാണെന്നും കിളിമാനൂര്‍ രാജാരവിവര്‍മ ബോയ്സ് വൊക്കേഷണല്‍‌ ഹയര്‍സെക്കന്ററി സ്കൂള്‍  പ്രിന്‍സിപ്പാള്‍ പി. നിസാം ഞങ്ങളോട് വെളിപ്പെടുത്തി. പ്രിന്‍സിപ്പാളിന്റെ പ്രതികരണം.

NSS സപ്തദിന സഹവാസ ക്യാമ്പിനിടെ നടത്തിയ സ്ത്രീധന വിരുദ്ധ പ്രചാരണത്തിനിടെ സ്കൂളിലെ NSS പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എ വി അനൂപ്കുമാറിന്  സംഭവിച്ച വീഴ്ചയാണത്. അദ്ദേഹം ഇന്റര്‍നെറ്റില്‍നിന്ന് ലഭ്യമായ ഉള്ളടക്കം ഉപയോഗിച്ചാണ് പോസ്റ്റര്‍ തയ്യാറാക്കിയത്. ഇതില്‍ ഉള്ളടക്കം സൂക്ഷ്മമായി പരിശോധിക്കുന്നതില്‍ അദ്ദേഹത്തിന് വീഴ്ചപറ്റി. പ്രിന്റ് ചെയ്ത ലഘുലേഖ 2023 ഡിസംബര്‍ 27ന് നാല്‍പ്പതോളം വീടുകളില്‍ വിതരണം ചെയ്തതിന് ശേഷമാണ് വീഴ്ച തിരിച്ചറിഞ്ഞത്. പിറ്റേദിവസം തന്നെ ഈ  വീടുകളിലെല്ലാം അധ്യാപകര്‍ ഉള്‍പ്പെടെ നേരിട്ട് പോകുകയും ലഘുലേഖ തിരിച്ച് വാങ്ങുകയും ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിലൊരു വീട്ടില്‍നിന്നും ഒരാള്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ലഘുലേഖയുടെ ചിത്രം പങ്കുവെച്ചിരുന്നു. അദ്ദേഹത്തെ കാര്യം ബോധിപ്പിച്ചതോടെ അദ്ദേഹവും വാട്സാപ്പ് ഗ്രൂപ്പില്‍നിന്ന് അത് ഡിലീറ്റ് ചെയ്തതാണ്. പക്ഷേ അതിനകം ചിത്രം മറ്റാരൊക്കെയോ പങ്കുവെച്ചു പോവുകയായിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് തൊട്ടടുത്ത ദിവസം തന്നെ അനൂപ് കുമാറിനെ NSS ക്യാമ്പില്‍നിന്ന് മാറ്റി നിര്‍ത്തിയിരുന്നു. ഇക്കാര്യത്തില്‍ അദ്ദേഹവും പ്രിന്‍സിപ്പാളായ ഞാനും NSS ഓഫീസര്‍ക്ക് വിശദീകരണം നല്‍കുകയും ചെയ്തതാണ്.”

തുടര്‍ന്ന്  NSS കോര്‍ഡിനേറ്റര്‍ എ വി അനൂപ്കുമാറിനെ ബന്ധപ്പെട്ടു. അദ്ദേഹം സ്വയം തയ്യാറാക്കിയ വിശദീകരണത്തിന്റെയും ക്ഷമാപണത്തിന്റെയും ഉള്ളടക്കം ഞങ്ങളുമായി വാട്സാപ്പില്‍ പങ്കുവെച്ചു. 

പിന്നീട് NSS പ്രോഗ്രാം ഓഫീസുമായി ബന്ധപ്പെട്ടു. ഇക്കാര്യത്തില്‍‌ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി വിഭാഗം NSS പ്രോഗ്രാം ഓഫീസര്‍ വഴി വിശദീകരണം തേടിയിട്ടുണ്ടെന്നും സംഭവത്തില്‍ പ്രസ്തുത അധ്യാപകനെ നിലവില്‍ ചുമതലയില്‍നിന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ടെന്നും അന്വേഷണത്തിന് ശേഷം ആവശ്യമെങ്കില്‍ നടപടി സ്വീകരിക്കുമെന്നും NSS സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ ഡോ. ആര്‍ എന്‍ അന്‍സര്‍ അറിയിച്ചു. 

ഇതോടെ പ്രചരിക്കുന്നത് പിന്‍വലിച്ച ഉള്ളടക്കമാണെന്നും തെറ്റായ ഉള്ളടക്കം പങ്കുവെച്ചതിന് സ്കൂളും അധ്യാപനും ക്ഷമാപണം നടത്തിയതാണെന്നും സ്ഥിരീകരിച്ചു.

പങ്കുവെച്ചയാള്‍ പിന്‍വലിച്ചാലും തെറ്റായ ഉള്ളടക്കം സമൂഹമാധ്യമങ്ങളില്‍ കാലങ്ങളോളം പ്രചരിക്കാമെന്നതിന് മികച്ച ഉദാഹരണമാണിത്. സമൂഹമാധ്യമങ്ങള്‍ ഉള്‍പ്പെടെ ഓണ്‍ലൈനില്‍ പങ്കുവെയ്ക്കുന്ന ഉള്ളടക്കങ്ങള്‍ പിന്‍വലിച്ച ശേഷവും  സ്ക്രീന്‍ഷോട്ടുകളായും മറ്റും പ്രചരിക്കാന്‍ സാധ്യതയേറെയാണ്. അവ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും വളരെ വലുതായിരിക്കും. അതുകൊണ്ടുതന്നെ സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പങ്കുവെയ്ക്കാതിരിക്കാന്‍ ജാഗ്രത പാലിക്കേണ്ടതാണ്. 

Related Stories

No stories found.
logo
South Check
southcheck.in