Fact Check: ജബല്‍പൂരിലെ ബോട്ടപകടത്തില്‍ മരണപ്പെട്ട അമ്മയും കുഞ്ഞും? പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യമറിയാം

മരണത്തിലും മകനെ ചേര്‍ത്തുപിടിക്കുന്ന അമ്മയെന്ന അടിക്കുറിപ്പോടെ ലൈഫ് ജാക്കറ്റില്‍ കുഞ്ഞിനെ ചേര്‍ത്തുപിടിച്ച നിലയില്‍ പുഴയില്‍ കിടക്കുന്ന സ്ത്രീയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
Fact Check:  ജബല്‍പൂരിലെ ബോട്ടപകടത്തില്‍ മരണപ്പെട്ട അമ്മയും കുഞ്ഞും? പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യമറിയാം
Published on
2 min read

മധ്യപ്രദേശിലെ ജബല്‍പൂരില്‍ 2026 മെയ് 1 നുണ്ടായ ബോട്ടപകടത്തില്‍ മരണപ്പെട്ട അമ്മയുടെയും കുഞ്ഞിന്റെയും ചിത്രമെന്ന തരത്തില്‍ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ലൈഫ് ജാക്കറ്റിനൊപ്പം കുഞ്ഞിനെ ചേര്‍ത്തുപിടിക്കുന്ന സ്ത്രീയുടെ ചിത്രമാണ് പ്രചരിക്കുന്നത്. മാതൃത്വത്തിന്റെ മഹത്വമെന്ന തരത്തില്‍ മരണത്തിലും മകനെ ചേര്‍ത്തുപിടിക്കുന്ന അമ്മയുടെ ചിത്രമെന്ന തരത്തിലാണ് പ്രചാരണം. 

Fact-check: 

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ചിത്രം എഐ നിര്‍മിതമാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. 


പ്രചരിക്കുന്ന ചിത്രത്തിനൊപ്പം ചിലര്‍ യാത്ര തുടങ്ങുന്നതിന് മുന്‍പ് പകര്‍ത്തിയ ചിത്രമെന്ന തരത്തില്‍ പങ്കിട്ട ചിത്രത്തിലെ ചില അസ്വാഭാവികതകളാണ് ചിത്രം വ്യാജമായേക്കാമെന്ന സൂചന നല്‍കിയത്. തുടര്‍ന്ന് കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഇത്തരമൊരു സംഭവം നടന്നതായി കണ്ടെത്തി. എന്‍ഡിടിവി യുടെ റിപ്പോര്‍ട്ട് പ്രകാരം രക്ഷാപ്രവര്‍ത്തനത്തിനിടെ മകനെ ചേര്‍ത്തുപിടിച്ച നിലയില്‍ ഒരു അമ്മയുടെ മൃതദേഹം ലഭിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങളും എന്‍ഡിടിവി വാര്‍ത്തയില്‍ പങ്കുവെച്ചിട്ടുണ്ട്

വാര്‍ത്തയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ പ്രചരിക്കുന്ന ചിത്രത്തിലേതില്‍നിന്ന് ഇത് വ്യത്യസ്തമാണെന്ന് കണ്ടെത്തി. ദൃശ്യങ്ങളില്‍ ഒരു ലൈഫ് ജാക്കറ്റിനകത്താണ് അമ്മയും കുഞ്ഞും. എന്നാല്‍ പ്രചരിക്കുന്ന ചിത്രത്തില്‍ ഇങ്ങനെയല്ല. മാത്രവുമല്ല, ഇവരുടെ വസ്ത്രത്തിന്റെ നിറത്തിലും വ്യത്യാസം കാാണാം .


തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രചരിക്കുന്ന ചിത്രം എഐ നിര്‍മിതമോ ജബല്‍പൂര്‍ സംഭവവുമായി ബന്ധമില്ലാത്തതോ ആണെന്ന് വ്യക്തമാക്കി ജബല്‍പൂര്‍ ജില്ലാ കലക്ടര്‍ പങ്കിട്ട എക്സ് പോസ്റ്റ് ലഭിച്ചു. 

തുടര്‍ന്ന് ചിത്രം എഐ നിര്‍മിതമാണോ എന്ന് പരിശോധിച്ചു. ഹൈവ് മോഡറേഷന്‍ ഉപയോഗിച്ച് നടത്തിയ പരിശോധയില്‍ ചിത്രം എഐ നിര്‍മിതമാകാനുള്ള സാധ്യതയാണ് കണ്ടെത്തിയത്. 

ഇതോടെ ചിത്രം എഐ നിര്‍മിതമാണെന്ന് വ്യക്തമായി. 

logo
South Check
southcheck.in