Fact Check: പാലക്കാട്ടെ ആള്‍ക്കൂട്ട കൊലപാതകത്തിന് പിന്നില്‍ മുസ്‍ലിം യുവാക്കളോ?

പാലക്കാട് വാളയാറില്‍ ബംഗ്ലാദേശിയെന്നാരോപിച്ച് യുവാവിനെ ഒരുകൂട്ടം ചെറുപ്പക്കാര്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് മുസ്‍ലിം പേരുള്ള ഒരുകൂട്ടം ചെറുപ്പക്കാരുടെ ചിത്രസഹിതം ഒരു പത്രവാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
Fact Check: പാലക്കാട്ടെ ആള്‍ക്കൂട്ട കൊലപാതകത്തിന് പിന്നില്‍ മുസ്‍ലിം യുവാക്കളോ?
Published on
2 min read

പാലക്കാട് വാളയാറില്‍ ബംഗ്ലാദേശിയെന്നാരോപിച്ച് യുവാവിെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഒരു പത്രവാര്‍ത്തയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. സംഭവത്തിന് പിന്നില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് ഒരുകൂട്ടം മുസ്‍ലിം യുവാക്കള്‍ ആള്‍ക്കൂട്ട കൊലപാതകത്തിലെ പ്രതികളാണെന്ന തരത്തില്‍ പത്രവാര്‍ത്തയുടെ ചിത്രം പ്രചരിക്കുന്നത്

Fact-check: 

പ്രചാരണം  തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും നല്‍കിയിരിക്കുന്ന പത്രവാര്‍ത്ത മറ്റൊരു സംഭവത്തിന്റേതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. 

പ്രചരിക്കുന്ന പത്രവാര്‍ത്തയുടെ ചിത്രത്തില്‍തന്നെ  പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന സൂചനകളുണ്ട്. ബീഹാര്‍ സ്വദേശിയാണ് കൊല്ലപ്പെട്ടതെന്ന് തലക്കെട്ടിലുണ്ട്. എന്നാല്‍ വാളയാറില്‍ നടന്ന സംഭവത്തില്‍ കൊല്ലപ്പെട്ടത് ഛത്തീസ്ഗഡ് സ്വദേശിയാണ്. ഇതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച കൂടുതല്‍ മാധ്യമറിപ്പോര്‍ട്ടുകള്‍ പരിശോധിച്ചതോടെ ഇക്കാര്യം സ്ഥിരീകരിക്കാനായി. 

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡിസംബര്‍ 21ന് മാതൃഭൂമി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍  കൊല്ലപ്പെട്ടത് ഛത്തീസ്ഗഡ് സ്വദേശി രാം നാരായൺ ആണെന്ന് വ്യക്തമാക്കുന്നു.  ഡിസംബര്‍ 17ന് വാളയാർ അട്ടപ്പള്ളത്ത്  നടന്ന സംഭവത്തില്‍  അറസ്റ്റിലായ അട്ടപ്പള്ളം മഹാളിക്കാട് സ്വദേശികളായ സി. പ്രസാദ് (34), സി. മുരളി (38), കിഴക്കേ അട്ടപ്പള്ളം സ്വദേശികളായ കെ. ബിബിൻ (30), അനന്തൻ (55), അട്ടപ്പള്ളം കല്ലങ്കാട് എ. അനു (38) എന്നിവർ റിമാൻഡിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍  കുടുംബം നഷ്ടപരിഹാരം ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളും കണ്ടെത്തി. ഡിസംബര്‍ 22 ന് ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ റിപ്പോര്‍ട്ടിലും കൊല്ലപ്പെട്ടത് ഛത്തീസ്ഗഡ് സ്വദേശി റാം നാരായണ്‍ ആണെന്ന് വ്യക്തമാക്കുന്നു. ഇതോടെ പ്രചരിക്കുന്ന പത്രവാര്‍ത്തയ്ക്ക് ഈ സംഭവവുമായി ബന്ധമില്ലെന്ന് വ്യക്തമായി. 

തുടര്‍ന്ന് പ്രചരിക്കുന്ന പത്രവാര്‍ത്തയിലെ സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരിശോധിച്ചു. 2023 മെയ് മാസം മലപ്പുറം ജില്ലയിലെ കിഴിശേരിയിലുണ്ടായ സംഭവമാണെിതെന്ന് മാധ്യമറിപ്പോര്‍‍ട്ടുകളില്‍നിന്ന് വ്യക്തമായി. മാതൃഭൂമി 2023 മെയ് 14 ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ കൊല്ലപ്പെട്ടത് ബിഹാര്‍ ഈസ്റ്റ് ചമ്പാരന്‍ സ്വദേശി രാജേഷ് മാഞ്ചിയാണെന്ന് വ്യക്തമാക്കുന്നു.

മനോരമ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച മറ്റൊരു റിപ്പോര്‍ട്ടിലും സമാനവിവരങ്ങളുണ്ട്. പ്രചരിക്കുന്ന പത്രവാര്‍ത്തയിലെ പ്രതികളില്‍ ചിലരുടെ പേരുകളും ഇതില്‍ കാണാം. 

ഇതോടെ പ്രചരിക്കുന്ന പത്രവാര്‍ത്തയ്ക്ക് 2025 ഡിസംബര്‍ 17 ന് വാളയാറിലുണ്ടായ സംഭവവുമായി ബന്ധമില്ലെന്ന് വ്യക്തമായി. 

Related Stories

No stories found.
logo
South Check
southcheck.in