
ഈ വര്‍ഷത്തെ ഓണം ബംപര്‍ ലോട്ടറി വിജയി നെട്ടൂര്‍ സ്വദേശിയായ വീട്ടമ്മയാണെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. ഒരു സ്ത്രീയുടെ ചിത്രമടക്കം പ്രചരിക്കുന്ന സന്ദേശത്തില്‍ പാവപ്പെട്ട ഈ സ്ത്രീയ്ക്കാണ് ഇത്തവണ ലോട്ടറിയുടെ ഒന്നാംസമ്മാനമായ 25 കോടി രൂപ ലഭിച്ചതെന്ന് അവകാശപ്പെടുന്നു.
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പ്രചരിക്കുന്നത് എഐ ഉപയോഗിച്ച് തയ്യാറാക്കിയ ചിത്രമാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഓണം ബംപര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചത് ആലപ്പുഴ തുറവൂര്‍ സ്വദേശിയായ ശരത് എസ് നായര്‍ക്കാണെന്ന റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. മനോരമ ന്യൂസ് വെബ്സൈറ്റില്‍ ഒക്ടോബര്‍ ആറിന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ കൊച്ചി നെട്ടൂരില്‍ പെയിന്റ് കടയിലെ ജീവനക്കാരനാണ് ഇദ്ദേഹമെന്നും പറയുന്നു.
കൊച്ചി നെട്ടൂര്‍ സ്വദേശിനിയായ യുവതിയ്ക്കാണ് ലോട്ടറിയടിച്ചെതെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. നെട്ടൂരിലെ ലോട്ടറി ഏജന്റായ ലതീഷ് പറഞ്ഞതനുസരിച്ചാണ് ചിലമാധ്യമങ്ങള്‍ ഒക്ടോബര്‍ അഞ്ചിന് ഇത്തരത്തില്‍ റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ പിന്നീട് വിജയിയായ ശരത് ബാങ്കിലെത്തി ടിക്കറ്റ് കൈമാറിയതോടെയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായത്.
ഏഷ്യാനെറ്റ് ന്യൂസിന്റെയും മനോരമ ന്യൂസിന്റെയും യൂട്യൂബ് ചാനലുകളില്‍ വിജയിയായ ശരത് എസ് നായരുടെ പ്രതികരണം നല്‍കിയിട്ടുണ്ട്.
ഇതോടെ പ്രചരിക്കുന്ന ചിത്രം വ്യാജമാകാമെന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ചിത്രം എഐ ഉപയോഗിച്ച് തയ്യാറാക്കിയതാണെന്ന് കണ്ടെത്തി.
ഇതോടെ ഓണം ബംപര്‍ ലോട്ടറിയടിച്ച നെട്ടൂരിലെ വീട്ടമ്മയുടെ ചിത്രമെന്ന തരത്തില്‍ പ്രചരിക്കുന്നത് എഐ ഉപയോഗിച്ച് തയ്യാറാക്കിയ ചിത്രമാണെന്ന് സ്ഥിരീകരിച്ചു.