

കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്തെ അദിദരിത്രമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ വിവിധ കോണുകളില്‍നിന്ന് ആരോപണങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. പ്രഖ്യാപനം വസ്തുതാവിരുദ്ധമാണന്നും സംസ്ഥാനത്ത് അതിദരിദ്ര കുടുംബങ്ങളുണ്ടെന്നും വാദമുയര്‍ത്തി പ്രതിപക്ഷം ചടങ്ങ് ബഹിഷ്ക്കരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് കാമ്പയിനില്‍ സിപിഐഎം പ്രവര്‍ത്തകര്‍ ഒരു ഓലക്കുടിലിന് മുന്നില്‍ വോട്ടുതേടുന്ന ചിത്രമെന്ന അവകാശവാദത്തോടെയാണ് ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അതിദാരിദ്ര്യമുക്തമായി സംസ്ഥാനത്തെ പ്രഖ്യാപിച്ചവര്‍തന്നെ ഓലക്കുടിലിന് മുന്നില്‍ വോട്ടുതേടുന്നതിലെ പരസ്പരവൈരുദ്ധ്യത്തെയാണ് പോസ്റ്റുകളില്‍ പരിഹസിക്കുന്നത്.
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ചിത്രം പഴയതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
പ്രചരിക്കുന്ന ചിത്രം സൂക്ഷ്മമായി പരിശോധിച്ചതോടെ ഇതില്‍ പലരും മാസ്ക് ധരിച്ചതായി കണ്ടെത്തി. ഇത് ചിത്രം പഴയതാകാമെന്ന സൂചന നല്‍കി. തുടര്‍ന്ന് റിവേഴ്സ് ഇമേജ് സെര്‍ച്ച് ഉപയോഗിച്ച് പരിശോധിച്ചതോടെ ഈ ചിത്രം നേരത്തെയും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നതായി കണ്ടെത്തി. 2020 നവംബര്‍ 30ന് എക്സില്‍ പങ്കിട്ട ചിത്രത്തില്‍ തിരഞ്ഞെടുപ്പ് കാലത്ത് മാത്രം കാണുന്ന പ്രതിഭാസമെന്നാണ് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.
തുടര്‍ന്ന് ഈ തിയതിയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ കീവേഡ് ഉപയോഗിച്ച് ഫില്‍ട്ടര്‍ ചെയ്ത് പരിശോധിച്ചതോടെ ഫെയ്സ്ബുക്കിലും ഇതേ ചിത്രം 2020 നവംബര്‍ - ഡിസംബര്‍ മാസങ്ങളില്‍ പ്രചരിച്ചിരുന്നതായി കണ്ടെത്തി. ഇതോടെ ചിത്രം പ്രചരിച്ചത് 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലായിരിക്കാമെന്ന് വ്യക്തമായി. 2020 ഡിസംബറിലായിരുന്നു കേരളത്തില്‍ അവസാന തദ്ദേശ തിരഞ്ഞെടുപ്പ് നടന്നത്.
ഇതോടെ ചിത്രത്തിന് നിലവിലെ സാഹചര്യങ്ങളുമായി ബന്ധമില്ലെന്നും, 2025 നവംബറിലെ അതിദാരിദ്ര്യമുക്ത പ്രഖ്യാപനവുമായി ബന്ധപ്പെടുത്തി ചിത്രം പങ്കുവെയ്ക്കുന്നത് തെറ്റിദ്ധാരണാജനകമാണെന്നും വ്യക്തമായി.