Fact Check:  CM 2026 നമ്പറില്‍ കാറുമായി വി ഡി സതീശന്‍? ചിത്രത്തിന്റെ സത്യമറിയാം

Fact Check: CM 2026 നമ്പറില്‍ കാറുമായി വി ഡി സതീശന്‍? ചിത്രത്തിന്റെ സത്യമറിയാം

2026 ല്‍ മുഖ്യമന്ത്രിയാകുമെന്ന പ്രതീക്ഷയില്‍ വി ഡി സതീശന്‍ CM-2026 നമ്പര്‍ തന്റെ കാറിന് തിരഞ്ഞെടുത്തുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രത്തിനൊപ്പം പരിഹാസരൂപേണയും അദ്ദേഹത്തെ പുകഴ്ത്തിയും വിവരണങ്ങള്‍ കാണാം.
Published on

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ടാം ഭരണകാലയളവ് പൂര്‍ത്തിയാക്കാനിരിക്കെ 2026 തിരഞ്ഞെടുപ്പില്‍ അധികാരത്തിലേറുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പടക്കം ഇതിന് അനുകൂല സൂചനകള്‍ നല്‍കുന്നുവെന്നാണ് പൊതുവായ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് യുഡിഎഫിലെ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച ചര്‍ച്ചകളും സമൂഹമാധ്യമങ്ങളില്‍ സജീവമാകുന്നത്. 2026 തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയാകാനൊരുങ്ങുന്ന പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ഇത് പ്രതീകവല്‍ക്കരിക്കുംവിധം CM - 2026 ഉള്‍പ്പെടുന്ന വാഹനമുപയോഗിക്കുന്നുവെന്ന അവകാശവാദത്തോടെയാണ് സമൂഹമാധ്യമങ്ങളിലെ ഒരു പ്രചാരണം. വിഡി സതീശന്റെ ചിത്രത്തില്‍ കാണുന്ന കാറില്‍ KL01 CM 2026 എന്ന നമ്പര്‍ കാണാം.

കാറിന്റെ നമ്പര്‍ നോക്കടാ എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ചിത്രത്തിനൊപ്പം വിഡി സതീശനെ അനുകൂലിച്ചും പരിഹസിച്ചും വിവരണങ്ങള്‍ ചേര്‍ത്ത് നിരവധി പേരാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. 

Fact-check: 

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പ്രചരിക്കുന്ന ചിത്രത്തിലെ കാറിന്റെ നമ്പര്‍ എഡിറ്റ് ചെയ്ത് മാറ്റിയതാണെന്നും അന്വേഷണത്തില്‍ വ്യക്തമായി. 

പ്രചരിക്കുന്ന ചിത്രം റിവേഴ്സ് ഇമേജ് സെര്‍ച്ചില്‍ പരിശോധിച്ചതോടെ വി ഡി സതീശന്‍ തന്നെ സ്വന്തം ഫെയ്സ്ബുക്ക്, എക്സ് അക്കൗണ്ടുകളില്‍നിന്ന് ഈ ചിത്രം പങ്കുവെച്ചതായി കണ്ടെത്തി. ഇന്ദിരാഭവന്‍ ഡല്‍ഹി എന്ന അടിക്കുറിപ്പോടെ 2025 ഫെബ്രുവരി 28 നാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. 

ഈ ചിത്രത്തിലെ വാഹനത്തിന്റെ നമ്പര്‍ വ്യത്യസ്തമാണ്. DL2 CBB 7552 എന്ന നമ്പറാണ് യഥാര്‍ത്ഥ ചിത്രത്തില്‍. ഇതോടെ വാഹനത്തിന്റെ നമ്പര്‍ എഡിറ്റ് ചെയ്താണ് നിലവിലെ പ്രചാരണമെന്ന് വ്യക്തമായി. 

തുടര്‍ന്ന് പ്രചരിക്കുന്ന നമ്പറിലെ യഥാര്‍ത്ഥ വാഹനമേതാണെന്നും പരിശോധിച്ചു. കേന്ദ്ര ഉപരിതല ഗതാഗത - ദേശീയപാത മന്ത്രാലയത്തിന്റെ വാഹന്‍ വെബ്സൈറ്റില്‍ ലഭ്യമായ വിവരങ്ങള്‍ പ്രകാരം ഈ നമ്പര്‍ ഒരു മോട്ടോര്‍ ബൈക്കിന്റേതാണെന്ന് കണ്ടെത്തി. 

തിരുവനന്തപുരം ആര്‍ടിഒയ്ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്ത യമഹ എഫ്ഇസഡ്എസ് ബൈക്കാണ് ഈ നമ്പറിലേത്. ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്നും എഡിറ്റ് ചെയ്ത ചിത്രമുപയോഗിച്ചാണ് വ്യാജപ്രചാരണമെന്നും വ്യക്തമായി. 

logo
South Check
southcheck.in