

ബോഫോഴ്സ് കുംഭകോണകേസിലെ പ്രതി ഇറ്റാലിയന്‍ സ്വദേശി ഒട്ടാവിയോ ക്വത്‌റോച്ചി സോണിയ ഗാന്ധിയുടെ കൂടെ നില്‍ക്കുന്നതിന്റേതെന്ന തരത്തില്‍ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. കൂടെയുള്ളത് രാഹുല്‍ഗാന്ധിയല്ലെന്നും ‘ഇറ്റലിക്കാരനാ’ണെന്നുമാണ് അവകാശവാദം. സോണിയ ഗാന്ധിയെ ലൈംഗികച്ചുവയുള്ള വാക്കുകള്‍ ചേര്‍ത്ത് വിശേഷിപ്പിച്ചാണ് ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
പ്രചാരണം വ്യാജമാണെന്നും ചിത്രത്തിലുള്ളത് രാഹുല്‍ ഗാന്ധിയാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
പ്രചരിക്കുന്ന ചിത്രം റിവേഴ്സ് ഇമേജ് സെര്‍ച്ച് ഉപയോഗിച്ച് പരിശോധിച്ചതോടെ ചിത്രം ചില മാധ്യമറിപ്പോര്‍ട്ടുകളില്‍ കണ്ടെത്തി. രാഹുല്‍ഗാന്ധിയുടെ 50-ാം ജന്മദിനത്തില്‍ Latestly എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ കുട്ടിക്കാലം മുതലുള്ള വിവിധ ചിത്രങ്ങള്‍ക്കിടയില്‍ ഈ ചിത്രവും കാണാം.
സോണിയ ഗാന്ധിയ്ക്കൊപ്പം എസ്പിജിയുടെ സ്ഥാപകദിന പരിപാടിയില്‍ പങ്കെടുക്കുന്ന രാഹുല്‍ഗാന്ധിയുടെ ചിത്രമെന്ന അടിക്കുറിപ്പോടെയാണ് ചിത്രം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഈ സൂചന ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ചിത്രത്തിന്റെ മറ്റൊരു പതിപ്പ് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് വെബ്സൈറ്റില്‍ കണ്ടെത്തി. പിടിഐ യുടെ ചിത്രമെന്ന കുറിപ്പോടെ നല്‍കിയിരിക്കുന്ന ഫോട്ടോയില്‍ ചിത്രത്തിന്റെ യഥാര്‍ത്ഥ അടിക്കുറിപ്പും വര്‍ഷവും കാണാം. 1996 ലെ എസ്പിജി സ്ഥാപകദിനാഘോഷത്തിലെ ചിത്രമാണിതെന്ന് അടിക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
ഇതോടെ ചിത്രത്തില്‍ സോണിയ ഗാന്ധിയ്ക്കൊപ്പമുള്ളത് രാഹുല്‍ ഗാന്ധി തന്നെയാണെന്നും മറിച്ചുള്ള അവകാശവാദങ്ങള്‍ വ്യാജമാണെന്നും സ്ഥിരീകരിച്ചു.