Fact Check: രാഹുല്‍ഗാന്ധിയുടെ റോഡ്ഷോയില്‍ കുഞ്ഞാലിക്കുട്ടി പുറത്ത്? വീഡിയോയുടെ വാസ്തവമറിയാം

വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്ഷോയ്ക്കിടെ മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയെ വാഹനത്തില്‍നിന്ന് ഇറക്കിവിട്ടുവെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം.
Fact Check:  രാഹുല്‍ഗാന്ധിയുടെ റോഡ്ഷോയില്‍ കുഞ്ഞാലിക്കുട്ടി പുറത്ത്? വീഡിയോയുടെ വാസ്തവമറിയാം

വയനാട്ടില്‍ UDF തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയ്ക്കിടെ മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയെ വാഹനത്തില്‍നിന്ന് ഇറക്കിവിട്ടുവെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. 2024 ഏപ്രില്‍ 3ന് രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന്റെ ഭാഗമായി വയനാട്ടില്‍ യുഡിഎഫ് വലിയ റോഡ്ഷോ സംഘടിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് അവകാശവാദം. (Archive)

ലീഗ് നേതാക്കള്‍ക്ക് വാഹനത്തില്‍ ഇടം നല്‍കിയാല്‍ അത് ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസിന് ദോഷം ചെയ്യുമെന്നതിനാലാണ് ഈ നടപടിയെന്നുള്‍പ്പെടെ ആരോപണങ്ങളുമായി നിരവധി പേരാണ് ഈ സന്ദേശം പങ്കുവെച്ചിരിക്കുന്നത്. (Archive 1, Archive 2Archive 3)

Fact-check

അവകാശവാദം അടിസ്ഥാനരഹിതമാണെന്നും കുഞ്ഞാലിക്കുട്ടിയെ വാഹനത്തില്‍നിന്ന് ഇറക്കിവിട്ടതല്ലെന്നും സൗത്ത് ചെക്ക് അന്വേഷണത്തില്‍ വ്യക്തമായി. 

പ്രചരിക്കുന്ന പോസ്റ്റുകളിലൊന്നില്‍ ഉപയോഗിച്ചിരിക്കുന്ന വീഡിയോയില്‍ ONE Malayalam എന്ന ലോഗോ കാണാം. ഇതൊരു സൂചനയായി എടുത്ത് പ്രസ്തുത ഓണ്‍ലൈന്‍ ചാനലിലെ വീഡിയോകള്‍ പരിശോധിച്ചതോടെ ഇതിന്റെ ദൈര്‍ഘ്യമേറിയ പതിപ്പ്  കണ്ടെത്തി. ‘രാഹുലിൻ്റെ റോഡ് ഷോക്ക് ഇടയിയിൽ ഉന്തും തള്ളും; കുഞ്ഞാലിക്കുട്ടിക്ക് ദേഹാസ്വാസ്ഥ്യം’ എന്ന തലക്കെട്ടോടെയാണ് വീഡിയോ നല്‍കിയിരിക്കുന്നത്.

വീഡിയോ പരിശോധിച്ചതോടെ റോഡ്ഷോയ്ക്ക് ഇടയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഞ്ഞാലിക്കുട്ടി പ്രചാരണ വാഹനത്തില്‍നിന്ന് ഇറങ്ങുകയായിരുന്നുവെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് മറ്റൊരു കാറില്‍ പ്രചാരണ വാഹനത്തെ അദ്ദേഹം പിന്തുടരുന്നതും ദൃശ്യങ്ങളില്‍ കാണാം. 

രാഹുല്‍ഗാന്ധിയുടെ ഫെയ്സ്ബുക്ക് പേജില്‍  റോഡ്ഷോയുടെ പൂര്‍ണപതിപ്പ് തത്സമയം നല്‍കിയിരുന്നു. ഈ ദൃശ്യങ്ങളാണ് തുടര്‍ന്ന് പരിശോധിച്ചത്. പരിപാടിയുടെ തുടക്കത്തില്‍ പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ മുസ്ലിം ലീഗ് നേതാക്കളെ പ്രചാരണ വാഹനത്തില്‍ കാണാം. കുഞ്ഞാലിക്കുട്ടി രാഹുല്‍ഗാന്ധിയുമായി സൗഹൃദസംഭാഷണത്തിലേര്‍പ്പെടുന്ന ദൃശ്യങ്ങളും ഇതിലുണ്ട്. 

വീഡിയോയില്‍ 36-ാം മിനുറ്റ് മുതല്‍ കുഞ്ഞാലിക്കുട്ടിയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതും തുടര്‍ന്ന് അദ്ദേഹം താഴെയിറങ്ങുന്നതും കാണാം. 

ഔദ്യോഗിക സ്ഥിരീകരണത്തിനായി റോഡ്ഷോ ഏകോപിപ്പിച്ച വണ്ടൂര്‍ നിയോജകമണ്ഡലം എംഎല്‍എ എ പി അനില്‍കുമാറിനെ ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ പ്രതികരണം: 

“ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് വാഹനത്തില്‍നിന്ന് ഇറങ്ങേണ്ടി വന്നത്. ഇത് ദൃശ്യങ്ങളില്‍നിന്ന് തന്നെ വ്യക്തമാണ്. വ്രതാനുഷ്ഠാനത്തില്‍ ആയതിനാല്‍ വെള്ളം പോലും കുടിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. കുറച്ചുദൂരം കാറില്‍ പിന്തുടര്‍ന്ന ശേഷം വീണ്ടും അദ്ദേഹം യാത്രയില്‍ പങ്കുചേര്‍ന്നു. മറിച്ചുള്ള ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്.”

ഇതോടെ സമൂഹമാധ്യമങ്ങളിലെ പ്രചാരണം അടിസ്ഥാനനരഹിതമാണെന്ന് വ്യക്തമായി.

Related Stories

No stories found.
logo
South Check
southcheck.in