
മുന്‍രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുല്‍ കലാമിന്റെയും മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെയും പേരില്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ സ്കോളര്‍ഷിപ്പ് പ്രഖ്യാപിച്ചതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. ഹൈസ്കൂള്‍, ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രഖ്യാപനം നടത്തിയതെന്നും 25000 രൂപ വരെ ലഭിക്കുന്ന സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ ഫോമുകള്‍ മുനിസിപ്പല്‍ ഓഫീസുകളില്‍ ലഭിക്കുമെന്നുമാണ് പ്രചാരണം. ഒരു ഹൈക്കോടതി ഉത്തരവിന്റേതെന്ന തരത്തില്‍ ഒരു നമ്പറും ഈ സന്ദേശത്തിനൊപ്പം നല്‍കിയിട്ടുണ്ട്.
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഇത്തരമൊരു സ്കോളര്‍ഷിപ്പ് പദ്ധതിയില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.
പ്രധാനമന്ത്രി ദേശീയതലത്തില്‍ സ്കോളര്‍ഷിപ്പ് പ്രഖ്യാപിച്ചെങ്കില്‍ അതില്‍ ഹൈക്കോടതി ഉത്തരവിനെന്ത് പ്രസക്തിയെന്നാണ് ആദ്യം പരിശോധിച്ചത്. പ്രചരിക്കുന്ന സന്ദേശത്തിലെ ഹൈക്കോടതി ഉത്തരവ് പരിശോധിച്ചതോടെ ഇതിന് സ്കോളര്‍ഷിപ്പുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായി.
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ ഗ്രാമിയ ആടല്‍ പാടല്‍ വിഴൈ എന്ന പരിപാടിയ്ക്ക് അനുമതി നിഷേധിച്ചതിനെതിരെയാണ് 2015 ല്‍ മദ്രാസ് ഹൈക്കോടതിയില്‍ ഈ ഹരജി സമര്‍പ്പിച്ചത്. ഇതോടെ അവകാശവാദവുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായി.
തുടര്‍ന്ന് പ്രചരിക്കുന്ന സന്ദേശത്തിലെ അവകാശവാദമനുസരിച്ച് അത്തരമൊരു സ്കോളര്‍ഷിപ്പ് പദ്ധതി നിലവിലുണ്ടോ എന്നാണ് പരിശോധിച്ചത്. പ്രധാനമന്ത്രി ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ചാല്‍ സ്വാഭാവികമായും അത് വാര്‍ത്തകളില്‍ ഇടംപിടിക്കുമെന്നിരിക്കെ അത്തരം റിപ്പോര്‍ട്ടുകളൊന്നു്ം കണ്ടെത്താനായില്ല. അതേസമയം ഡോ എപിജെ അബ്ദുല്‍ കലാമിന്റെ പേരില്‍ കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്ര സാംസ്കാരിക വകുപ്പ് ഏര്‍പ്പെടുത്തിയ സകോളര്‍ഷിപ്പിന്റെ വിവരങ്ങള്‍ ലഭ്യമായി. ഇത് പ്രചരിക്കുന്ന സന്ദേശത്തില്‍ പറയുന്നപോലെ ഹൈസ്കൂള്‍ ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയല്ല.
തുടര്‍ന്ന് നടത്തിയ കീവേഡ് പരിശോധനയില്‍ അബ്ദുല്‍ കലാമിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിവരുന്ന ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായി. കേരള സര്‍ക്കാര്‍ 2023ല്‍ പ്രസ്തുത സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചതിന്റെ വിജ്ഞാപനം ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്.
സമാനമായി പല സംസ്ഥാനങ്ങളും പ്രമുഖരായ പലരുടെയും പേരുകളില്‍ സ്കോളര്‍ഷിപ്പ് നല്‍കുന്നുണ്ട്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു സ്കോളര്‍ഷിപ്പ് പ്രഖ്യാപിച്ചിട്ടില്ലെന്ന് ഇതോടെ വ്യക്തമായി. നേരത്തെ സമാന സന്ദേശം മറ്റ് ഭാഷകളില്‍ പ്രചരിച്ച സമയത്ത് കേന്ദ്രസര്‍ക്കാറിന്റെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഈ സന്ദേശം വ്യാജമാണെന്ന് സ്ഥിരീകരിച്ചതായി കണ്ടെത്തി. 2020 ലാണ് പിഐബി ഇത് പങ്കുവെച്ചിരിക്കുന്നത്.
ഇതോടെ പ്രചരിക്കുന്ന സന്ദേശം വ്യാജമാണന്നും എപിജെ അബ്ദുല്‍കലാമിന്റെയോ വാജ്പേയിയുടെയോ പേരില്‍ പ്രധാനമന്ത്രി വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് പ്രഖ്യാപിച്ചിട്ടില്ലെന്നും സ്ഥിരീകരിച്ചു.