

ശബരിമല സന്ദര്‍ശനം നടത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മു എക്സില്‍ പങ്കുവെച്ച ചിത്രങ്ങളിലൊന്ന് പിന്നീട് പിന്‍വലിച്ചത് വാര്‍ത്തയായിരുന്നു. ചിത്രം ശ്രീകോവിലിലെ വിഗ്രഹം കാണാവുന്ന തരത്തിലായതിനാലാണ് നീക്കം ചെയ്തത്. എന്നാല്‍ ഈ ചിത്രത്തിന്റെ സ്ക്രീന്‍ഷോട്ട് നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ പങ്കിടുന്നത്. സന്നിധാനത്തെ അയ്യപ്പവിഗ്രഹത്തിന്റെ ചിത്രമാണെന്ന തരത്തിലാണ് പ്രചാരണം.
ചിത്രത്തിലുള്ളത് അയ്യപ്പവിഗ്രഹമല്ലെന്നും മാളികപ്പുറത്തമ്മ സന്നിധിയിലെ ചിത്രമാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
രാഷ്ട്രപതി ദ്രൗപദി മുര്‍മു പതിനെട്ടാംപടി കയറി അയ്യപ്പനെ ദര്‍ശിക്കുന്ന ദൃശ്യങ്ങള്‍ ദൂരദര്‍ശനാണ് തത്സമയം സംപ്രേഷണം ചെയ്തത്. ഈ ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ പതിനെട്ടാംപടിയ്ക്ക് മേലെ അയ്യപ്പസന്നിധിയിലെ ശ്രീകോവിലിന്റെ ചിത്രമല്ല പ്രചരിക്കുന്ന ചിത്രത്തിലേതെന്ന് വ്യക്തമായി. രണ്ടുചിത്രങ്ങളിലെയും ശ്രീകോവിലിന് ചുറ്റുമുള്ള കൊത്തുപണികള്‍ വ്യത്യസ്തമാണെന്ന് കാണാം.
തുടര്‍ന്ന് ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി ദേവസ്വം അധികൃതരുമായി ബന്ധപ്പെട്ടു. രാഷ്ട്രപതി ദ്രൗപദി മുര്‍മു പതിനെട്ടാംപടി ചവിട്ടി അയ്യപ്പനെ ദര്‍ശിച്ച ശേഷം സന്നിധാനത്തിനകത്തെ മാളികപ്പുറത്തമ്മ ക്ഷേത്ര സന്നിധിയില്‍ ദര്‍ശനം നടത്തുന്ന ചിത്രമാണ് പങ്കുവെച്ച ശേഷം പിന്‍വലിച്ചതെന്ന് അവര്‍ വ്യക്തമാക്കി.
മാളികപ്പുറത്തമ്മയെ ശബരിമലയിലെ ദേവിയായാണ് പരിഗണിക്കുന്നത്. അയ്യപ്പദര്‍ശനത്തിന് ശേഷം മടങ്ങുന്ന ഭക്തര്‍ മാളികപ്പുറത്തമ്മയെയും ദര്‍ശിക്കുന്നു. ഇതുസംബന്ധിച്ച വിവരങ്ങള്‍ കേരള വിനോദസഞ്ചാര വകുപ്പിന്റെ വെബ്സൈറ്റിലും നല്‍കിയിട്ടുണ്ട്.
ഇതോടെ പ്രചരിക്കുന്ന ചിത്രത്തിലുള്ളത് അയ്യപ്പവിഗ്രഹമല്ലെന്നും മാളികപ്പുറത്തമ്മയുടേതാണെന്നും വ്യക്തമായി.