Fact Check: മുസ്ലിം നേതാക്കള്‍ ഷാള്‍ അണിയിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി നിരസിച്ചോ? വീ‍ഡിയോയുടെ സത്യമറിയാം

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളടക്കം പത്തിലേറെ പേര്‍ സ്വീകരിക്കുന്ന വീഡിയോയില്‍ ചിലര്‍ അദ്ദേഹത്തിന്റെ കഴുത്തില്‍ ഷാള്‍ അണിയിക്കുന്നതും ചിലരില്‍നിന്ന് ഷാള്‍ കയ്യില്‍ വാങ്ങുന്നതും വീഡിയോയില്‍ കാണാം.
Fact Check: മുസ്ലിം നേതാക്കള്‍ ഷാള്‍ അണിയിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി നിരസിച്ചോ? വീ‍ഡിയോയുടെ സത്യമറിയാം

കോണ്‍ഗ്രസ് നേതാവും വയനാട് ലോക്സഭ മണ്ഡലം എംപിയുമായ രാഹുല്‍ ഗാന്ധി മതപരമായ വിവേചനം കാണിച്ചുവെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ പത്തിലേറെ പേര്‍ അദ്ദേഹത്തെ സ്വീകരിക്കുന്ന വീഡിയോ ഉപയോഗിച്ചാണ് പ്രചാരണം. വീഡിയോയില്‍ രാഹുല്‍ ഗാന്ധിയ്ക്ക് ഒരോരുത്തരായി ഷാള്‍ അണിയിക്കാന്‍ ശ്രമിക്കുന്നത് കാണാം. എന്നാല്‍ ഇതില്‍ ചിലരുടെ ഷാള്‍ അദ്ദേഹം കയ്യിലാണ് വാങ്ങുന്നത്. മുസ്ലിം നേതാക്കളെ കഴുത്തില്‍ ഷാളണിയിക്കാന്‍ രാഹുല്‍ഗാന്ധി അനുവദിച്ചില്ലെന്നും ഇത് മതപരമായ വിവേചനമാണെന്നുമാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം

Fact-check: 

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വീഡിയോയില്‍ ഒരുവിധത്തിലുള്ള മതപരമായ വിവേചനവുമില്ലെന്നും വസ്തുത പരിശോധനയില്‍ വ്യക്തമായി.

വസ്തുത പരിശോധനയുടെ ആദ്യഘട്ടത്തില്‍ പ്രചരിക്കുന്ന വീഡിയോ സൂക്ഷ്മമായി പരിശോധിച്ചു. ആകെ 13 പേരാണ് രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ നില്‍ക്കുന്നത്. ഇതില്‍ ഒരോരുത്തരായി അദ്ദേഹത്തിനെ ഷാളണിയിക്കാന്‍ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളില്‍. ആദ്യം പ്രതിപക്ഷനേതാവ് വി ഡി സതീശനും പിന്നീട് രമേശ് ചെന്നിത്തലയുമാണ് ഷാളണിയിക്കുന്നത്. ഇരുവര്‍ക്കു മുന്നിലേക്കും കൈനീട്ടിയാണ് രാഹുല്‍ ഗാന്ധി അവരെ സമീപിക്കുന്നത്. തുടര്‍ന്ന് വളരെ പെട്ടെന്നുതന്നെ അടുത്തയാളിലേക്ക് നീങ്ങുകയാണ്. ആകെ 29 സെക്കന്റ് വീഡിയോയില്‍ 12 പേരിലേക്ക് അദ്ദേഹം എത്തുന്നു. അതായത് ഒരാള്‍ക്കു മുന്നില്‍ ചെലവഴിച്ചത് 2 മുതല്‍ 3 വരെ സെക്കന്റുകള്‍ മാത്രം. 

മൂന്നാമതായി ഷാള്‍ അണിയിക്കുന്ന യുഡിഎഫ് കണ്‍വീനര്‍ എം എം ഹസനില്‍നിന്ന് അദ്ദേഹം കൈയ്യില്‍ ഷാള്‍ വാങ്ങുകയാണ് ചെയ്യുന്നത്. ഇതിന് തൊട്ടുമുന്‍പുതന്നെ നേരത്തെ കഴുത്തിലണിഞ്ഞ രണ്ട് ഷാളുകളും അദ്ദേഹം കൈയ്യിലെടുക്കുന്നതും കാണാം.

ഷാള്‍ സ്വീകരിക്കുന്നതില്‍ പ്രചരിക്കുന്ന സന്ദേശങ്ങളില്‍ അവകാശപ്പെടുന്നതുപോലെ എന്തെങ്കിലും മതപരമായ മാനമുണ്ടോ എന്ന് പരിശോധിക്കുന്നതിനായി അദ്ദേഹത്തെ സ്വീകരിക്കാനെത്തിയ 13 പേരുടെയും വിവരങ്ങള്‍ ശേഖരിച്ചു. മാധ്യമപ്രവര്‍ത്തകരുടെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും സഹായത്തോടെ ശേഖരിച്ച ആ വിവരങ്ങളുപയോഗിച്ച് ഒരോരുത്തരെയും രാഹുല്‍ഗാന്ധി സമീപിച്ചത് എങ്ങനെയാണെന്ന് സ്ഥിരീകരിച്ചു.

നാലാമതായി അദ്ദേഹത്തെ സ്വാഗതം ചെയ്യുന്ന ഷാഫി പറമ്പില്‍ മുഷ്ടി ചുരുട്ടിയാണ് അഭിവാദ്യം ചെയ്യുന്നത്. രാഹുല്‍ഗാന്ധി തിരിച്ചും ഇതേ രീതിയില്‍ പ്രതികരിക്കുന്നു. പിന്നീട് KPCC ജനറല്‍ സെക്രട്ടറി അഡ്വ. കെ ജയന്ത് അദ്ദേഹത്തിന് ഹസ്തദാനം നല്‍കുകയാണ് ചെയ്യുന്നത്. അപ്പോള്‍ അദ്ദേഹം തിരിച്ചും ഹസ്തദാനം ചെയ്യുന്നു. ഇതിന് പിന്നാലെ കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാറിന്റെ ഷാള്‍ കൈയ്യിലാണ് വാങ്ങുന്നത്. എന്നാല്‍ ഇതിന് ശേഷം ഐ സി ബാലകൃഷ്ണനും പി കെ നിയാസും  ഷാളുകള്‍ കഴുത്തിലണിഞ്ഞ് നല്‍കുന്നു. പിന്നീട്  കെ എല്‍ പൗലോസ് ഷാള്‍ അണിഞ്ഞ് നല്‍കുകയും വി എസ് ജോയ് ഷാള്‍ കൈയ്യില്‍ നല്‍കുകയും ചെയ്യുന്നു.  

ഇതോടെ ഷാളണിയുന്നതും കയ്യില്‍ വാങ്ങുന്നതും ഹസ്തദാനവുമെല്ലാം സ്വാഭാവിക പ്രക്രിയയാണെന്നും ഇതില്‍ മതപരമായ യാതൊരു വേര്‍തിരിവും രാഹുല്‍ഗാന്ധി കാണിച്ചിട്ടില്ലെന്നും വ്യക്തമായി.  

ദൃക്സാക്ഷിയുടെ പ്രതികരണമെന്ന നിലയ്ക്ക്  ദൃശ്യങ്ങളില്‍ അഞ്ചാമതായി രാഹുല്‍ഗാന്ധിയെ സ്വീകരിക്കാന്‍ നിന്ന KPCC ജനറല്‍ സെക്രട്ടറി അഡ്വ.കെ ജയന്തുമായി ഫോണില്‍ സംസാരിച്ചു. അദ്ദേഹത്തിന്റെ പ്രതികരണം: 

“ലോക്സഭ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം വോട്ടര്‍മാര്‍ക്ക് നന്ദിയറിയിക്കുന്നതിനായി രാഹുല്‍ഗാന്ധി വയനാട്ടിലേക്ക് വന്ന ജൂണ്‍ 12-ലെ ദൃശ്യങ്ങളാണിത്. കരിപ്പൂര്‍ വിമാനത്താവളത്തിലായിരുന്നു ഞങ്ങള്‍ അദ്ദേഹത്തെ സ്വീകരിച്ചത്. പ്രചരിക്കുന്ന സന്ദേശത്തില്‍ പറയുന്നപോലെ യാതൊരു മതപരമായ വിവേചനവും അവിടെ ഉണ്ടായിട്ടില്ല. തീര്‍ത്തും സ്വാഭാവികമായ ഒരു കാര്യം മാത്രമായിരുന്നു അത്. അദ്ദേഹം പൊതുവെ ഷാള്‍ കഴുത്തിലണിയുന്നത് ഇഷ്ടപ്പെടുന്ന ആളല്ല. വീഡിയോയില്‍ കാണാനാവുന്നപോലെ ആദ്യമണിഞ്ഞ രണ്ടു ഷാളുകളും അദ്ദേഹം എടുത്ത് കൈയ്യില്‍പിടിക്കുന്നുണ്ട്. വളരെ പെട്ടെന്നുതന്നെ ഓരോരുത്തരെയും സമീപിച്ച് മുന്നോട്ടുനീങ്ങുകയായിരുന്നു അദ്ദേഹം. ഇതിനിടയില്‍ ചിലര്‍ ഷാള്‍ കഴുത്തിലണിയാനും ചിലര്‍ ഹസ്തദാനത്തിനുമെല്ലാമാണ് ശ്രമിച്ചത്. ഷാഫി പറമ്പില്‍ മുഷ്ടി ചുരുട്ടിയാണ് അഭിവാദ്യം ചെയ്തത്, അദ്ദേഹവും അത്തരത്തില്‍ തന്നെ പ്രതികരിച്ചു. അമുസ്ലിമായ എന്റെ ഷാള്‍ അദ്ദേഹം കൈയ്യിലാണ് വാങ്ങിയത്. അതേസമയം എന്റെ അതേ പദവി വഹിക്കുന്ന മുസ്ലിം സുഹൃത്ത് പി എം നിയാസിന്റെ ഷാള്‍ കഴുത്തിലണിയുകയും ചെയതു. പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഇതില്‍നിന്നുതന്നെ വ്യക്തമാണല്ലോ.ഇത്തരം ചെറിയ കാര്യങ്ങളില്‍പോലും മതം ചികഞ്ഞ് വര്‍ഗീയത പടര്‍ത്താന്‍ ചിലര്‍ ശ്രമിക്കുന്നത് നിരാശാജനകമാണ്. ”

ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്നും രാഹുല്‍ഗാന്ധി മതപരമായ വിവേചനം കാണിച്ചിട്ടില്ലെന്നും സ്ഥിരീകരിച്ചു. 

Related Stories

No stories found.
logo
South Check
southcheck.in