Fact Check: നെയ്യാറ്റിന്‍കര ഗോപന്റെ സമാധിദിനം പൊതു അവധി നല്‍കുമെന്ന് രാജീവ് ചന്ദ്രശേഖര്‍? വാര്‍ത്താകാര്‍ഡിന്റെ വാസ്തവം

അധികാരത്തിലെത്തിയാല്‍ ഏറെ വിവാദമായ നെയ്യാറ്റിന്‍കര ഗോപന്റെ സമാധി ദിനത്തില്‍ പൊതു അവധി നല്‍കുമെന്ന് ബിജെപി സ്ഥാനാര്‍ത്ഥിയും സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞതായാണ് പ്രചാരണം.
Fact Check: നെയ്യാറ്റിന്‍കര ഗോപന്റെ സമാധിദിനം പൊതു അവധി നല്‍കുമെന്ന് രാജീവ് ചന്ദ്രശേഖര്‍? വാര്‍ത്താകാര്‍ഡിന്റെ വാസ്തവം
Published on
1 min read

നിയമസഭ തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ നെയ്യാറ്റിന്‍കര ഗോപന്റെ സമാധിദിനം പൊതു അവധി ദിനമാക്കി മാറ്റുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും നേമം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. ഒരു വാര്‍ത്താകാര്‍ഡിന്റെ രൂപത്തില്‍ പ്രചരിക്കുന്ന സന്ദേശത്തിനൊപ്പം രാജീവ് ചന്ദ്രശേഖറിന്റെ ചിത്രവും ചേര്‍ത്തിട്ടുണ്ട്. 

Fact-check: 

പ്രചാരണം വ്യാജമാണെന്നും എഡിറ്റ് ചെയ്ത കാര്‍ഡാണ് പ്രചരിക്കുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. 

പ്രചരിക്കുന്ന കാര്‍ഡില്‍ ഏതെങ്കിലും വാര്‍ത്താചാനലിന്റെ ലോഗോയോ തീയതിയോ മറ്റ് വിവരങ്ങളോ ഇല്ലെന്നതിനാല്‍ പ്രഥമദൃഷ്ട്യാ ചിത്രം വ്യാജമാകാമെന്ന സൂചന ലഭിച്ചു. തുടര്‍ന്ന് ചിത്രം സൂക്ഷ്മമായി പരിശോധിച്ചതോടെ ഇതില്‍ രണ്ട് വ്യത്യസ്ത ഫോണ്ടുകള്‍ ഉപയോഗിച്ചതായി കണ്ടെത്തി. വാചകത്തിന്റെ തുടക്കത്തിലെ ‘ജയിച്ചാല്‍’ എന്ന വാക്കും അവസാനഭാഗത്തെ ‘പൊതു അവധിയാക്കും’ എന്നതും മറ്റൊരു ഫോണ്ടിലാണ്. ഇതോടെ ഇവ എഡിറ്റ് ചെയ്ത് ചേര്‍ത്തതാകാമെന്ന സൂചന ലഭിച്ചു. 

തുടര്‍ന്ന് നെയ്യാറ്റിന്‍കര ഗോപനുമായി ബന്ധപ്പെട്ട ഭാഗത്തെ കീവേഡുകള്‍  ഉപയോഗിച്ച് വിവിധ വാര്‍ത്താചാനലുകളുടെ വാര്‍ത്താകാര്‍ഡുകള്‍ പരിശോധിച്ചതോടെ 24 ന്യൂസ് ചാനല്‍ 2025 ജനുവരി 16 ന് പങ്കിട്ട ഒരു വാര്‍ത്താകാര്‍ഡ് ലഭിച്ചു. 

പ്രചരിക്കുന്ന കാര്‍ഡുമായി താരതമ്യം ചെയ്തതോടെ ഈ കാര്‍ഡിലെ വാക്യങ്ങള്‍ എഡിറ്റ് ചെയ്ത് പുതുതായി ചില ഉള്ളടക്കങ്ങളും രാജീവ് ചന്ദ്രശേഖറിന്റെ ചിത്രവും ചേര്‍ത്താണ്  വ്യാജപ്രചാരണമെന്ന് വ്യക്തമായി. 

logo
South Check
southcheck.in