

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ രാജ്യത്തിന്റെ കടബാധ്യതയുമായി ബന്ധപ്പെട്ട പ്ലക്കാഡുകള്‍ വാര്‍ത്താസമ്മളനത്തിനിടെ ഉയര്‍ത്തിക്കാട്ടിയെന്ന തരത്തില്‍ ചിത്രസഹിതം ഒരു സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. 2014ന് മുന്‍പ് 57 ലക്ഷം കോടി രൂപയായിരുന്ന ഇന്ത്യയുടെ കടബാധ്യത നിലവില്‍ 202 ലക്ഷം കോടി രൂപയായി ഉയര്‍ന്നുവെന്ന തരത്തില്‍ രണ്ട് പ്ലക്കാര്‍ഡുകള്‍ അദ്ദേഹം വാര്‍ത്താസമ്മേളനത്തിനിടെ ഉയര്‍ത്തിക്കാട്ടുന്ന ചിത്രമാണ് പ്രചരിക്കുന്നത്.
പ്രചാരണം വ്യാജമാണെന്നും എഡിറ്റ് ചെയ്ത ചിത്രമാണ് പ്രചരിക്കുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി.
രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് രാജ്യത്തിന്റെ കടം നാല് മടങ്ങ് ഉയര്‍ന്നുവെന്ന തരത്തില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തുന്നതിലെ യുക്തിയാണ് ചിത്രം വ്യാജമാകാമെന്നതിന്റെ പ്രഥമസൂചനയായത്. തുടര്‍ന്ന് പ്രചരിക്കുന്ന ചിത്രം റിവേഴ്സ് ഇമേജ് സെര്‍ച്ച് ഉപയോഗിച്ച് പരിശോധിച്ചതോടെ സമാന ചിത്രം കണ്ടെത്തി. രാജീവ് ചന്ദ്രശേഖര് 2026 ജനുവരി 13 ന് എക്സില്‍ പങ്കുവെച്ച ചിത്രമാണ് ലഭിച്ചത്. എന്നാല്‍ ഇതില്‍ പ്ലക്കാര്‍ഡുകളിലെ ഉള്ളടക്കം വ്യത്യസ്തമാണ്.
യുപിഎ സര്‍ക്കാറിന്റെ ഭരണകാലത്ത് പത്തുവര്‍ഷത്തിനിടെ കേരളത്തിന് കേന്ദ്രം നല്‍കിയ ധനസഹായം 72000 കോടി രൂപയായിരുന്നുവെന്നും എന്നാല്‍ നരേന്ദ്രമോദി അധികാരമേറ്റ ശേഷം ആദ്യ പത്തുവര്‍ഷത്തിനിടെ 3.2 ലക്ഷം കോടി രൂപ നല്‍കിയെന്നുമാണ് ഈ കാര്‍ഡുകളിലുള്ളത്. പോസ്റ്റില്‍ നല‍്കിയിരിക്കുന്ന വിവരണത്തിലും അദ്ദേഹം ഇക്കാര്യം വിശദീകരിക്കുന്നുണ്ട്.
രാജീവ് ചന്ദ്രശേഖറിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ മലയാളത്തില്‍ കുറിപ്പ് സഹിതം ഇതേ ചിത്രം പങ്കിട്ടതായും കണ്ടെത്തി.
തുടര്‍ന്ന് മാധ്യമവാര്‍ത്തകള്‍ പരിശോധിച്ചതോടെ ഇത് 2026 ജനുവരി 12 ന് തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ അദ്ദേഹം നടത്തിയ വാര്‍ത്താസമ്മേളനത്തിലെ ദൃശ്യമാണെന്ന് വ്യക്തമായി. ദൂരദര്‍ശന്‍ ന്യൂസ് ഇതുമായി ബന്ധപ്പെട്ട് നല്‍കിയ വാര്‍ത്തയില്‍ ഇതേ ദൃശ്യം കാണാം.
ഇതോടെ പ്രചാരണം വ്യാജമാണെന്നും കാര്‍ഡിലെ ഉള്ളടക്കം എഡിറ്റ് ചെയ്താണ് പ്രചാരണമെന്നും വ്യക്തമായി.