

2026 ഫെബ്രുവരിയുടെ സവിശേഷതകള്‍ അവകാശപ്പെടുന്ന ഒരു സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഫെബ്രുവരി ഒന്ന് ഞായറാഴ്ചയും 28 ശനിയാഴ്ചയയുമെന്ന നിലയില്‍ കലണ്ടറിലെ എല്ലാ വരികളും നിരകളും നിറഞ്ഞ ഫെബ്രുവരി ഇനി 823 വര്‍ഷങ്ങള്‍ക്ക് ശേഷമേ സംഭവിക്കൂ എന്നാണ് അവകാശവാദം.
പ്രചാരണം തെറ്റാണെന്നും ഇത് ഇടയ്ക്കിടെ സംഭവിക്കുന്നതാണെന്നും അന്വേഷണത്തില്‍ വ്യക്തമായി.
പ്രചരിക്കുന്ന സന്ദേശത്തിലെ അവകാശവാദം ഗൂഗ്ള്‍ എഐ ടൂളുകള്‍ ഉപയോഗിച്ചാണ് ആദ്യം പരിശോധിച്ചത്. 2015-ലാണ് അവസാനമായി ഇത് സംഭവിച്ചതെന്നും ഇനി 2037-ല്‍ വീണ്ടും സംഭവിക്കുമെന്നുമാണ് എഐ മറുപടി നല്‍കിയത്. ഇതനുസരിച്ച് 2015-ലെ കലണ്ടര്‍ പരിശോധിച്ചു. 2015 ഫെബ്രുവരിയിലും ഇതുപോലെ ഓരോ ദിവസവും നാലുവീതമുണ്ടെന്നു മാസം തുടങ്ങുന്നത് ഞായറിലും അവസാനിക്കുന്നത് ശനിയിലുമാണെന്നും കണ്ടെത്തി.
2037-ലെ കലണ്ടറാണ് തുടര്‍ന്ന് പരിശോധിച്ചത്. വിവിധ പ്ലാറ്റ്ഫോമുകളില്‍ ആവര്‍ത്തിച്ച് നടത്തിയ പരിശോധനയില്‍ 2037ലും ഇതേ പാറ്റേണ്‍ ആണെന്ന് കണ്ടെത്തി. 2037 ഫെബ്രുവരിയിലും ഓരോ ദിവസവും നാലുവീതമുണ്ട്. ഞായറില്‍ തുടങ്ങി ശനിയിലവസാനിക്കുന്ന മാസം എല്ലാ കോളവും നിറഞ്ഞു നില്‍ക്കുന്നു.
ഇതോടെ ഇത് അത്യപൂര്‍വ പ്രതിഭാസമല്ലെന്നും 823 വര്‍ഷങ്ങള്‍ക്ക് ശേഷമേ ഇതിനി സംഭവിക്കൂവെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്നും സ്ഥിരീകരിച്ചു.