Fact Check: വയനാട്ടിലേക്ക് ദുരിതാശ്വാസ സാമഗ്രികള്‍ എത്തിക്കേണ്ടതില്ലെന്ന് അറിയിച്ചോ? ശബ്ദസന്ദേശത്തിന്റെ വാസ്തവം

വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് അവശ്യസാമഗ്രികള്‍ എത്തിക്കേണ്ടതില്ലെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന ശബ്ദസന്ദേശം ജില്ലാപഞ്ചായത്ത് പ്രസിഡന്റേതെന്ന് തെറ്റിദ്ധരിച്ചാണ് നിരവധി പേര്‍ പങ്കുവെയ്ക്കുന്നത്.
Fact Check: വയനാട്ടിലേക്ക് ദുരിതാശ്വാസ സാമഗ്രികള്‍ എത്തിക്കേണ്ടതില്ലെന്ന് അറിയിച്ചോ? ശബ്ദസന്ദേശത്തിന്റെ വാസ്തവം
Published on
2 min read

വയനാട് മുണ്ടക്കൈയില്‍ 2024 ജൂലൈ 30 ന് പുലര്‍ച്ചെയുണ്ടായ വന്‍ ഉരുള്‍പൊട്ടലിന് ഞെട്ടലോടെയാണ് കേരളം സാക്ഷിയായത്. പുലര്‍ച്ചെ ഒന്നരയോടെയാണ് മേപ്പാടിയ്ക്കടുത്ത് മുണ്ടക്കൈ എന്ന പ്രദേശത്ത് ഉരുള്‍പൊട്ടുകയും സമീപപ്രദേശമായ ചൂരല്‍മല അങ്ങാടിയിലേക്ക് മലവെള്ളപ്പാച്ചിലുണ്ടാവുകയും ചെയ്തത്. ചൊവ്വാഴ്ച പുലര്‍ന്നതോടെയാണ് അപകടത്തിന്റെ തീവ്രത നാട് തിരിച്ചറിഞ്ഞത്. മുണ്ടക്കൈയിലേക്കുള്ള പാലം തകര്‍‍ന്നതോടെ രക്ഷാപ്രവര്‍ത്തകര്‍ക്കുപോലും എത്തിച്ചേരാന്‍ പറ്റാത്ത അവസ്ഥ. പിന്നീട് സൈന്യമുള്‍പ്പെടെ എത്തി നടത്തിയ അതിസാഹസിക രക്ഷാദൗത്യത്തിന് പിന്നാലെ നൂറിലേറെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. കുടുങ്ങിക്കിടന്ന അഞ്ഞൂറോളം പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. 

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരളത്തിന്റെ വിവിധ ജില്ലകളില്‍നിന്ന് സന്നദ്ധപ്രവര്‍ത്തകരും സംഘടനകളുമെല്ലാം സഹായമെത്തിക്കാന്‍ ചൊവ്വാഴ്ചതന്നെ  നടപടി തുടങ്ങി. വസ്ത്രവും ഭക്ഷണവും സാനിറ്ററി നാപ്കിനും വെള്ളവുമടക്കം അവശ്യ സാധനങ്ങളുമായി നിരവധി പേരാണ് വയനാട്ടിലേക്ക് യാത്രതിരിക്കാനൊരുങ്ങിയത്.  ഇതിനിടെയാണ് ഇത്തരത്തില്‍ സഹായം ആവശ്യമില്ലെന്ന രീതിയില്‍ ഒരു ശബ്ദസന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുതുടങ്ങിയത്. 

ചൊവ്വാഴ്ച വൈകീട്ടുമുതല്‍ പ്രചരിച്ച ഈ ശബ്ദസന്ദേശം വയനാട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാരുടേതാണെന്ന് തെറ്റിദ്ധരിച്ചാണ് നിരവധി പേര്‍ വാട്സാപ്പില്‍ പങ്കുവെച്ചത്. ഒരു മിനുറ്റില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള ശബ്ദസന്ദേശത്തില്‍ AKGSMA വയനാട് ജില്ലാ പ്രസിഡന്റ് മാത്യു മത്തായി എന്ന് സ്വയം പരിചയപ്പെടുത്തുന്നുണ്ട്. എന്നാല്‍ AKGSMA എന്താണെന്നറിയാത്തവരും അത് ശബ്ദസന്ദേശത്തില്‍ വ്യക്തമാകാത്തവരും ഇത് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ശബ്ദസന്ദേശമാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു. 

താന്‍ ദുരന്തഭൂമിയിലാണ് ഉള്ളതെന്നും അങ്ങോട്ട് ആരും വരേണ്ടതില്ലെന്നുമാണ് ശബ്ദസന്ദേശത്തില്‍ ആദ്യം പറയുന്നത്. തന്റെ പുല്‍പള്ളി യൂണിറ്റില്‍നിന്നടക്കം ജില്ലയിലെ എല്ലാ യൂണിറ്റുകളില്‍നിന്നും അവശ്യസാധനങ്ങള്‍ എത്തിച്ചിട്ടുണ്ടെന്നും ദുരന്തഭൂമിയില്‍ വേണ്ടത് പുനരധിവാസ പാക്കേജാണെന്നുമാണ് തുടര്‍ന്ന് പറയുന്നത്. കോഴിക്കോടുനിന്നടക്കം വാഹനങ്ങള്‍ അവശ്യസാധനങ്ങളുമായി പുറപ്പെട്ടതിനാല്‍ ഇനി സഹായം ആവശ്യമില്ലെന്നാണ് സന്ദേശം. 

എന്നാല്‍ ഈ സന്ദേശം പൊതുജനങ്ങള്‍ക്കായി അയച്ചതല്ലെന്ന സൂചന ഇതിന്റെ തുടക്കത്തില്‍തന്നെയുണ്ട് - ‘AKGSMA യുടെ പ്രിയപ്പെട്ട നേതാക്കളെ’ എന്ന ആമുഖത്തോടെയാണ് സന്ദേശം തുടങ്ങുന്നത്. ഇതോടെ ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മെര്‍ച്ചന്റ്സ് അസോസിയേഷന്‍ എന്ന വ്യാപാര സംഘടനയുടെ ഭാരവാഹിയായ മാത്യു മത്തായി ഈ സന്ദേശമയച്ചത് പ്രസ്തുത വ്യാപാര സംഘടനയുടെ കൂട്ടായ്മയ്ക്കാണെന്ന സൂചന ലഭിച്ചു. 

എന്നാല്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റിന്റെ ശബ്ദസന്ദേശമെന്ന തരത്തില്‍ പ്രചരിച്ചതോടെ യൂത്ത് കോൺഗ്രസ്സ് വയനാട് ജില്ലാ പ്രസിഡൻ്റും വയനാട്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ സംഷാദ് മരയ്ക്കാര്‍ വിശദീകരണവുമായി രംഗത്തെത്തി. പ്രചരിക്കുന്നത് തന്റെ ശബ്ദമല്ലെന്നും ഇത്തരത്തില്‍ പ്രതികരണം നടത്തിയിട്ടില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അരുണ്‍ സി എ യും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. മേപ്പാടിയിൽ മാത്രം 6 ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നും 200 ലേറെ പേര്‍ ഉടുതുണിയ്ക്ക് മറുതുണിയില്ലാതെ  വീടും കുടുംബവും നഷ്ടപ്പെട്ട് നിൽക്കുകയാണെന്നും മേപ്പാടിയില്‍ ഇനിയും സഹായം ആവശ്യമുണ്ടെന്നും അദ്ദേഹം അറിയിച്ചു. 

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സഹായം വേണ്ടതില്ലെന്ന ഒരു സന്ദേശവും ജില്ലാ ഭരണകൂടമോ മറ്റ് ഔദ്യോഗിക സംവിധാനങ്ങളോ നല്‍കിയിട്ടില്ലെന്ന് വ്യക്തമായി. ദുരിതാശ്വാസ സാമഗ്രികള്‍ എത്തിക്കുന്നത് സംബന്ധിച്ച് വയനാട് ജില്ലാ കലക്ടര്‍  ഫെയ്സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ് ലഭിച്ചു. വാഹനങ്ങളുടെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി അവശ്യസാധനങ്ങള്‍ എത്തിക്കുന്നവര്‍ നേരിട്ട് വരുന്നതിന് പകരം ഇത് ജില്ലാഭരണകൂടവുമായി ഏകോപിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.

കോഴിക്കോട് ജില്ലാ കലക്ടറുടെ ഫെയ്സ്ബുക്ക് പേജിലും സമാനമായ പോസ്റ്റ് കാണാം. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍നിന്ന് ശേഖരിക്കുന്ന സാധനസാമഗ്രികള്‍ കലക്ട്രേറ്റിലെ കലക്ഷന്‍പോയിന്റില്‍ ശേഖരിച്ച് തരംതിരിച്ചാണ് വയനാട്ടിലേക്ക് കൊണ്ടുപോകുന്നത്.

മുഖ്യമന്ത്രിയുടെല ഓഫീസും ഇക്കാര്യത്തില്‍ സന്ദേശം പങ്കുവെച്ചതായി കണ്ടെത്തി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ഏകോപിപ്പിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുന്നതിന് പ്രഥമപരിഗണന നല്‍കണമെന്നും അവശ്യസാധനങ്ങള്‍ വാങ്ങിയവര്‍‌ ജില്ലാഭരണകൂടങ്ങള്‍ വഴി വിതരണം ഏകോപിപ്പിക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിക്കുന്നു. 

ഇതോടെ പ്രചരിക്കുന്ന ശബ്ദസന്ദേശം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വയനാട്ടിലെ ദുരിതാശ്വാസകേന്ദ്രങ്ങളിലേക്ക് അവശ്യസാമഗ്രികളടക്കം സഹായങ്ങള്‍ ആവശ്യമാണെന്നും സ്ഥിരീകരിച്ചു.

Related Stories

No stories found.
logo
South Check
southcheck.in