സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മലപ്പുറം സിവില്‍ സ്റ്റേഷന്‍ ബ്രാഞ്ചില്‍ പ്രദര്‍ശിപ്പിച്ച ഒരു പോസ്റ്റര്‍ 2024 മാര്‍ച്ച് രണ്ടാംവാരമാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചുതുടങ്ങിയത്. ‘നിക്ഷേപങ്ങള്‍ ശരീഅത്ത് നിയമത്തില്‍ സ്വീകരിക്കുന്നു’ എന്ന പരസ്യവാക്യത്തോടെയാണ് പോസ്റ്റര്‍. Sharia Fund Accepted Here എന്ന് ഇംഗ്ലീഷിലും രേഖപ്പെടുത്തിയിട്ടുണ്ട്. ശരീഅത്ത് നിയമം മലപ്പുറം ബ്രാഞ്ചില്‍ മാത്രം മതിയോ എന്ന് പരിഹസിച്ചും മതേതര കേരളത്തില്‍ SBI ശരീഅത്ത് നിയമം നടപ്പാക്കുന്നുവെന്ന് ആരോപിച്ചും നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ ചിത്രം പങ്കുവെച്ചത്. മിക്ക പോസ്റ്റുകളും വര്‍ഗീയവും മതസ്പര്‍ധ പടര്‍ത്തുന്നതുമായ അടിക്കുറിപ്പുകളോടെയാണ് പ്രചരിപ്പിക്കുന്നത്.
SBI ശരീഅത്ത് നിയമത്തില്‍ നിക്ഷേപം സ്വീകരിക്കുന്നുണ്ടോ?
കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ SBI ശരീഅ ഇക്വിറ്റി ഫണ്ട് എന്ന ഒരു സ്കീമിനെക്കുറിച്ച് റിപ്പോര്‍ട്ടുകളും രേഖകളും ലഭിച്ചു. ഹിന്ദുസ്ഥാന്‍ ടൈംസ് 2014 നവംബര്‍ 25 ന് നല്‍കിയ റിപ്പോര്‍ട്ടില്‍ ശരീഅ കോംപ്ലിയന്റ് മ്യൂച്വല്‍ ഫണ്ട് ആരംഭിക്കാനൊരുങ്ങുന്നതായി പറയുന്നു.
ഇന്ത്യയിലാദ്യമായി ശരീഅ-കോംപ്ലിയന്റ് നിക്ഷേപ പദ്ധതി ആരംഭിക്കുന്നത് സംബന്ധിച്ച് നിരവധി മാധ്യമറിപ്പോര്‍ട്ടുകള്‍ കണ്ടെത്തി. 2014 ഡിസംബറിലാണ് പദ്ധതിയ്ക്ക് തുടക്കം കുറിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പ്രമുഖ അറേബ്യന്‍ മാധ്യമമായ അറബ് ന്യൂസില്‍ പോലും ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ വന്നതായി കണ്ടെത്തി.
എന്താണ് ശരീഅ-കോംപ്ലിയന്റ് ഫണ്ട്?
ഇസ്ലാം മതവിശ്വാസികളെ സംബന്ധിച്ചിടത്തോളം മതം അനുശാസിക്കുന്ന നിരവധി സാമ്പത്തിക നിയന്ത്രണങ്ങള്‍ അവരുടെ വിശ്വാസത്തിന്റെ ഭാഗമാണ്. മദ്യം, പുകയില, മറ്റ് ലഹരിവസ്തുക്കള്‍, ചൂതാട്ടം, പന്നിമാംസം, പലിശ തുടങ്ങി വിശ്വാസപരമായി നിഷിദ്ധമായ സംരംഭങ്ങളിലെ നിക്ഷേപം പൂര്‍ണമായും ഒഴിവാക്കി ചെയ്യുന്ന ബാങ്കിങ് രീതികളെയാണ് ഇസ്ലാമിക് ബാങ്കിങ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇവ പൂര്‍ണമായും പലിശരഹിതമായിരിക്കും. ഇതിന് സമാനമായ മ്യൂച്വല്‍ ഫണ്ട് നിക്ഷേപ പദ്ധതികളാണ് ശരീഅ-കോംപ്ലിയന്റ് ഫണ്ട് എന്നറിയപ്പെടുന്നത്.
SBI യുടെ ശരീഅ-കോംപ്ലിയന്റ് ഫണ്ടിന് എന്തുസംഭവിച്ചു?
2014 ഡിസംബറില്‍ തുടങ്ങാനിരുന്ന SBI യുടെ ശരീഅ-കോംപ്ലിയന്റ് ഫണ്ട് പിന്നീട് റദ്ദാക്കിയതായി അന്വേഷണത്തില്‍ വ്യക്തമായി. 2014 ല്‍ ഇതിനായി എല്ലാ തയ്യാറെടുപ്പുകളും SBI പൂര്‍ത്തിയാക്കുകയും SEBI യുടെ അംഗീകാരം ലഭിക്കുകയും ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് അന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ നല്‍കിയതും. എന്നാല്‍ പിന്നീട് അന്തിമഘട്ട അനുമതി RBI നിഷേധിച്ചതോടെയാണ് പദ്ധതി അനിശ്ചിതത്വത്തിലായത്. ഇതുസംബന്ധിച്ച് നിരവധി മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭിച്ചു.
ശരീഅ-കോംപ്ലിയന്റ് ഫണ്ടിന് അനുമതി നിഷേധിച്ചത് രാഷ്ട്രീയപരമായ തീരുമാനമാണെന്ന് പ്രതിപക്ഷം ഉള്‍പ്പെടെ ആരോപിച്ചു. രാജ്യത്ത് ഇസ്ലാമിക് ബാങ്കിങ് പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്ന് കേന്ദ്രഗവണ്മെന്റ് തീരുമാനിച്ചതാണ് RBI അനുമതി നിഷേധിക്കാന്‍ കാരണമെന്നായിരുന്നു പ്രധാന ആരോപണം. ടൈംസ് ഓഫ് ഇന്ത്യ 2014 ഡിസംബറില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കുന്നു.
പദ്ധതിയ്ക്ക് അനുമതി നിഷേധിച്ചത് രാഷ്ട്രീയപ്രേരിതമാണെന്നും എന്നാല്‍ വാണിജ്യപരമായ കാരണങ്ങളാലാണ് പദ്ധതി ഉപേക്ഷിച്ചതെന്ന് SBI അധികൃതര്‍ പ്രതികരിച്ചെന്നും ഫസ്റ്റ്പോസ്റ്റ് 2015 മാര്‍ച്ചില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Economic Times ഉള്‍പ്പെടെ നിരവധി ദേശീയ മാധ്യമങ്ങളിലും മറ്റ് വിദേശമാധ്യമങ്ങളിലുമെല്ലാം പദ്ധതി ഉപേക്ഷിച്ചത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ടുകള്‍ കാണാം.
2024 ല്‍ ശരീഅത്ത് അധിഷ്ഠിത നിക്ഷേപത്തെക്കുറിച്ചുള്ള പോസ്റ്റര്‍ വന്നതെങ്ങനെ?
2014 ല്‍ SBI നടപ്പാക്കാതെ പോയ പദ്ധതി സംബന്ധിച്ച് 2024 ല്‍ മലപ്പുറത്തെ ബാങ്കില്‍ എങ്ങനെ പരസ്യം പ്രത്യക്ഷപ്പെട്ടുവെന്നറിയാനായി മലപ്പുറം ബ്രാഞ്ച് മാനേജറുമായി ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു.
“ശരീഅ ഫണ്ട് എന്ന പേരില്‍ SBI യ്ക്ക് ഒരു നിക്ഷേപം ഇല്ലെന്നത് വസ്തുതയാണ്. ശരീഅത്ത് നിയമപ്രകാരം - അതായത് ഇസ്ലാം മത വിശ്വാസികള്‍ക്ക് നിഷിദ്ധമായ വിപണികളെ ഒഴിവാക്കി - മാത്രം നിക്ഷേപം നടത്തുന്ന മ്യൂച്വല്‍ ഫണ്ട് സ്കീമുകള്‍ SBI ലൈഫില്‍ ലഭ്യമാണ്. SBI പ്യുവര്‍ ഫണ്ട് ഇത്തരമൊരു നിക്ഷേപമാണ്. മലപ്പുറം ജില്ലയില്‍ പ്രത്യേകിച്ച് കൂടുതല്‍ മുസ്ലിം ഉപയോക്താക്കള്‍ നിലവിലുള്ള സാഹചര്യത്തില്‍ ഇത്തരം നിക്ഷേപപദ്ധതികളില്‍ അവരെ ആകര്‍ഷിക്കാനും അവരോട് ഇക്കാര്യം ആശയവിനിമയം നടത്താനും വേണ്ടിയാണ് അത്തരമൊരു പോസ്റ്റര്‍ വെച്ചത്. പോസ്റ്ററില്‍ ശരീഅ നിയമപ്രകാരം, ശരീഅ-ഫണ്ട് തുടങ്ങിയ പദങ്ങള്‍ ഉപയോഗിച്ചതാണ് പ്രശ്നമായത്. അത് തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നത് ശരിയാണ്. ഇക്കാര്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചപ്പോള്‍തന്നെ ഈ പോസ്റ്റര്‍ മാറ്റിയിരുന്നു. വിഷയത്തില്‍ ഉന്നതതലത്തില്‍നിന്ന് വിശദീകരണം തേടുകയും അത് നല്‍കുകയും ചെയ്തതാണ്. യഥാര്‍ത്ഥത്തില്‍ പ്യുവര്‍ ഫണ്ടിനെക്കുറിച്ചാണ് പറയാനുദ്ദേശിച്ചത്. ”
SBI പ്യുവര്‍ ഫണ്ട്
ശരീഅത്ത് നിയമം അഥവാ ഇസ്ലാമിക വിശ്വാസപ്രകാരം അനുവദനീയമായ രീതിയില്‍ നിക്ഷേപ പദ്ധതികള്‍ നല്‍കുന്ന SBI-യുടെ സ്കീമാണ് പ്യൂവര്‍ ഫണ്ട്. മദ്യം, പുകയില, സിനിമ, ലോട്ടറി, ചൂതാട്ടം, ബാങ്ക്, ഹോട്ടല്‍, ലെതര്‍, മൃഗ ഉല്പന്നങ്ങള്‍ എന്നിവയുടെ കമ്പനികളിലൊഴികെ പലിശരഹിത നിക്ഷേപമാണ് പ്യുവര്‍ ഫണ്ടില്‍ വാഗ്ദാനം ചെയ്യുന്നത്. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ SBI Life വെബ്സൈറ്റില്‍ ലഭ്യമാണ്.
SBI പ്യുവര്‍ ഫണ്ട് മലപ്പുറത്ത് മാത്രമല്ല, ഇന്ത്യയിലുടനീളം ലഭ്യമാണ്.
ഉപസംഹാരം
ഇസ്ലാം മതവിശ്വാസപ്രകാരം അനുവദനീയമായ നിക്ഷേപങ്ങള്‍ തെരഞ്ഞെടുത്ത് ഉപയോക്താക്കള്‍ക്ക് നല്‍കുന്ന SBIയുടെ പ്യുവര്‍ ഫണ്ട് സ്കീം നിലവിലുണ്ട്. ഇതിനുവേണ്ടി പരസ്യം ചെയ്യാനാണ് മലപ്പുറം ബ്രാഞ്ചില്‍ ശരീഅത്ത് നിയമപ്രകാരം നിക്ഷേപം സ്വീകരിക്കുന്നുവെന്ന് പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ചത്. 2014 ല്‍ ശരീഅ-കോംപ്ലിയന്റ് ഫണ്ട് എന്ന പേരില്‍ സ്കീം ആരംഭിക്കാന്‍ SBI തയ്യാറെടുത്തിരുന്നുവെങ്കിലും പിന്നീട് അത് റദ്ദാക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ ഇത്തരം പരസ്യം നല്‍കിയത് SBI നയത്തിനെതിരാണെന്ന് ബാങ്ക് തന്നെ സ്ഥിരീകരിക്കുകയും പോസ്റ്റര്‍ പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതുപോലെ SBI മലപ്പുറത്ത് ശരീഅത്ത് നിയമം നടപ്പാക്കുന്നുവെന്ന പ്രചാരണം തീര്‍ത്തും വസ്തുതാവിരുദ്ധമാണ്. ഇസ്ലാമികനിയമപ്രകാരം നിക്ഷേപം വാഗ്ദാനം ചെയ്യുന്ന പ്യുവര്‍ഫണ്ട് SBI ലൈഫില്‍ രാജ്യത്തുടനീളം ലഭ്യമാണ്.