Fact Check: വയനാട്ടിലെ ദുരന്തമേഖലയിലേക്ക് പോകുന്നതിന് ശാസ്ത്രജ്ഞര്‍ക്ക് വിലക്കുണ്ടോ?

ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളും ശാസ്ത്രജ്ഞരുടെ സമൂഹവും ദുരന്തമേഖലയിലേക്ക് പഠനത്തിനായി പോകരുതെന്നും മാധ്യമങ്ങളുമായി അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കരുതെന്നും നിര്‍ദേശിച്ച് ദുരന്ത നിവാരണ വിഭാഗം പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറത്തിറക്കിയ കുറിപ്പിന്റെ ചിത്രമാണ് സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.
Fact Check: വയനാട്ടിലെ ദുരന്തമേഖലയിലേക്ക് പോകുന്നതിന് ശാസ്ത്രജ്ഞര്‍ക്ക് വിലക്കുണ്ടോ?
Published on
2 min read

വയനാട് മുണ്ടക്കൈ ഉരുള്‍ ദുരന്തത്തില്‍ തിരച്ചില്‍ തുടരുകയാണ്. 2024 ജൂലൈ 30ന് പുലര്‍ച്ചെ ഒന്നരയോടെയുണ്ടായ ദുരന്തത്തില്‍ മരണസംഖ്യ ഇതിനകം 300 കടന്നതായാണ് റിപ്പോര്‍ട്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും സജീവമായി തുടരുകയാണ്. ഇതിനിടെയാണ് ദുരന്തമേഖലയിലേക്ക് ശാസ്ത്രജ്ഞര്‍ക്ക് സര്‍ക്കാര്‍ പ്രവേശനം വിലക്കിയെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. ദുരന്ത നിവാരണ വിഭാഗം പ്രിന്‍സിപ്പല്‍ സെക്രട്ടറി സംസ്ഥാനത്തെ ശാസ്ത്രസാങ്കേതിക ഗവേഷണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശത്തിന്റെ ചിത്രസഹിതമാണ് പ്രചാരണം

സത്യങ്ങള്‍ പുറത്തുവരുന്നതിനെ സര്‍ക്കാര്‍ ഭയക്കുന്നുവെന്നും സര്‍ക്കാരിന്റേത് ഫാസിസ്റ്റ് മനോഭാവമാണെന്നും ഉള്‍പ്പെടെ രൂക്ഷവിമര്‍ശനത്തോടെയാണ് നിരവധി പേര്‍ ഈ ചിത്രം പങ്കുവെയ്ക്കുന്നത്

Fact-check: 

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പ്രചരിക്കുന്ന നിര്‍ദേശം ഇറക്കിയ ദിവസംതന്നെ സര്‍ക്കാര്‍ പിന്‍വലിച്ചതാണെന്നും സൗത്ത് ചെക്ക് അന്വേഷണത്തില്‍ വ്യക്തമായി. 

പ്രചരിക്കുന്ന നിര്‍ദേശത്തിന്റെ ചിത്രമാണ് ആദ്യം പരിശോധിച്ചത്. ദുരന്തനിവാരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിശ്വാല്‍ IAS തന്റെ ലെറ്റര്‍പാഡില്‍ നല്‍കിയ നോട്ടില്‍ സംസ്ഥാനത്തെ ശാസ്ത്രസാങ്കേതി സ്ഥാപനങ്ങള്‍ ദുരന്തപ്രദേശത്ത് പഠനങ്ങള്‍ നടത്തരുതെന്നും ശാസ്ത്രജ്ഞര്‍ മാധ്യമങ്ങളോട് അവരുടെ അഭിപ്രായങ്ങളോ പഠനങ്ങളോ പങ്കുവെയ്ക്കരുതെന്നും നിര്‍ബന്ധിത സാഹചര്യങ്ങളില്‍ കേരള ദുരന്ത നിവാരണ അതോറിറ്റിയുടെ അനുമതി വാങ്ങണമെന്നും ഇതില്‍ നിര്‍ദേശിച്ചതായി കാണാം. 2024 ആഗസ്റ്റ് 1-നാണ് ഈ നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും കാണാം.

തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിരവധി പേര്‍ ഇതിനെ വിമര്‍ശിച്ച് രംഗത്തെത്തിയതായി കണ്ടെത്തി. മാധ്യമങ്ങളിലും ഇതുസംബന്ധിച്ച് വാര്‍ത്ത കാണാം. പ്രമുഖ ദുരന്തനിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുക്കുടി ഉള്‍പ്പെടെ സര്‍ക്കാര്‍ ഇത് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 2024 ആഗസ്റ്റ് ഒന്നിന് രാത്രി പത്തുമണിയ്ക്ക് മുന്‍പാണ് ഈ റിപ്പോര്‍ട്ടുകളെല്ലാം പ്രസിദ്ധീരിച്ചിരിക്കുന്നത്. 

തുടര്‍ന്ന് സര്‍ക്കാറിന്റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകള്‍ പരിശോധിച്ചു. സര്‍ക്കാറിന് ഇത്തരമൊരു നയമില്ലെന്നും പ്രസ്തുത നിര്‍ദേശം പിന്‍വലിക്കാന്‍ ‍ഇടപെടണമെന്നുമാവശ്യപ്പെട്ട് മുഖ്യമന്ത്രി തന്നെ ചീഫ് സെക്രട്ടറിയ്ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഫെയ്സ്ബുക്ക് പേജില്‍കുറിപ്പ് പങ്കുവെച്ചത് കണ്ടെത്തി. 2024 ആഗസ്റ്റ് 1-ന് രാത്രി 10:49നാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. 

തുടര്‍ന്ന് ചീഫ് സെക്രട്ടറി ഡോ. വി വേണുവിന്റെ ഫെയ്സ്ബുക്ക് പേജ് പരിശോധിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പോസ്റ്റിന് പിന്നാലെ ചീഫ് സെക്രട്ടറി പ്രസ്തുത നിര്‍ദേശത്തില്‍ വ്യക്തതക്കുറവുള്ളതിനാല്‍ അടിയന്തരമായി പിന്‍വലിച്ചതായി അറിയിച്ചുകൊണ്ട് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പും കണ്ടെത്തി.  

ഇതോടെ പ്രസ്തുത നിര്‍ദേശം ഇറക്കിയ ആഗസ്റ്റ് 1-ന് രാത്രിതന്നെ പിന്‍വലിച്ചതായി സ്ഥിരീകരിച്ചു. ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് വന്ന വീഴ്ചയാണെന്നും സര്‍ക്കാറിന് ഇത്തരമൊരു നയമില്ലെന്നും മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ നിലവില്‍ ദുരന്തമേഖലയില്‍ ഏതെങ്കിലും തരത്തിലുള്ള പഠനത്തിന് ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങള്‍ക്കോ ശാസ്ത്രജ്ഞര്‍ക്കോ വിലക്കില്ലെന്ന് വ്യക്തമായി. നിലവില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വ്യക്തം. 

അതേസമയം, 2023-ല്‍ ഉത്തരാഖണ്ഡിലെ ജോഷിമഠിലുണ്ടായ മേഘവിസ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ISRO നടത്തിയ പഠനങ്ങള്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഇത്തരം സര്‍വേകള്‍ നടത്തരുതെന്നും മാധ്യമങ്ങള്‍ക്ക് കൈമാറരുതെന്നും ആവശ്യപ്പെട്ട് ദേശീയ ദുരന്തനിവാരണ അതോറിറ്റിയും രംഗത്തെത്തിയിരുന്നു.

Related Stories

No stories found.
logo
South Check
southcheck.in