
കോണ്‍ഗ്രസ് എംപി ശശി തരൂര്‍ മഹാത്മാഗാന്ധിയ്ക്കെതിരെ പ്രസ്താവന നടത്തിയതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. മഹാത്മാഗാന്ധി ഇന്ത്യയെ ചതിച്ച വ്യക്തിയാണെന്നും രാജ്യത്തെ ഹൈന്ദവ വിശ്വാസികളെ അവഗണിക്കുകയും ഗാന്ധിജി മുസ്‍ലിം സമൂഹത്തിന് വേണ്ടി നിലകൊള്ളുകയും ചെയ്തുവെന്ന് ശശി തരൂര്‍ പറയുന്ന തരത്തില്‍ ഒരു വീഡിയോയാണ് പ്രചരിക്കുന്നത്.
പ്രചാരണം വസ്തുത വിരുദ്ധമാണെന്നും പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത അപൂര്‍ണവീഡിയോ ആണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
പ്രചരിക്കുന്ന വീഡിയോയിലെ ചില കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ നേരത്തെയും സമാന പ്രചാരണം ഉണ്ടായിരുന്നതായി കണ്ടെത്തി. പ്രചരിച്ച പോസ്റ്റുകള്‍ വിശദമായി പരിശോധിച്ചതോടെ ഇത് ഹോര്‍ത്തൂസ് എന്ന പരിപാടിയിലെ ഭാഗമാണെന്നും അപൂര്‍ണമായി എഡിറ്റ് ചെയ്ത വീഡിയോ ആണെന്നും ചിലര്‍ കമന്റുകളില്‍ രേഖപ്പെടുത്തിയതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വിശദമായ പരിശോധനയില്‍ മലയാള മനോരമ 2024 നവംബറില്‍ സംഘടിപ്പിച്ച ഹോര്‍ത്തൂസ് എന്ന പരിപാടിയിലെ അഭിമുഖത്തിന്റെ ദൃശ്യങ്ങളാണിതെന്ന് കണ്ടെത്തി. മനോരമ ഹോര്‍ത്തൂസ് എന്ന യൂട്യൂബ് ചാനലില്‍ ഇതിന്റെ പൂര്‍ണരൂപം 2024 നവംബര്‍ 23ന് പങ്കുവെച്ചതായി കണ്ടെത്തി. വീഡിയോയുടെ പതിനൊന്നാം മിനുറ്റില്‍ പ്രചരിക്കുന്ന ഭാഗം കാണാം.
ഇന്ത്യയുടെ വര്‍ത്തമാനം എന്നപേരില്‍ ജോണി ലൂക്കോസ് ശശി തരൂരുമായി നടത്തിയ അഭിമുഖത്തില്‍ അദ്ദേഹം സംസാരിക്കുന്നത് പ്രധാനമന്ത്രി മോദിയെക്കുറിച്ചാണ്. മോദി എങ്ങനെയാണ് ആര്‍എസ്എസ് സ്വാധീനത്താല്‍ ഗാന്ധിജിയെ തെറ്റായി മനസ്സിലാക്കിയതെന്ന് വിശദീകരിക്കുകയാണ് തരൂര്‍ പ്രചരിക്കുന്ന ഭാഗത്ത് വാക്യത്തിന്റെ തുടക്കം എഡിറ്റ് ചെയ്ത് മാറ്റി അപൂര്‍ണമായാണ് പ്രചരിപ്പിക്കുന്നത്. മോദി ചെറുപ്പം തൊട്ട് ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നുവെന്നും അദ്ദേഹം ഗാന്ധിജിയെക്കുറിച്ച് കേട്ടുവളര്‍ന്ന ചില കാര്യങ്ങള്‍ ഇതാണെന്നും സൂചിപ്പിച്ചുകൊണ്ടാണ് ശശി തരൂര്‍ ഇക്കാര്യം പറയുന്നത്.
ഇതോടെ പ്രചാരണം വസ്തുതവിരുദ്ധമാണെന്ന് വ്യക്തമായി.