

നീറ്റ് പരീക്ഷാ ക്രമക്കേട് ഉള്‍പ്പെടെ വിഷയങ്ങളില്‍ കോക്രോച്ച് ജനതാ പാര്‍ട്ടി പ്രതിഷേധം ശക്തമാക്കാനിരിക്കെ വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടത്താനിരിക്കുന്ന മാര്‍ച്ചിന് ഐക്യദാര്‍ഢ്യമറിയിച്ച് പ്രശസ്ത പരിസ്ഥിതി - വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ സോനം വാങ്ചുക് ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ നിരാഹാരമിരിക്കുകയാണ്. ഈ സാഹര്യത്തിലാണ് അദ്ദേഹത്തെ പരിഹസിച്ച് നിരാഹാരത്തിനിടെ ഭക്ഷ്യവിഷബാധയേറ്റ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന തരത്തില്‍ ഒരു സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്
പ്രചാരണം വ്യാജമാണെന്നും അദ്ദേഹം സമരപ്പന്തലില്‍ തുടരുകയാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
പ്രചരിക്കുന്ന സന്ദേശവുമായി ബന്ധപ്പെട്ട കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന്റെ നിരാഹാര സമരവുമായി ബന്ധപ്പെട്ട നിരവധി റിപ്പോര്‍ട്ടുകള്‍ കണ്ടെത്തി. പിടിഐ വാര്‍ത്താ ഏജന്‍സി 2026 ജൂലൈ 16ന് ഫെയ്സ്ബുക്കില്‍ പങ്കിട്ട വാര്‍ത്തയില്‍ നിരാഹാരം മൂലം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായതായി പറയുന്നുണ്ട്. ആശുുപത്രിയിലേക്ക് മാറ്റാന്‍ കൂട്ടാക്കാത്തതിനെത്തുടര്‍ന്ന് സമരപ്പന്തലില്‍ അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍ 19 ദിവസത്തിനിടെ അദ്ദേഹത്തിന് 9 കിലോ ഭാരം കുറഞ്ഞതായി പറഞ്ഞുവെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
തുടര്‍ന്ന് മലയാളം റിപ്പോര്‍ട്ടുകളും പരിശോധിച്ചു. ടൈംസ് ഓഫ് ഇന്ത്യയുടെ മലയാളം വെബ്സൈറ്റിലും ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത ജൂലൈ 16 ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹം സമരപ്പന്തലില്‍ തുടരുകയാണെന്നും ആരോഗ്യസ്ഥിതി മോശമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. കേരള കൗമുദി ഓണ്‍ലൈനിലും അദ്ദേഹത്തിന്റെ നിരാഹാര സമരവുമായി ബന്ധപ്പെട്ട വാര്‍ത്ത കാണാം.
തുടര്‍ന്ന് ഏറ്റവും പുതിയ വാര്‍ത്തകളും പരിശോധിച്ചു. ഹിന്ദുസ്ഥാന്‍ ടൈംസ് 2026 ജൂലൈ 16 ന് രാത്രി 11.30ന് ശേഷം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലും അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയതായി വിവരമില്ല. അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെടെ നേതാക്കള്‍ അദ്ദേഹത്തെ ജന്തര്‍ മന്ദറിലെത്തി സന്ദര്‍ശിച്ചതായാണ് വാര്‍ത്ത.
ഇതോടെ സോനം വാങ്ചുക്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന തരത്തിലുള്ള പ്രചാരണം വ്യാജമാണെന്ന് വ്യക്തമായി.