Fact Check: ക്രിസ്ത്യന്‍ സെമിനാരിയില്‍ ഇസ്ലാം മതപഠനമോ? പ്രചാരണത്തിന്റെ വാസ്തവമറിയാം

കത്തോലിക്ക സഭയുടെ സെമിനാരികളുടെ നിയന്ത്രണം മുസ്ലിംകള്‍ ഏറ്റെടുത്തിരിക്കുന്നുവെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന സന്ദേശത്തിനൊപ്പം മുസ്ലിം പള്ളിയില്‍ പുരോഹിതനെ ശ്രവിക്കുന്ന ഒരുകൂട്ടം യുവാക്കളുടെ ചിത്രവും കാണാം. ‌
Fact Check: ക്രിസ്ത്യന്‍ സെമിനാരിയില്‍ ഇസ്ലാം മതപഠനമോ? പ്രചാരണത്തിന്റെ വാസ്തവമറിയാം
Published on
2 min read

ക്രിസ്ത്യന്‍ മതപഠനശാലകളില്‍ മുസ്ലിംകള്‍ കൈകടത്തുന്നുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. എറണാകുളം ആലുവയിലെ മംഗലപ്പുഴ സെമിനാരിയിലെ വിദ്യാര്‍ത്ഥികള്‍ എറണാകുളം ഗ്രാന്‍ഡ് മസ്ജിദില്‍ മുസ്ലിം പുരോഹിതനെ ശ്രവിക്കുന്നുവെന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിക്കുന്നത്.  ക്രിസ്ത്യന്‍ പുരോഹിതരാവാനായി വരുന്ന വിദ്യാര്‍ത്ഥികള്‍ ഒടുവില്‍ മദ്രസാ അധ്യാപകരമായി മാറിയേക്കുമെന്ന മുന്നറിയിപ്പും സന്ദേശത്തിലുണ്ട്.  വര്‍ഗീയമായി മതസ്പര്‍ധ പടര്‍ത്തുന്ന തരത്തിലുള്ള വിവരണത്തോടെ പങ്കുവെക്കുന്ന ചിത്രത്തിന് താഴെ  നിരവധി പേരാണ് സമാനമായ തരത്തില്‍ കമന്റുകള്‍ നല്‍കുന്നത്.

Fact-check: 

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വൈദികപഠനത്തിന്റെ ഭാഗമായി വര്‍ഷങ്ങളായി തുടരുന്ന രീതിയാണിതെന്നും വസ്തുത പരിശോധനയില്‍ വ്യക്തമായി. 

പ്രചരിക്കുന്ന സന്ദേശത്തില്‍ പരാമര്‍ശിക്കുന്ന എറണാകുളം ആലുവയിലെ മംഗലപ്പുഴ സെമിനാരിയുടെ അധികൃതരുമായാണ് ആദ്യം ബന്ധപ്പെട്ടത്. പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും രാഷ്ട്രീയ-വര്‍ഗീയ ലക്ഷ്യങ്ങളാണ് ഇതിന് പിന്നിലെന്നും സ്ഥാപന അധികൃതര്‍ വ്യക്തമാക്കി. 

തീര്‍ത്തും തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം. വൈദികപഠനത്തിനായി എത്തുന്ന വിദ്യാര്‍ത്ഥികളുടെ സിലബസ് പ്രകാരം ഇതരമതങ്ങളെക്കുറിച്ച് അവര്‍ക്ക് പഠിക്കാനുണ്ട്. ഇതിന്റെ ഭാഗമായി ആറാംവര്‍ഷം വിവിധ ദേവാലയങ്ങള്‍ സന്ദര്‍ശിക്കുകയും മതപുരോഹിതരുമായി സംവദിക്കുകയും ചെയ്യാറുണ്ട്. വിശ്വാസികളെയും സമൂഹത്തെയും നയിക്കേണ്ടവരാണ് വൈദികര്‍. സ്വന്തം മതചിന്തകളില്‍ ഒതുങ്ങാതെ ഇതരമതങ്ങളെയും ചിന്താധാരകളെയും കുറിച്ച് പഠിക്കേണ്ടതും മനസ്സിലാക്കേണ്ടതും അവരെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്. മസ്ജിദില്‍ മാത്രമല്ല, ഗുരുദ്വാരയിലും അദ്വൈതാശ്രമത്തിലുമെല്ലാം ഇതിന്റെ ഭാഗമായി സന്ദര്‍ശനം നടത്താറുണ്ട്. ഇത്തരത്തില്‍ വര്‍ഷങ്ങളായി നടത്തിവരുന്നപോലെ ഇത്തവണയും എറണാകുളം ഗ്രാന്‍ഡ് ജുമാ  മസ്ജിദ് സന്ദര്‍ശിക്കുകയും പള്ളിയിലെ പുരോഹിതനുമായി ഞങ്ങളുടെ 60 വിദ്യാര്‍ത്ഥികള്‍ സംവദിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ചിത്രമാണ് തെറ്റായ അടിക്കുറിപ്പോടെ പ്രചരിക്കുന്നത്.

ഇതോടെ പ്രചരിക്കുന്ന ചിത്രം വൈദികപഠനത്തിന്റെ ഭാഗമായി കാലങ്ങളായി നടത്തിവരുന്ന ഇതര ദേവാലയ സന്ദര്‍ശനത്തിന്റേതാണെന്ന് വ്യക്തമായി. തുടര്‍ന്ന് സന്ദര്‍ശനത്തിന് നേതൃത്വം നല്‍കിയ റവ. ഫാദര്‍ കുണ്ടുകുളം വിന്‍സെന്റുമായും സംസാരിച്ചു. അദ്ദേഹത്തിന്റെ പ്രതികരണം: 

2024 സെപ്തംബര്‍ ആറിനായിരുന്നു ഈ സന്ദര്‍ശനം. വൈദികപഠനത്തിന്റെ ഭാഗമായി റോമില്‍ തയ്യാറാക്കിയ സിലബസാണ് ഞങ്ങള്‍ പിന്തുടരുന്നത്. ഇതരമതങ്ങളെക്കുറിച്ച് പഠിക്കാനും മനസ്സിലാക്കാനുമായി പ്രത്യേക ചാപ്റ്റര്‍ തന്നെ ഇതിലുണ്ട്. ആറാംവര്‍ഷം വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന് അവസരമൊരുക്കുന്നു. ഇത് ഇവിടെ മാത്രമല്ല, എല്ലാ സെമിനാരികളിലും ചെയ്തുവരുന്ന കാര്യമാണ്. ചില സ്ഥലങ്ങളില്‍ വിദ്യാര്‍ത്ഥികളെ മറ്റ് ദേവാലയങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് പ്രായോഗിക ബുദ്ധമുട്ടുണ്ടെങ്കില്‍ പുരോഹിതരെ സെമിനാരിയിലേക്ക് കൊണ്ടുവരാറുമുണ്ട്. എറണാകുളം ഗ്രാന്‍ഡ് മസ്ജിദിലെ ഇമാം ഫൈസല്‍ അസ്ഹരി ഏറെക്കാലമായി എന്റെ സുഹൃത്താണ്. ഇത്തരം സന്ദര്‍ശനങ്ങളില്‍ വര്‍ഷങ്ങളായി മസ്ജിദ് ഞങ്ങളുമായി സഹകരിച്ചുവരുന്നു. മസ്ജിദ് സന്ദര്‍ശിച്ച അതേ ദിവസം തന്നെ ഞങ്ങള്‍ തേവരയിലെ ഗുരുദ്വാരയും സന്ദര്‍ശിച്ചിരുന്നു. അദ്വൈതാശ്രമം ഉള്‍പ്പെടെ ഇതര ദേവാലയങ്ങളെല്ലാം വിദ്യാര്‍ത്ഥികള്‍ സന്ദര്‍ശിക്കാറുണ്ട്. മസ്ജിദില്‍നിന്നെടുത്ത ചിത്രം ഫൈസല്‍ അസ്ഹരി തന്നെയാണ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്. ഇത് ചിലര്‍ വര്‍ഗീയ പ്രചാരണത്തിന് ഉപയോഗിക്കുകയാണ്. വ്യക്തിപരമായ കാരണങ്ങളോ സ്ഥാപനത്തിനെതിരായ ഗൂഢലക്ഷ്യമോ ആവാം ഇതിന് പിന്നിലെന്നാണ് കരുതുന്നത്. മതസൗഹാര്‍ദത്തിന് അവസരങ്ങളൊരുക്കുന്ന ഒരു മതപഠനസ്ഥാപനത്തെ ലക്ഷ്യമിട്ടാണ് പ്രചാരണം.

വൈദികപഠനവുമായി ബന്ധപ്പെട്ട കത്തോലിക്ക സഭയുടെ മാര്‍ഗനിര്‍ദേശങ്ങളിലും ഇതര മതങ്ങളെ മനസ്സിലാക്കുന്നതിന് ഊന്നല്‍ നല്‍കുന്നതായി കാണാം.

തുടര്‍ന്ന് എറണാകുളം ഗ്രാന്‍ഡ് മസ്ജിദ് ഇമാം എംപി ഫൈസല്‍ അസ്ഹരിയുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് പരിശോധിച്ചതോടെ സെപ്തംബര്‍ ആറിന് വെള്ളിയാഴ്ച തന്നെ അദ്ദേഹം ഈ ചിത്രേം പങ്കുവെച്ചിരുന്നതായി കണ്ടെത്തി. എറണാകുളം ഗ്രാൻഡ് മസ്ജിദിൽ സൗഹൃദത്തിന്റെ നിമിഷങ്ങൾ.. ആലുവ മംഗലപുഴ സെമിനാരിയിലെ 60 തിയോളജി വിദ്യാര്‍ഥികൾ ഗ്രാൻഡ് മസ്ജിദ് സന്ദർശിച്ചു എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

തുടര്‍ന്ന് അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചു.  അദ്ദേഹത്തിന്റെ പ്രതികരണം: 

പ്രചാരണത്തില്‍ പറയുന്നപോലെ ക്രിസ്ത്യന്‍ സെമിനാരിയില്‍ കൈകടത്തുന്ന യാതൊന്നുമല്ല അവിടെ നടന്നത്. വര്‍ഷങ്ങളായി കത്തോലിക്ക സഭയുമായി സഹകരിച്ച് വൈദിക വിദ്യാര്‍ഥികള്‍ക്ക് മസ്ജിദ് സന്ദര്‍ശിക്കാന്‍ അവസരം നല്‍കാറുണ്ട്. ഇത് മതസൗഹാര്‍ദത്തിന്റെയും പരസ്പരം തിരിച്ചറിയലിന്റെയും വേദിയാണ്. വെള്ളിയാഴ്ച നടന്ന സന്ദര്‍ശനത്തില്‍ വിദ്യാര്‍ഥികളുമായി വളരെ സൗഹാര്‍ദപരമായ സംവാദമാണ് നടന്നത്. അവര്‍ ഇസ്ലാം മതത്തെക്കുറിച്ച് അവരുടെ മനസ്സിലെ സംശയങ്ങള്‍ ചോദിക്കുകയും അതിന് ഉത്തരം നല്‍കുകയും ചെയ്തു. ഇതിനപ്പുറം ഇസ്ലാം മതത്തിന്റെ പ്രചാരണത്തിന്റെ വേദിയായി ഇതിനെ വക്രീകരിക്കുന്നത് വര്‍ഗീയ -രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാവാം. ഓരോ സംവാദത്തിലും ഇതരമതസ്ഥരെക്കുറിച്ച് മനസ്സിലാക്കാന്‍ ഞങ്ങള്‍ക്കും അവസരം ലഭിക്കുന്നു. വളരെ പോസിറ്റീവായ ഈ സഹകരണം ഇനിയും തുടരുകതന്നെ ചെയ്യും.

ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി. വൈദികപഠനത്തിന്റെ ഭാഗമായി പാഠ്യപദ്ധതിയില്‍ പരാമര്‍ശിക്കുന്ന ഇതര ദേവാലയങ്ങളിലെ സന്ദര്‍ശനം മാത്രമാണ് നടന്നതെന്നും ഇത് മതസൗഹാര്‍ദത്തിനും പരസ്പര ബഹുമാനത്തിനും വഴിയൊരുക്കുന്നതാണെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ വസ്തുത വിരുദ്ധമാണെന്നും വ്യക്തമായി. 

Related Stories

No stories found.
logo
South Check
southcheck.in