

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാര്‍ട്ടി ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ നടത്തിവരുന്ന സമരം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ പ്രശസ്ത ബഹിരാകാശ യാത്രിക സുനിത വില്യംസ് സമരത്തിന് പിന്തുണയുമായി സമരവേദിയിലെത്തിയെന്ന അവകാശവാദത്തോടെയാണ് ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പൊലീസ് അകമ്പടിയില്‍ സുനിത വില്യംസ് നടന്നുവരുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
പ്രചാരണം വ്യാജമാണെന്നും സുനിത വില്യംസ് മുന്‍പ് കേരളത്തിലെത്തിയ സമയത്തെ ദൃശ്യങ്ങളാണ് തെറ്റായ വിവരണത്തോടെ പ്രചരിക്കുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
പ്രചരിക്കുന്ന വീഡിയോ സൂക്ഷ്മമായി നിരീക്ഷിച്ചതോടെ ഇത് ഡല്‍ഹിയിലല്ലെന്ന സൂചന ലഭിച്ചു. വീഡിയോയുടെ പശ്ചാത്തലത്തിലെ മലയാളം ബോര്‍ഡുകളും കൂടെയുള്ള പൊലീസിന്റെ യൂണിഫോമുമെല്ലാം വീഡിയോ കേരളത്തിലേതാണെന്ന് വ്യക്തമാക്കി. 2026 ജനുവരിയില്‍ കോഴിക്കോട്ട് സംഘടിപ്പിച്ച കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സുനിത വില്യംസ് അതിഥിയായി എത്തിയിരുന്നു.
പ്രചരിക്കുന്ന വീഡിയോയിലെ കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ വീഡിയോ ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ KLF സമയത്ത് പങ്കിട്ടതായി കണ്ടെത്തി. ഇതില്‍ KLF, Calicut തുടങ്ങിയ ഹാഷ്ടാഗുകളും ഉള്‍പ്പെടുത്തിയതായി കാണാം.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇതേ തീയതിയില്‍ KLF ഉദ്ഘാടന ചടങ്ങില്‍ സുനിത വില്യംസ് പങ്കെടുക്കുന്ന ദൃശ്യങ്ങളും മാധ്യമറിപ്പോര്‍ട്ടുകളില്‍ ലഭ്യമായി.
സുനിത വില്യംസ് കേരളത്തിലെത്തിയതും ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് പ്രാദേശിക, ദേശീയ മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകളും ലഭിച്ചു. തുടര്‍ന്ന് സുനിത വില്യംസ് നിലവില്‍ CJP സമരവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രതികരണം നടത്തിയിട്ടുണ്ടോ എന്നും പരിശോധിച്ചു. ഇത്തരം റിപ്പോര്‍ട്ടുകളൊന്നും കണ്ടെത്താനായില്ല.
ഇതോടെ പ്രചാരണം വ്യാജമാണെന്നും സുനിത വില്യംസ് CJP സമരത്തിന് പിന്തുണയുമായി ജന്തര്‍മന്ദറിലെത്തിയിട്ടില്ലെന്നും വ്യക്തമായി.