
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ലൈംഗികാരോപണത്തിൽ സിപിഎം പ്രതിഷേധം തുടരുകയാണ്. വിവാദങ്ങൾക്കിടെ രാഹുൽ മണ്ഡലത്തിലെത്തിയതോടെയാണ് പ്രതിഷേധം കടുത്തത്. 38 ദിവസങ്ങൾക്ക് ശേഷമാണ് രാഹുൽ പാലക്കാട്ടെത്തുന്നത്. ഈ സാഹചര്യത്തിലാണ് ഷാഫി പറമ്പിൽ എംപിക്കെതിരെ കടുത്ത ആരോപണവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു രംഗത്തെത്തിയിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലുമായി ഷാഫി പറമ്പിലിന് കൂട്ടുകച്ചവടമാണെന്നും നല്ലൊരാളെ കണ്ടാൽ ബംഗളൂരുവിലേക്ക് ട്രിപ്പ് അടിക്കാമെന്നാണ് ഹെഡ്മാസ്റ്റർ പറയുന്നതെന്നും സുരേഷ് ബാബു ആരോപിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കാൻ ഷാഫി ആവശ്യപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഇ.എൻ സുരേഷ് ബാബു ഷാഫിയുടെ പേര് പറഞ്ഞിട്ടില്ലെന്നും ഹെഡ്മാസ്റ്റർ എന്ന് മാത്രമാണ് പറഞ്ഞതെന്നും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ പ്രചരിക്കുകയാണ്. സുരേഷ് ബാബുവും ഷാഫിയുടെ പേര് പറഞ്ഞിട്ടില്ലെന്ന് അവകാശപ്പെട്ട് രംഗത്തെത്തി.
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വാർത്താസമ്മേളനത്തിൽ സുരേഷ് ബാബു ഷാഫി പറമ്പിലിന്റെ പേര് പരാമര്‍ശിക്കുന്നുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി.
കീ വേഡുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ സംഭവവുമായി ബന്ധപ്പെട്ട് നിരവധി മാധ്യമ റിപ്പോർട്ടുകൾ ലഭിച്ചു. ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു രംഗത്ത് എന്നാണ് മലയാള മനോരമ നൽകിയ റിപ്പോർട്ട്. രാഹുൽ മാങ്കൂട്ടത്തിലിനോട് ഷാഫി രാജിവെക്കാൻ ആവശ്യപ്പെടില്ലെന്നും രാഹുലുമായി ഷാഫിക്ക് കൂട്ടുകച്ചവടമാണെന്നും സുരേഷ് ബാബു പറഞ്ഞെന്നാണ് റിപ്പോർട്ട്.
സുരേഷ് ബാബുവിൻ്റെ പ്രതികരണം പരിശോധിച്ചു. ന്യൂസ് 18 കേരളം നൽകിയ വാർത്താസമ്മേളനത്തിൻ്റെ പതിപ്പിൽ രാഹുൽ പാലക്കാടെത്തിയതിലാണ് സുരേഷ് ബാബുവിൻ്റെ പ്രതികരണം എന്ന് വ്യക്തമായി. യൂട്യൂബ് വീഡിയോയില്‍ 0:38 സെക്കന്റില്‍ രാഹുലിനെ നേതാക്കൾ പേടിക്കുന്നതിൻ്റെ കാരണമെന്താണെന്ന മാധ്യമ പ്രവർത്തകൻ്റെ ചോദ്യത്തിന് രാഹുലിൻ്റെ ഒരു നേതാവ് ഹെഡ്മാസ്റ്റർ ആയ, എംഎൽഎയാക്കാൻ പത്തനംതിട്ടയിൽ നിന്ന് ക്ഷണിച്ചുകൊണ്ടുവന്ന ഷാഫി പറമ്പിലാണെന്ന് പറയുന്നുണ്ട്. രാഹുൽ രാജിവെക്കാൻ ഷാഫി ആവശ്യപ്പെടുന്നില്ലെന്നും ഇക്കാര്യത്തിൽ കൂട്ടുകച്ചവടമാണെന്നും സുരേഷ് ബാബു പറയുന്നതായി കേൾക്കാം. തുടർന്ന് നല്ലൊരാളെ കണ്ടാൽ ബംഗളൂരുവിലേക്ക് ട്രിപ്പ് അടിക്കാമെന്നാണ് ഹെഡ്മാസ്റ്റർ ചോദിക്കുന്നതെന്നും പറയുന്നു. രാഹുലിൻ്റെ ഹെഡ്മാസ്റ്ററാണ് ഷാഫിയെന്നാണ് ആരോപണം.
സുരേഷ് ബാബു മാധ്യമങ്ങളോട് പ്രതികരിച്ചതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ ഇത് സ്ഥിരീകരിക്കാനായി. സുരേഷ് ബാബുവിൻ്റെ പരാമർശം അധിക്ഷേപമാണെന്ന് ഷാഫി പറമ്പിൽ എംപി പ്രതികരിച്ചതായും കണ്ടെത്തി.
ഇതോടെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഇ.എൻ സുരേഷ് ബാബു മാധ്യമങ്ങളോട് പ്രതികരിക്കവെ ഹെഡ്മാസ്റ്റർ എന്ന് മാത്രമാണ് പറഞ്ഞതെന്ന വാദം വസ്തുതാവിരുദ്ധമാണെന്നുംല സ്ഥിരീകരിച്ചു.