വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സജീവമാകുന്നതിനിടെ വഖഫ് ബോര്‍ഡിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. പാക്കിസ്ഥാന്റെ ആകെ വിസ്തൃതിയെക്കാളേറെ ഭൂമി ഇന്ത്യയില്‍ വഖഫ് ബോര്‍ഡിന്റെ അധീനതയിലുണ്ടെന്നാണ് പ്രചാരണം. ഇന്ത്യയിലെ വഖഫ് ഭൂമിയുടെ ആകെ വിസ്തൃതി 9.4 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ ആണെന്നും എന്നാല്‍ പാക്കിസ്ഥാന്റെ ആകെ വിസ്തൃതി 8.81 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ മാത്രമാണെന്നുമാണ് അവകാശവാദം.
പ്രചാരണം അടിസ്ഥാനരഹിതമാണന്ന് വസ്തുത പരിശോധനയില്‍ വ്യക്തമായി.
കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രസിദ്ധീകരിച്ച ഒരു ലേഖനം കണ്ടെത്തി. 2024 സെപ്തംബര്‍ 13 ന് പ്രസിദ്ധീകരിച്ച ഇതില്‍ 2024 ലെ വഖഫ് ഭേദഗതി നിയമത്തെക്കുറിച്ചാണ് വിശദീകരിക്കുന്നത്. ലേഖനത്തിന്റെ ഒരു ഭാഗത്ത് വഖഫ് ബോര്‍ഡിന്റെ അധീനതയിലുള്ള സ്വത്തുവകകളെക്കുറിച്ചുള്ള വിവരങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗത്ത് ആകെ ഭൂമി 9.4 ലക്ഷം ഏക്കറാണെന്ന് നല്‍കിയതായി കാണാം.
9.4 ലക്ഷം ഏക്കര്‍ എന്നതാണ് 9.4 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ എന്ന രീതിയില്‍ പ്രചരിപ്പിക്കുന്നതെന്ന് സൂചന ലഭിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വിവിധ മാധ്യമറിപ്പോര്‍ട്ടുകളിലും ഇതേ കാര്യം നല്‍കിയതായി കണ്ടെത്തി. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് 2024 സെപ്തംബര്‍ 1ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വഖഫ് സ്വത്ത് ആകെ 9.4 ഏക്കര്‍ ആണെന്ന് നല്‍കിയതായി കാണാം.
സമാനമായ മറ്റ് മാധ്യമറിപ്പോര്‍ട്ടുകളും ലഭിച്ചതോടെ ഇന്ത്യയിലെ വഖഫ് സ്വത്തിന്റെ കണക്ക് 9.4 ലക്ഷം ഏക്കര്‍ ആണെന്നും ചതുരശ്ര കിലോമീറ്റര്‍ അല്ലെന്നും വ്യക്തമായി.
തുടര്‍ന്ന് ഇവ തമ്മിലുള്ള വ്യത്യാസമാണ് പരിശോധിച്ചത്. ഒരേക്കര്‍ എന്നാല്‍ ഏകദേശം 0.0040 ചതുരശ്ര കിലോമീറ്ററാണ്. അതായത് 9.4 ലക്ഷം ഏക്കര്‍ എന്നാല്‍ 3804.04 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ്.
തുടര്‍ന്ന് പാക്കിസ്ഥാന്റെ വിസ്തൃതി അറിയാനായി പാക് കോണ്‍സുലേറ്റിന്റെ വെബ്സൈറ്റ് പരിശോധിച്ചു. വിസ്തൃതി 881,913 ചതുരശ്ര കിലോമീറ്ററാണെന്ന് വെബ്സൈറ്റില്‍ നല്‍കിയതായി കാണാം.
ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി. വഖഫ് സ്വത്തുക്കളുടെ ആകെ വിസ്തൃതിയായ 3804. 04 ചതുരശ്ര കിലോമീറ്ററിന്റെ 232 മടങ്ങാണ് പാക്കിസ്ഥാന്റെ വിസ്തൃതിയായ 881,913 ചതുരശ്ര കിലോമീറ്റര്‍ എന്ന് കാണാം. ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഏക്കറിന് പകരം ചതുരശ്ര കിലോമീറ്ററില്‍ സംഖ്യകള്‍ താരതമ്യം ചെയ്താണ് തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമെന്നും സ്ഥിരീകരിച്ചു.