
1921 ലെ അത്ഭുത നാണയമെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ഒരു നാണയത്തിന്റെ ചിത്രം പ്രചരിക്കുന്നു. 1921-ലെ അമേരിക്കന്‍ ഡോളറില്‍ ഒരു ചെറിയ വാളും ഒളിഞ്ഞിരിക്കുന്ന അറയുമുണ്ടായിരുന്നുവെന്ന തരത്തിലാണ് പ്രചാരണം. ഈ വാളുപയോഗിച്ച് അറ തുറക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. നാണയത്തിന്റെ അടിയില്‍ 1921 എന്ന വര്‍ഷം രേഖപ്പെടുത്തിയതായും കാണാം.
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പ്രചരിക്കുന്ന വീഡിയോയിലേത് കലാസൃഷ്ടി മാത്രമാണെന്നും വസ്തുത പരിശോധനയില്‍ വ്യക്തമായി.
പ്രചരിക്കുന്ന ചിത്രം റിവേഴ്സ് ഇമേജ് സെര്‍ച്ച് ചെയ്തതോടെ വിവിധ ഭാഷകളില്‍ ഈ വീഡിയോ നേരത്തെയും പങ്കുവെച്ചതായി കണ്ടെത്തി. ഇവയില്‍ ചിലതിന്റെ കമന്റുകള്‍ പരിശോധിച്ചതോടെ റഷ്യന്‍ കോയിന്‍ നിര്‍മാതാവ് നിര്‍മിച്ച കലാസൃഷ്ടിയാണിതെന്ന സൂചന ലഭിച്ചു.
തുടര്‍ന്ന് ഇത്തരം കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ റോമാന്‍ ബൂട്ടീന്‍ കോയിന്‍സ് എന്ന പേരില്‍ എന്ന പേരില്‍ ഒരു വെബ്സൈറ്റ് ലഭിച്ചു. പ്രചരിക്കുന്നതിന് സമാനമായ വിവിധ കോയിനുകള്‍ ഈ വെബ്സൈറ്റില്‍ കാണാം. റഷ്യന്‍ കലാകാരനായയ റോമന്‍ ബൂട്ടീനാണ് ഇതിന് പിന്നിലെന്ന് വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. യഥാര്‍ത്ഥ നാണയങ്ങളുടെ സമാന രൂപകല്‍പനയില്‍ സര്‍ഗാത്മകമായി പുതിയ ആശയങ്ങള്‍ ചേര്‍ത്ത് നിര്‍മിക്കുകയാണ് ഇദ്ദേഹം ചെയ്യുന്നത്. യഥാര്‍ത്ഥ നാണയത്തില്‍നിന്ന് വ്യത്യസ്തമായി ചലിപ്പിക്കാനാവുന്ന ഭാഗങ്ങളാണ് മിക്കതിലും.
ഇതോടെ പ്രചരിക്കുന്ന നാണയം ഇദ്ദേഹം നിര്‍മിച്ച കലാസൃഷ്ടിയായിരിക്കാമെന്ന സൂചന ലഭിച്ചു. തുടര്‍ന്ന് ഇത് സ്ഥിരീകരിക്കുന്നതിനായി നാണയത്തിന്റെ സ്ഥിരീകരിക്കാവുന്ന ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ചു. ഇന്‍സൈഡര്‍ ആര്‍ട്ട് എന്ന യൂട്യൂബ് ചാനലില്‍ 2019 ല്‍ പങ്കുവെച്ച വീഡിയോയില്‍ പ്രചരിക്കുന്ന നാണയത്തിന്റെ ദൃശ്യം കണ്ടെത്തി.
യൂട്യൂബ് വീഡിയോയ്ക്കൊപ്പം നല്‍കിയിരിക്കുന്ന വിവരണത്തില്‍ റഷ്യന്‍ കലാകാരനായ റോമാന്‍ ബൂട്ടീന്‍ കലാപരമായി പുനഃസൃഷ്ടിച്ചതാണ് ഈ നാണയമെന്ന് വിശദമാക്കുന്നുണ്ട്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ റോമാന്‍ ബൂട്ടീന്റെ വെരിഫൈ ചെയ്ത ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലും ഇതേ വീഡിയോ പങ്കുവെച്ചതായി കണ്ടെത്തി.
ഇതോടെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.
1921ലെ അമേരിക്കന്‍ ഡോളറിന്റെ ദൃശ്യങ്ങളല്ല പ്രചരിക്കുന്നതെന്നും റഷ്യന്‍ കലാകാരനായി റോമാന്‍ ബൂട്ടീന്‍ പുനഃസൃഷ്ടിച്ച നാണയത്തിന്റെ വീഡിയോയാണിതെന്നും വ്യക്തമായി.