Fact Check: ആദ്യ ബംഗലൂരു സര്‍വീസിനിടെ നവകേരള ബസ്സിന്റെ വാതില്‍ തകര്‍ന്നോ? സത്യമറിയാം

നവകേരള യാത്രയ്ക്കായി തയ്യാറാക്കിയ ബസ്സ് പൊതുജനങ്ങള്‍ക്കായി നടത്തിയ ആദ്യ കോഴിക്കോട് - ബംഗലൂരു സര്‍വീസിനിടെ മുന്നിലെ വാതില്‍ ‘തകര്‍ന്നു’വെന്നും വാഹനം ‘കട്ടപ്പുറത്തായെ’ന്നുമാണ് വിവിധ മാധ്യമങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ട്.
Fact Check: ആദ്യ ബംഗലൂരു സര്‍വീസിനിടെ നവകേരള ബസ്സിന്റെ വാതില്‍ തകര്‍ന്നോ? സത്യമറിയാം
Published on
2 min read

ഏറെ വിവാദമായ നവകേരള യാത്രയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ ‘നവകേരള’ ബസ്സിന്റെ സാധാരണക്കാര്‍ക്കായുള്ള ആദ്യ സര്‍വീസിന് 2024 മെയ് 5നാണ് തുടക്കമായത്. കോഴിക്കോട്ടുനിന്ന് ബംഗലൂരു വരെ ഗരുഡ പ്രീമിയം ലേബലിലാണ് സര്‍വീസ്. ആദ്യസര്‍വീസിന് വലിയ മാധ്യമശ്രദ്ധയാണ് ലഭിച്ചത്. എന്നാല്‍ കന്നിയാത്രയ്ക്കിടെ ബസ്സിന്റെ വാതില്‍ തകര്‍ന്നുവെന്ന തരത്തിലും ബസ്സ് ‘കട്ടപ്പുറത്തായെ’ന്ന തരത്തിലും നിരവധി മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയുണ്ടായി. 

ആദ്യസര്‍വീസില്‍ വാതില്‍ തകര്‍ന്നുവെന്നും വാതില്‍ കെട്ടിവെച്ച് യാത്ര തുടര്‍ന്നുവെന്നുമാണ് റിപ്പോര്‍‍ട്ടര്‍ ടിവിയും ജാഗ്രത ലൈവ് എന്ന പേരിലുള്ള ഓണ്‍ലൈന്‍ ചാനലും അവകാശപ്പെടുന്നത്. അതേസമയം ബസ്സ് കട്ടപ്പുറത്തായെന്ന തലക്കെട്ടോടെയാണ് ജന്മഭൂമി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

Fact-check: 

കന്നിയാത്രയില്‍ ബസ്സിന്റെ വാതില്‍ തകര്‍ന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും വാതിലിന്റെ എമര്‍ജന്‍സി സ്വിച്ചിനുണ്ടായിരുന്ന ചെറിയ തകരാര്‍ യാത്രാമധ്യേ പരിഹരിച്ചുവെന്നും സൗത്ത് ചെക്ക് അന്വേഷണത്തില്‍ വ്യക്തമായി. 

വസ്തുത പരിശോധനയുടെ ആദ്യഘട്ടത്തില്‍ നവകേരള ബസ്സിന്റെ യാത്രയുമായി ബന്ധപ്പെട്ട വിവിധ മാധ്യമറിപ്പോര്‍ട്ടുകള്‍ പരിശോധിച്ചു. ഇതുപ്രകാരം ഉച്ചയ്ക്ക് ഒന്നരയോടെ ബസ്സ് ബംഗലൂരുവിലെത്തിയതായി മാധ്യമറിപ്പോര്‍ട്ടുകള്‍ കണ്ടെത്തി. ഗുണ്ടല്‍പേട്ടിലെത്തിയപ്പോള്‍ എടുത്ത ബസ്സിന്റെ ചിത്രസഹിതമാണ് മനോരമ ഓണ്‍ലൈനില്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്.

ഇതോടെ ബസ്സിന്റെ വാതില്‍ തകര്‍ന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന സൂചന ലഭിച്ചു. 

തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട സ്ഥിരീകരണത്തിനായി KSRTC അധികൃതരെ ബന്ധപ്പെട്ടു. ബസ്സിന്റെ മുന്നിലെ വാതിലിന്റെ സ്വിച്ചിന് ചെറിയ തകരാര്‍ മാത്രമാണ് ഉണ്ടായതെന്നും ഇത് യാത്രാമധ്യേ സുല്‍ത്താന്‍ ബത്തേരി ഡിപ്പോയില്‍വെച്ച് പരിഹരിച്ചതായും അവര്‍ വ്യക്തമാക്കി. ഇക്കാര്യം വിശദീകരിച്ച് KSRTC ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പും ലഭ്യമായി. 

തുടര്‍ന്ന് ബസ്സ് ജീവനക്കാരിലൊരാളായ ജാഫറിനെ ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ:

ബസ്സിന്റെ മുന്നിലെ വാതിലിനടുത്ത് അടിയന്തര സാഹചര്യങ്ങളില്‍ യാത്രക്കാര്‍ക്ക് തന്നെ തുറക്കാവുന്ന വിധത്തില്‍ ഒരു സ്വിച്ചുണ്ട്. ഇത് കൂടാതെ ഡ്രൈവര്‍ക്ക് വാതില്‍ തുറക്കാനും അടയ്ക്കാനും ഡ്രൈവറുടെ അടുത്തായി മറ്റൊരു സ്വിച്ചുമുണ്ട്. വാതിലിനടുത്തെ സ്വിച്ച് ജാം ആയതോടെയാണ് വാതില്‍ അടക്കാനാവാതെ വന്നത്. യാത്രക്കാരുടെ തിരക്കിനിടെ സംഭവിച്ചതായിരിക്കാം ഇത്. പിന്നീട് ഒരു യാത്രക്കാരന്റെ ബാഗിന്റെ ടാഗ് ഉപയോഗിച്ച് വാതില്‍ കെട്ടിവയ്ക്കുകയായിരുന്നു. സ്വിച്ചിന്റെ തകരാര്‍ താമരശേരിയില്‍നിന്ന് പരിഹരിക്കാന്‍ വിചാരിച്ചുവെങ്കിലും അതിരാവിലെ ആയിരുന്നതിനാല്‍ മെക്കാനിക്ക് ഉണ്ടായിരുന്നില്ല. പിന്നീട് സുല്‍ത്താന്‍ ബത്തേരിയിലെത്തിയപ്പോള്‍ അഞ്ചുമിനുറ്റ് കൊണ്ടുതന്നെ സ്വിച്ച് റീസെറ്റ് ചെയ്ത് പ്രശ്നം പരിഹരിച്ചു.

യാത്രക്കാരിലൊരാളായ കോഴിക്കോട് സ്വദേശി നൂറുല്‍ അമീനുമായും ഫോണില്‍ സംസാരിച്ചു. പ്രവാസിയായ അദ്ദേഹം കോഴിക്കോട് മുതല്‍ ബംഗലൂരുവരെ ബസ്സില്‍ യാത്ര ചെയ്ത വ്യക്തിയാണ്. അദ്ദേഹത്തിന്റെ പ്രതികരണം: 


ബസ്സിന്റെ ഡോര്‍ തകര്‍ന്നുവെന്നും വണ്ടി കട്ടപ്പുറത്തായെന്നുമൊക്കെയുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണ്. കോഴിക്കോട് സിവില്‍സ്റ്റേഷന്‍ പരിസരം മുതല്‍ സുല്‍ത്താന്‍ ബത്തേരി വരെയാണ് പ്രശ്നമുണ്ടായിരുന്നത്. അത് വാതില്‍ അടയാത്ത പ്രശ്നം മാത്രമായിരുന്നു. ഡ്രൈവറുടെ സമീപത്തെ സ്വിച്ച് ഉപയോഗിച്ച് അടച്ചാലും വീണ്ടും തുറക്കുന്ന അവസ്ഥ. വാതിലിലെ സ്വിച്ചിന്റെ തകരാറാണെന്ന് അപ്പോള്‍തന്നെ മനസ്സിലായിരുന്നു. പക്ഷേ അതിരാവിലെ ആയതിനാല്‍ താമരശേരിയില്‍വെച്ച് പരിഹരിക്കാനായില്ല. അതുവരെ കണ്ടക്ടറും മറ്റ് യാത്രക്കാരും സഹകരിച്ച് വാതില്‍ ഒരു ബാഗിന്റെ ടാഗ് ഉപയോഗിച്ച് കെട്ടിവച്ചു. വാതില്‍ തുറക്കുമ്പോള്‍ പുറത്തെ കാറ്റ് അകത്തേക്ക് കയറുന്ന പ്രശ്നമാണ് പ്രധാനമായും ഉണ്ടായിരുന്നത്. ബത്തേരിയില്‍വെച്ച് സ്വിച്ചിന്റെ പ്രശ്നം ശരിയാക്കിയതോടെ ഇതിന് പരിഹാരമായി. പിന്നീട് യാതൊരു പ്രശ്നവുമുണ്ടായില്ല. വാതിലിനൊപ്പമുള്ള ലിഫ്റ്റ് തകരാറിലായി എന്നൊക്കെ റിപ്പോര്‍ട്ടുകള്‍ കണ്ടിരുന്നു, അതെല്ലാം അടിസ്ഥാനരഹിതമാണ്.

ബസ്സിലെ മറ്റൊരു യാത്രക്കാരനായ കോഴിക്കോട് ചാലിയം സ്വദേശിയും ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ഥിയുമായ ഫവാസിന്റെ പ്രതികരണവും ലഭ്യമായി. അദ്ദേഹവും ഇക്കാര്യങ്ങള്‍ തന്നെയാണ് ആവര്‍ത്തിക്കുന്നത്.

ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി.

Related Stories

No stories found.
logo
South Check
southcheck.in