ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആലത്തൂരിലെ ഒരു സീറ്റിലൊതുങ്ങിയ CPIM അതിന്റെ മുഖപത്രമായ ദേശാഭിമാനിയില്‍ വോട്ടെണ്ണലിന്റെ പിറ്റേദിവസം NDA യുടെ ഒരു സീറ്റിലെെ വിജയത്തെ ഇകഴ്ത്തിയും ഇടതുവിജയത്തെ പ്രകീര്‍ത്തിച്ചും തലക്കെട്ട് നല്‍കിയെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. 2024 ജൂണ്‍ 5-ലെ ദേശാഭിമാനി പത്രത്തിന്റെ ആദ്യപേജിന്റേതെന്ന അവകാശവാദത്തോടെ ചിത്രസഹിതമാണ് പ്രചാരണം. (Archive)
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ചിത്രം എഡിറ്റ് ചെയ്തതാണെന്നും സൗത്ത് ചെക്ക് അന്വേഷണത്തില്‍ വ്യക്തമായി.
ദേശാഭിമാനി പത്രത്തിന്റെ പ്രധാന ലോഗോയിലെ മാറ്റമാണ് ആദ്യസൂചനയായത്. പ്രചരിക്കുന്ന ചിത്രത്തില്‍ നല്‍കിയിരിക്കുന്ന ലോഗോ പഴയതാണ്. ഇത് സംബന്ധിച്ച് നടത്തിയ പരിശോധനയില്‍ 2018 മെയ് 1 മുതല്‍ പത്രത്തിന്റെ ലോഗോ പരിഷ്ക്കരിച്ചതായി വ്യക്തമായി.
തുടര്‍ന്ന് പ്രചരിക്കുന്ന ചിത്രം സൂക്ഷ്മമായി പരിശോധിച്ചതോടെ വോട്ടെണ്ണലിന് പിറ്റേന്നത്തെ പത്രത്തിന്റെ ചിത്രമല്ല ഇതെന്ന വ്യക്താമായ സൂചനകള്‍ ലഭിച്ചു. പ്രധാന വാര്‍ത്തയ്ക്കകത്ത് ബോക്സില്‍ നല്കിയരിക്കുന്ന ഉള്ളടക്കത്തില്‍ ഒരു കോഴക്കേസുമായി ബന്ധപ്പെട്ട പരാമര്‍ശം കാണാം. കെ രാധാകൃഷ്ണന്റെ ചിത്രത്തിന് ഇരുവശവും മറ്റൊരു ചിത്രത്തിന്റെ അടയാളം കാണാം. കൂടാതെ, പത്രത്തിന്റെ തിയതിയും എഡിറ്റ് ചെയ്തിട്ടുണ്ടെന്ന സൂചനകള്‍ ചിത്രത്തില്‍ കാണാം.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഈ ചിത്രം 2013 ഡിസംബര്‍ 25 ന് പുറത്തിറങ്ങിയ ദേശാഭിമാനിയുടേതാണെന്ന് വ്യക്തമായി ഇതിന്റെ യഥാര്‍ത്ഥ പതിപ്പ് ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ദേശാഭിമാനി ക്രിസ്മസുമായി ബന്ധപ്പെട്ട് നല്‍കിയ ഉള്ളടക്കത്തെ വിശകലനം ചെയ്യുന്ന ഒരു ബ്ലോഗിലാണ് ഇതിന്റെ വ്യക്തതയുള്ള ചിത്രം കണ്ടെത്തിയത്. Pinterest, Newspaper Kart തുടങ്ങിയ വെബ്സൈറ്റുകളിലും ഈ ചിത്രമുണ്ട്.
ഇസ്രയേലി മിസൈലിന് പച്ചക്കൊടി എന്ന പേരിലാണ് ആദ്യപേജിലെ പ്രധാന വാര്‍ത്ത. ഈ തലക്കെട്ട് മാത്രമാണ് എഡിറ്റ് ചെയ്ത് മാറ്റിയത്. ഒപ്പം, ക്രിസ്മസ് ആശംസയായി ഇടതുവശത്ത് ഉള്‍പ്പെടുത്തിയ ചിത്രത്തിന് മേലെ കെ രാധാകൃഷ്ണന്റെ ചിത്രം എഡിറ്റ് ചെയ്ത് ചേര്‍ത്തതായും തിയതിയില്‍ മാറ്റം വരുത്തിയതായും കാണാം.
തുടര്‍ന്ന് വോട്ടെണ്ണല്‍ ദിവസത്തിന് പിറ്റേന്ന് ദേശാഭിമാനി പുറത്തിറക്കിയ മുന്‍പേജ് പരിശോധിച്ചു. ‘ഇന്ത്യ ജ്വലിച്ചു, മോദി വിറച്ചു’ എന്ന തലക്കെട്ടില്‍ ദേശീയതലത്തിലെ INDIA മുന്നണിയുടെ നേട്ടമാണ് ആദ്യപേജിലെ പ്രധാന വാര്‍ത്ത. കെ രാധാകൃഷ്ണന്റെ ചിത്രമടക്കം ആലത്തൂരിലെ LDF വിജയവും താഴെ ചെറിയ കോളത്തില്‍ നല്‍കിയതായി കാണാം.
ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി.