സൗദി അറേബ്യയില്‍ സ്ഥാപിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വര്‍ണപ്രതിമ എന്ന അവകാശവാദത്തോടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. 156 ഗ്രാം സ്വര്‍ണത്തില്‍ തീര്‍ത്ത പ്രതിമയുടെ വീഡിയോയ്ക്ക് 28 സെക്കന്റ് മാത്രമാണ് ദൈര്‍ഘ്യം. രാജ്യത്ത് മെഴുകു പ്രതിമകള്‍ സ്ഥാപിക്കുന്നതിനിടെ സൗദി അറേബ്യ പോലൊരു രാജ്യം പോലും സ്വര്‍ണപ്രതിമ പണിത് അദ്ദേഹത്തെ ആദരിക്കുന്നുവെന്ന അവകാശവാദത്തോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പ്രതിമ സൗദി അറേബ്യയിലേതല്ലെന്നും വസ്തുത പരിശോധനയില്‍ വ്യക്തമായി.
കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഈ പ്രതിമയുമായി ബന്ധപ്പെട്ട് 2023 ജനുവരിയില്‍ പ്രസിദ്ധീകരിച്ച നിരവധി മാധ്യമറിപ്പോര്‍ട്ടുകള്‍ കണ്ടെത്തി. പ്രചരിക്കുന്ന ദൃശ്യങ്ങളിലെ അതേ പ്രതിമയുടെ ചിത്രം റിപ്പോര്‍ട്ടുകളില്‍ കാണാം. NDTV 2023 ജനുവരി 20 ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പ്രതിമ ഗുജറാത്തിലേതാണെന്ന് വ്യക്തമാക്കുന്നു.
2022 ഡിസംബറില്‍ നടന്ന ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പില്‍ 156 സീറ്റുകളില്‍ ജയിച്ച ബിജെപിയുടെ വിജയാഘോഷത്തിന്റെ ഭാഗമായി സൂറത്തിലെ സ്വര്‍ണവ്യാപാരിയാ ബസന്ത് ബൊഹറയാണ് 156 ഗ്രാം സ്വര്‍ണത്തില്‍ പ്രതിമ നിര്‍മിച്ചതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ അദ്ദേഹവുമായി ANI പ്രതിനിധി നടത്തിയ അഭിമുഖത്തിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയുടെ യൂട്യൂബ് അക്കൗണ്ടില്‍ കണ്ടെത്തി. ഗുജറാത്തിലെ ബിജെപിയുടെ വിജയം ആഘോഷിക്കാന്‍ വേണ്ടിയാണ് പ്രതിമ നിര്‍മിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
ഹിന്ദി മാധ്യമങ്ങളിലും ടൈംസ് നൗ ഉള്‍പ്പെടെ മറ്റ് ദേശീയ മാധ്യമങ്ങളിലുമെല്ലാം ഈ വാര്‍ത്ത 2023 ജനുവരി 20-22 തീയതികളിലായ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാജസ്ഥാന്‍ സ്വദേശിയായ ബസന്ത് ബൊഹറയെക്കുറിച്ചും പ്രതിമയെക്കുറിച്ചുമുള്ള വിശദമായ റിപ്പോര്‍ട്ട് ടൈംസ് ഓഫി ഇന്ത്യയും നല്‍കിയിട്ടുണ്ട്.
പ്രതിമ വിദേശരാജ്യത്തേക്ക് വില്പന നടത്തിയതായി ബൊഹറ എവിടെയും പറയുന്നില്ല. മാത്രവുമല്ല, അത്തരം യാതൊരു സൂചനയും ഒരു മാധ്യമറിപ്പോര്‍ട്ടിലും കണ്ടെത്താനുമായില്ല. ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പ്രതിമയ്ക്ക് സൗദി അറേബ്യയുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തമായി.