രാഹുല്‍ ഗാന്ധിയുടെ രഹസ്യകുടുംബമെന്ന അവകാശവാദത്തോടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ‘ബ്രിട്ടീഷ് പൗരനും കുടുംബമുണ്ട്, കുടുംബബന്ധങ്ങളെ ബഹുമാനിക്കുന്നവരാണ് ഭാരതീയര്‍, പിന്നെയയെന്തിനീ ഒളിജീവിതം’ എന്ന അടിക്കുറിപ്പോടെ പങ്കുവെച്ചരിക്കുന്ന ചിത്രത്തില്‍ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം ഒരു സ്ത്രീയെയും മൂന്ന് കുട്ടികളെയും കാണാം.
Fact-check:
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ചിത്രത്തിലുള്ളത് രാഹുല്‍ ഗാന്ധിയുടെ ബന്ധുക്കള്‍പോലുമല്ലെന്നും വസ്തുത പരിശോധനയില്‍ വ്യക്തമായി.
ചിത്രം റിവേഴ്സ് ഇമേജ് പരിശോധനയ്ക്ക് വിധേയമാക്കിയതോടെ ഇതുള്‍പ്പെടുന്ന ഏതാനും മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭിച്ചു. First Khabar എന്ന യൂട്യൂബ് ചാനലില്‍ നല്‍കിയിരിക്കുന്ന വീഡിയോ റിപ്പോര്‍ട്ട് പ്രകാരം ഇത് രാജസ്ഥാനിലെ ബാരന്‍ ജില്ലയിലെ മഹിളാകോണ്‍ഗ്രസ് അധ്യക്ഷ പ്രിയങ്ക നന്ദ്വാനയുടെ മക്കളാണ്. 2022 ഡിസംബര്‍ 9ന് പ്രസിദ്ധീരിച്ച റിപ്പോര്‍ട്ട് പ്രകാരം സോണിയഗാന്ധിയുടെ ജന്മദിനാഘോഷത്തിനായി ബിന്ദിയിലേക്ക് പോകുന്നതിനിടെ രാഹുല്‍ ഗാന്ധി പ്രിയങ്ക നന്ദ്വാനയുടെ ആഗ്രഹപ്രകാരം അവരെ കാണുകയും അവരുടെ മക്കള്‍ക്ക് ഹെലികോപ്റ്ററില്‍ പറക്കാന്‍ അവസരം നല്‍കുകയും ചെയ്തു.
ഈ സൂചനകള്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലില്‍ രാജസ്ഥാനിലെ മറ്റ് ചില പ്രാദേശിക ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ഇതേ റിപ്പോര്‍ട്ട് കണ്ടെത്തി. Kanak News എന്ന യൂട്യൂബ് ചാനലില്‍ ഇതിലൊരാളുടെ പ്രതികരണവും ഉള്‍പ്പെടുത്തിയതായി കാണാം.
Nai Dunia എന്ന വാര്‍ത്താ വെബ്സൈറ്റിലും ഇതേ റിപ്പോര്‍ട്ട് കാണാം. പ്രചരിക്കുന്ന ചിത്രത്തിലുള്ള കുട്ടികള്‍ ഹെലികോപ്റ്ററില്‍ കയറുന്ന ചിത്രങ്ങളും റിപ്പോര്‍ട്ടില്‍ നല്‍കിയിട്ടുണ്ട്.
Rajastantak ഉള്‍പ്പെടെ മറ്റ് മാധ്യമങ്ങളിലും ഈ ചിത്രം പ്രസിദ്ധീകരിച്ചതായി കാണാം. കുട്ടികള്‍ക്ക് ജന്മദിന സമ്മാനമായി രാഹുല്‍ ഗാന്ധി ഹെലികോപ്റ്റര്‍ യാത്ര സമ്മാനിച്ചു എന്ന അടിക്കുറിപ്പോടെയാണ് ചിത്രം മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.
ഇതോടെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ചിത്രത്തിലുള്ളത് രാജസ്ഥാനിലെ മഹിളാകോണ്‍ഗ്രസ് പ്രവര്‍ത്തകയും അവരുടെ മക്കളുമാണെന്നും വ്യക്തമായി.