വയനാട്, പാലക്കാട്, ചേലക്കര ലോക്സഭ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ രാഷ്ട്രീ ആരോപണങ്ങളും പ്രത്യാരോപണങ്ങളും പ്രചാരണത്തിലും സമൂഹമാധ്യമങ്ങളിലും ഒരുപോലെ സജീവമാണ്. മുതിര്‍ന്ന സിപിഐഎം നേതാവ് സുഭാഷിണി അലി പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ചും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചും പ്രസ്താവന നടത്തിയെന്ന തരത്തില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിരവധി പേര്‍ പങ്കുവെയ്ക്കുന്നുണ്ട്. ഒരു ചാനലിന്റെ മൈക്കിന് മുന്നില്‍ സംസാരിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും വീഡിയോയിലുള്ളത് സുഭാഷിണി അലിയല്ലെന്നും വസ്തുത പരിശോധനയില്‍ സ്ഥിരീകരിച്ചു.
പ്രചരിക്കുന്ന വീഡിയോയുടെ യഥാര്‍ത്ഥ പതിപ്പാണ് ആദ്യം പരിശോധിച്ചത്. വീഡിയോയില്‍ 99 Khabar എന്ന ചാനലിന്റെ മൈക്കിലാണ് അവര്‍ സംസാരിക്കുന്നത്. ഈ സൂചന ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ പ്രസ്തുത ചാനലിന്റെ യൂട്യൂബ് അക്കൗണ്ടില്‍നിന്ന് 2024 ജനുവരി 29 ന് ഈ വീഡിയോയുടെ പൂര്‍ണരൂപം പങ്കുവെച്ചതായി കണ്ടെത്തി.
വീഡിയോയുടെ ഏഴു മിനുറ്റിന് ശേഷമാണ് പ്രചരിക്കുന്ന ഭാഗം. വോക്സ്പോപ് എന്ന ഫോര്‍മാറ്റില്‍ നിരവധി പേരുടെ പ്രതികരണം ഒരു തെരുവില്‍നിന്ന് എടുത്താണ് വീഡിയോ നിര്‍മിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇത് ഒരു മുതിര്‍ന്ന സിപിഐഎം നേതാവാകാനുള്ള സാധ്യത കുറവാണെന്ന സൂചന ലഭിച്ചു. തുടര്‍ന്ന് സുഭാഷിണി അലിയുടെ ചിത്രവും പ്രചരിക്കുന്ന ദൃശ്യങ്ങളിലെ ചിത്രവും താരതമ്യം ചെയ്തതോടെ രണ്ടും രണ്ടുപേരാണെന്ന് വ്യക്തമായി.
തുടര്‍ന്ന് സുഭാഷിണി അലിയുടെ എക്സ് അക്കൗണ്ട് പരിശോധിച്ചതോടെ 2024 മെയ് 3 ന് ഈ വീഡിയോ മറ്റുഭാഷകളില്‍ നേരത്തെ പ്രചരിച്ച സാഹചര്യത്തില്‍ വീഡിയോയിലുള്ളത് താനല്ലെന്ന് വ്യക്തമാക്കി പങ്കുവെച്ച ട്വീറ്റ് ലഭിച്ചു.
പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ളത് താനല്ലെന്നും തന്റെ ശബ്ദമോ തന്റെ കാഴ്ചപ്പാടുകളോ അല്ലെന്നും സുഭാഷിണി അലി വ്യക്തമാക്കുന്നു.
ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി.