ഇത് അയോധ്യയിലെ ജനത്തിരക്കോ? വാസ്തവമറിയാം

ശ്രീരാമക്ഷേത്രിത്തിന്റ പ്രാണപ്രതിഷ്ഠ ദിനമായ ജനുവരി 22 ന് അയോധ്യയിലെ ജനത്തിരക്കിന്റെ ചിത്രമെന്ന അവകാശവാദത്തോടെയാണ് ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ഇത് അയോധ്യയിലെ ജനത്തിരക്കോ? വാസ്തവമറിയാം
Published on
2 min read

2023 ജനുവരി 22 നായിരുന്നു അയോധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ. ക്ഷേത്രവുമായും പ്രാണപ്രതിഷ്ഠയുമായും ബന്ധപ്പെട്ട് നിരവധി വ്യാജസന്ദേശങ്ങളാണ് ആഴ്ചകള്‍ക്കുമുന്‍പേ പ്രചരിച്ചുതുടങ്ങിയത്. ചടങ്ങിനു ശേഷവും ഇത്തരം വ്യാജസന്ദേശങ്ങള്‍ അവസാനിക്കുന്നില്ലെന്നതിന് തെളിവാണ് അയോധ്യയിലെ ജനത്തിരക്കെന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന ചിത്രം. പ്രാണപ്രതിഷ്ഠ ദിനത്തില്‍‌ ഏഴര കിലോമീറ്റര്‍ ദൂരം ജനസാഗരമായെന്ന അവകാശവാദത്തോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

Fact-check: 

പ്രചരിക്കുന്ന ചിത്രത്തിന് അയോധ്യ രാമക്ഷേത്രവുമായി യാതൊരു ബന്ധവുമില്ലെന്ന് വസ്തുത പരിശോധനയില്‍ വ്യക്തമായി. 

അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ദിനത്തില്‍ പൊതുജനങ്ങള്‍ക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനമുണ്ടായിരുന്നില്ല. സുരക്ഷാ കാരണങ്ങളാല്‍ ജനങ്ങള്‍ അന്നേദിവസം അയോധ്യയിലേക്ക് വരരുതെന്ന് നിര്‍ദേശമുണ്ടായിരുന്നു. ഇത് വ്യക്തമാക്കുന്ന മാധ്യമറിപ്പോര്‍ട്ടുകളും ലഭ്യമാണ്. ഈ സാഹചര്യത്തിലാണ് ചിത്രം വ്യാജമാകാമെന്ന സൂചന ലഭിച്ചത്. 

ചിത്രം റിവേഴ്സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കിയതോടെ ഈ ചിത്രം ഉപയോഗിച്ച നിരവധി മാധ്യമ റിപ്പോര്‍ട്ടുകള്‍ ലഭ്യമായി. ടൈംസ് ഓഫ് ഇന്ത്യയുടെ  ടൈംസ് കണ്ടന്റ് എന്ന വെബ്സൈറ്റില്‍ നല്‍കിയ വിവരമനുസരിച്ച് ചിത്രം 2023 ജൂണ്‍ 20ന്  ഒഡീഷയിലെ പുരിയില്‍ നടന്ന ജഗന്നാഥ രഥയാത്രയുടേതാണ്. 

പ്രചരിക്കുന്ന ചിത്രവും ടൈംസ് വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന ചിത്രവും ഒരേ പശ്ചാത്തലത്തിലാണെന്ന് കാണാം. NDTV യും ഇതേ വിവരണത്തോടെ PTI യുടെ ചിത്രം പങ്കുവെച്ചിട്ടുണ്ട്. 

കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ANI യൂട്യൂബ് ചാനലില്‍ പങ്കുവെച്ച ജഗന്നാഥ രഥയാത്രയുടെ വീഡിയോയിലും പ്രചരിക്കുന്ന അതേ ദൃശ്യം കാണാം.

പ്രചരിക്കുന്ന ചിത്രത്തിലെ നീല മേല്‍ക്കൂരയുള്ള കെട്ടിടവും അതിനടുത്തുള്ള കെട്ടിടങ്ങളും വീഡിയോയില്‍ വ്യക്തമായി കാണാം. 

ഇതോടെ ചിത്രം 2023 ജൂണില്‍ നടന്ന ജഗന്നാഥ രഥയാത്രയുടേതാണെന്ന് വ്യക്തമായി.  ജൂണ്‍ 20 നായിരുന്നു യാത്ര. തലേദിവസം യാത്രയുടെ തയ്യാറെടുപ്പുമായി ബന്ധപ്പെട്ടും പിറ്റേദിവസം യാത്രയ്ക്കിടെ തിരക്കില്‍പെട്ട് പതിനാല് പേര്‍ക്ക് പരിക്കേറ്റതിനെക്കുറിച്ചും മാധ്യമവാര്‍ത്തകള്‍ ലഭ്യമാണ്.  

ഇതോടെ പ്രചരിക്കുന്ന ചിത്രത്തിന് അയോധ്യയിലെ പ്രാണപ്രതിഷ്ഠയുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായി.

Related Stories

No stories found.
logo
South Check
southcheck.in