

വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളസ് മഡുറോയെ അമേരിക്ക കസ്റ്റഡിയിലെടുത്ത പശ്ചാത്തലത്തില്‍ വെനിസ്വേലയിലെ ജനങ്ങള്‍ പ്രതിഷേധിക്കുന്ന ദൃശ്യങ്ങളെന്ന അവകാശവാദത്തോടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. റോഡില്‍ തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിന്റെ ചിത്രമാണ് പ്രചരിക്കുന്നത്.
പ്രചാരണം വ്യാജമാണെന്നും ചിത്രം പഴയതാണെന്നും ഇതിന് വെനസ്വേലയിലെ നിലവിലെ സാഹചര്യങ്ങളുമായി ബന്ധമില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
പ്രചരിക്കുന്ന ചിത്രം റിവേഴ്സ് ഇമേജ് സെര്‍ച്ച് ഉപയോഗിച്ച് പരിശോധിച്ചതോടെ ചിത്രം പഴയതാണെന്ന് വ്യക്തമായി. 2024 ജൂണ്‍- ഓഗസ്റ്റ് കാലയളവിലെ വിവിധ മാധ്യമറിപ്പോര്‍ട്ടുകളില്‍ ഈ ചിത്രങ്ങള്‍ ഉപയോഗിച്ചതായി കാണാം.
റിവേഴ്സ് ഇമേജ് സെര്‍ച്ചില്‍ ആദ്യം ലഭിച്ച ഫലം ഒരു ഓണ്‍ലൈന്‍ സൈറ്റില്‍ 2024 ഓഗസ്റ്റ് 3-ന് പ്രസിദ്ധീകരിച്ചതാണ്. സ്പാനിഷ് ഭാഷയില്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടില്‍ ഇത് വെനസ്വേലയിലെ തിരഞ്ഞടെുപ്പുമായി ബന്ധപ്പെട്ട ചിത്രമാണെന്ന് വ്യക്തമായി.
തുടര്‍ന്ന് ഈ സൂചന ഉപയോഗിച്ച് നടത്തിയ കൂടുതല്‍ പരിശോധനയില്‍ ഈ ചിത്രം ഉള്‍പ്പെടുന്ന കൂടുതല്‍ മാധ്യമറിപ്പോര്‍ട്ടുകള്‍ കണ്ടെത്തി. പ്രസന്‍സ എന്ന ഒരു വാര്‍ത്താ പോര്‍ട്ടലില്‍ 2024 ജൂലൈ 26ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത് നിക്കോളസ് മഡുറോയ്ക്കായി നടത്തിയ തിരഞ്ഞെടുപ്പ് കാമ്പയിന്റെ അവസാനഘട്ട പ്രചാരണം എന്നാണ്.
മറ്റൊരു റിപ്പോര്‍ട്ടില്‍നിന്നും ഇക്കാര്യം സ്ഥിരീകരിക്കാനായി. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍നിന്നുള്ള ചിത്രമാണിതെന്ന് വെനിസ്വേലയന്‍ അനാലിസിസ് എന്ന വെബ്സൈറ്റില്‍ 2024 ജൂലൈ 24 ന് ചിത്രസഹിതം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതോടെ ചിത്രം വെനസ്വേലയിലെ 2024 പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതാണെന്നും നിലവിലെ സാഹചര്യങ്ങളുമായി ചിത്രത്തിന് ബന്ധമില്ലെന്നും വ്യക്തമായി.