Fact Check: ഇത് കുംഭമേളയിലെ ജനത്തിരക്കോ? ചിത്രത്തിന്റെ സത്യമറിയാം

പ്രയാഗ്‍രാജില്‍ നടക്കുന്ന കുംഭമേളയില്‍ ഭക്തരുടെ തിരക്കിന്റെ ചിത്രമെന്ന അടിക്കുറിപ്പോടെയാണ് ഒരു വഴിയിലൂടനീളം തടിച്ചുകൂടിയ ജനങ്ങളുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
Fact Check: ഇത് കുംഭമേളയിലെ ജനത്തിരക്കോ? ചിത്രത്തിന്റെ സത്യമറിയാം
Published on
2 min read

കുംഭമേളയിലെ ജനത്തിരക്കിന്റേതെന്ന അവകാശവാദത്തോടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഒരു റോഡ് പൂര്‍ണമായി മറയ്ക്കുന്നവിധം തടിച്ചുകൂടിയ ജനങ്ങളുടെ ചിത്രമാണ് പ്രചരിക്കുന്നത്.

Fact-check: 

പ്രചരിക്കുന്ന ചിത്രത്തിന് കുംഭമേളയുമായി യാതൊരു ബന്ധവുമില്ലെന്ന് വസ്തുത പരിശോധനയില്‍ വ്യക്തമായി. 

കുംഭമേള നടക്കുന്നത് പ്രയാഗ്‍രാജിലെ ത്രിവേണി സംഗമസ്ഥലത്താണ്. ഇതൊരു നദീതീരമാണ്. കൂടാതെ, കുംഭമേളയില്‍ പങ്കെടുക്കുന്നവരുടെ വേഷവും പ്രചരിക്കുന്ന ചിത്രത്തില്‍നിന്ന് ഏറെ വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ ഇത് കുംഭമേളയില്‍നിന്നുള്ള ചിത്രമല്ലെന്ന് പ്രാഥമിക സൂചന ലഭിച്ചു. 

ചിത്രം റിവേഴ്സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കിയതോടെ ഈ ചിത്രം ഉപയോഗിച്ച നിരവധി മാധ്യമ റിപ്പോര്‍ട്ടുകള്‍ ലഭ്യമായി. ടൈംസ് ഓഫ് ഇന്ത്യയുടെ  ടൈംസ് കണ്ടന്റ് എന്ന വെബ്സൈറ്റില്‍ നല്‍കിയ വിവരമനുസരിച്ച് ചിത്രം 2023 ജൂണ്‍ 20ന്  ഒഡീഷയിലെ പുരിയില്‍ നടന്ന ജഗന്നാഥ രഥയാത്രയുടേതാണ്. 

പ്രചരിക്കുന്ന ചിത്രവും ടൈംസ് വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന ചിത്രവും ഒരേ പശ്ചാത്തലത്തിലാണെന്ന് കാണാം. NDTV യും ഇതേ വിവരണത്തോടെ PTI യുടെ ചിത്രം പങ്കുവെച്ചിട്ടുണ്ട്. 

കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ANI യൂട്യൂബ് ചാനലില്‍ പങ്കുവെച്ച ജഗന്നാഥ രഥയാത്രയുടെ വീഡിയോയിലും പ്രചരിക്കുന്ന അതേ ദൃശ്യം കാണാം. 

പ്രചരിക്കുന്ന ചിത്രത്തിലെ നീല മേല്‍ക്കൂരയുള്ള കെട്ടിടവും അതിനടുത്തുള്ള കെട്ടിടങ്ങളും വീഡിയോയില്‍ വ്യക്തമായി കാണാം. 

ഇതോടെ ചിത്രം 2023 ജൂണില്‍ നടന്ന ജഗന്നാഥ രഥയാത്രയുടേതാണെന്ന് വ്യക്തമായി.  ജൂണ്‍ 20 നായിരുന്നു യാത്ര. തലേദിവസം യാത്രയുടെ തയ്യാറെടുപ്പുമായി ബന്ധപ്പെട്ടും പിറ്റേദിവസം യാത്രയ്ക്കിടെ തിരക്കില്‍പെട്ട് പതിനാല് പേര്‍ക്ക് പരിക്കേറ്റതിനെക്കുറിച്ചും മാധ്യമവാര്‍ത്തകള്‍ ലഭ്യമാണ്.  

ഇതോടെ പ്രചരിക്കുന്ന ചിത്രത്തിന് കുംഭമേളയുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായി. അതേസമയം കുംഭമേളയില്‍ 40 കോടി പേര്‍‍ പങ്കെടുക്കുന്നുവെന്നതടക്കം  പ്രചരിക്കുന്ന സന്ദേശത്തില്‍ പറയുന്ന ചിലകാര്യങ്ങള്‍ സത്യമാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. 

Related Stories

No stories found.
logo
South Check
southcheck.in