
വയനാട് ഉപതിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ പ്രിയങ്ക ഗാന്ധി വയനാട്ടില്‍ തേയിലത്തോട്ടത്തില്‍ തൊഴിലാളികള്‍ക്കൊപ്പം തേയില നുള്ളുന്നുവെന്ന അവകാശവാദത്തോടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണാത്തിനും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുമായി പ്രിയങ്ക ഗാന്ധി കഴിഞ്ഞദിവസം വയനാട്ടിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വയനാട്ടിലേതെന്ന തരത്തില്‍ ചിത്രം പ്രചരിക്കുന്നത്.
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ചിത്രം വയനാട്ടില്‍നിന്നുള്ളതല്ലെന്നും വസ്തുത പരിശോധനയില്‍ വ്യക്തമായി.
ചിത്രവുമായി ബന്ധപ്പെട്ട് പ്രിയങ്ക ഗാന്ധി, തേയില തുടങ്ങിയ കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ മാധ്യമം ഓണ്‍ലൈന്‍ 2021 ല്‍ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്താ റിപ്പോര്‍ട്ടില്‍ സമാനമായ ചിത്രം ഉപയോഗിച്ചതായി കണ്ടെത്തി.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അസമിലെത്തിയ പ്രിയങ്ക ഗാന്ധി അവിടെ തേയില തൊഴിലാളികള്‍ക്കൊപ്പം സമയം ചെലവിട്ടതുമായി ബന്ധപ്പെട്ടാണ് വാര്‍ത്ത. ഈ സൂചനകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ നിരവധി മാധ്യമറിപ്പോര്‍ട്ടുകള്‍ ഇതുമായി ബന്ധപ്പെട്ട് ലഭിച്ചു.
രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് അസമിലെത്തിയ പ്രിയങ്ക തേയില തോട്ടം തൊഴിലാളികളുമായി ആശയവിനിയമം നടത്തിയതായി 2021 മാര്‍ച്ച് 2 ന് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രചരിക്കുന്ന ചിത്രത്തിന്റെ അതേ സാഹചര്യമാണെങ്കിലും അതേ ചിത്രം കണ്ടെത്തുന്നതിനായി ശ്രമങ്ങള്‍ തുടര്‍ന്നു. ഇതിനായി കോണ്‍ഗ്രസിന്റെയും പ്രിയങ്ക ഗാന്ധിയുടെയും എക്സ് പ്രൊഫൈലുകളില്‍ ഈ തിയതികളില്‍ പങ്കുവെച്ച ഉള്ളടക്കമാണ് പരിശോധിച്ചത്. ഇതോടെ പ്രിയങ്ക ഗാന്ധിയുടെ എക്സ് ഹാന്‍ഡിലില്‍ 2021 മാര്‍ച്ച് 2ന് പ്രചരിക്കുന്ന ചിത്രമുള്‍പ്പെടെ ഏതാനും ചിത്രങ്ങള്‍ പങ്കുവെച്ചതായി കണ്ടെത്തി.
ANI എക്സില്‍ ഇതിന്റെ വീഡിയോ ദൃശ്യങ്ങളും ഇതേ ദിവസം പങ്കുവെച്ചതായി കാണാം. ബിശ്വനാഥിലെ സധുരു തേയിലത്തോട്ടത്തിലാണ് പ്രിയങ്ക ഗാന്ധി എത്തിയതെന്ന് ANI റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഇതിന് വയനാടുമായോ ഉപതിരഞ്ഞെടുപ്പുമായോ യാതൊരു ബന്ധവുമില്ലെന്നും വ്യക്തമായി.