Fact Check: ഫലസ്തീനി വയോധികയെ ഇസ്രയേല്‍ സൈന്യത്തിലെ നായ ആക്രമിക്കുന്ന ചിത്രം - സത്യമറിയാം

പ്രായമായ ഒരു സ്ത്രീയ്ക്ക് മുന്നില്‍ അവരെ ആക്രമിക്കാനൊരുങ്ങി നില്‍ക്കുന്ന നായയുടെയും കരയുന്ന സ്ത്രീയുടെയും ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
Fact Check: ഫലസ്തീനി വയോധികയെ ഇസ്രയേല്‍ സൈന്യത്തിലെ നായ ആക്രമിക്കുന്ന ചിത്രം -  സത്യമറിയാം

ഫലസ്തീന്‍ - ഇസ്രയേല്‍ യുദ്ധത്തിന്റെ ഭീകരമായ നിരവധി ചിത്രങ്ങളും ദൃശ്യങ്ങളും ഇതിനകം മുഖ്യധാരാ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലുമെല്ലാം വന്നതാണ്. തുടര്‍ച്ചയായ യുദ്ധത്തിന്റെ അന്തരീക്ഷത്തിന് നേരിയ തോതിലെങ്കിലും അയവ് വന്നിട്ടുണ്ടെങ്കിലും സംഘര്‍ഷവും യുദ്ധക്കെടുതികളും ഇപ്പോഴും തുടരുകയാണ്. മധ്യസ്ഥ ശ്രമങ്ങള്‍ക്ക് അമേരിക്ക ഉള്‍പ്പെടെ രാജ്യങ്ങള്‍ ശ്രമിച്ചുവെങ്കിലും പരിഹാരമാകാത്ത പ്രശ്നങ്ങളില്‍‌ ഐക്യരാഷ്ട്ര സംഘടനയും ഇടപെട്ടിരുന്നു. 

ഫലസ്തീനിലെ ഇസ്രയേല്‍ അധിനിവേശത്തിന്റെ ഭീകരതയെന്നോണം  മറ്റൊരു ചിത്രവും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഉറങ്ങിക്കിടക്കുന്ന ഫലസ്തീനി വൃദ്ധയെ ഇസ്രയേല്‍ സൈന്യം നായയെ വിട്ട് ആക്രമിക്കുന്നുവെന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

Fact-check: 

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ചിത്രം നിര്‍മിതബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് തയ്യാറാക്കിയതാണെന്നും അതേസമയം ഇത്തരത്തിലൊരു സംഭവം നടന്നതായും സൗത്ത് ചെക്ക് അന്വേഷണത്തില്‍ കണ്ടെത്തി. 

വസ്തുത പരിശോധനയുടെ ഭാഗമായി ആദ്യം ചിത്രം സൂക്ഷ്മമായി പരിശോധിച്ചു. നായ ആക്രമിക്കുന്ന സമയത്ത് ഇത്തരമൊരു ഫോട്ടോ എടുക്കാനാവുമോ എന്ന യുക്തിയാണ് ചിത്രം നിര്‍മിതബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയതാകാമെന്ന സൂചന നല്‍കിയത്. തുടര്‍ന്ന് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയില്‍ നിരവധി പേര്‍ വിവിധ സമൂഹമാധ്യമങ്ങളില്‍ ഇതേ വിവരണത്തോടെ ചിത്രം പങ്കുവെച്ചതായി കണ്ടെത്തി.  ഇതിലൊരു ചിത്രത്തില്‍ IN.VISUALART എന്ന വാട്ടര്‍മാര്‍ക്ക് കണ്ടെത്തി.

തുടര്‍ന്ന് നടത്തിയ പരിശോധയില്‍ ഈ പേരിലുള്ള ഇന്‍സ്റ്റഗ്രാം പേജില്‍ ഇതേ ചിത്രം 2024 ജൂണ്‍ 26 ന് പങ്കുവെച്ചതായി കണ്ടെത്തി. 

ചിത്രത്തിനൊപ്പം നല്‍കിയിരിക്കുന്ന വിവരണത്തില്‍ പറയുന്നത് പ്രചരിക്കുന്ന സന്ദേശത്തിന് സമാനമായ കാര്യങ്ങള്‍ തന്നെയാണ്. ജബലിയ ക്യാമ്പില്‍ വൃദ്ധയെ ഇസ്രയേലി സൈന്യത്തിലെ നായ ആക്രമിക്കുകയും ദൃശ്യങ്ങള്‍ നായയുടെ കഴുത്തില്‍ ഘടിപ്പിച്ച ക്യാമറയില്‍‌ റെക്കോഡ് ആവുകയുമായിരുന്നുവെന്നാണ് വിവരണം. എന്നാല്‍ ഇതിന് താഴെയായി ചിത്രം നിര്‍മിതബുദ്ധിയുപയോഗിച്ച് സൃഷ്ടിച്ചതാണെന്ന സൂചനയെന്നോണം PS+AI എന്ന് നല്‍കിയതായി കാണാം. നിര്‍മിതബുദ്ധിയുടെ സഹായത്തോടെ തയ്യാറാക്കി ഫോട്ടോഷോപ്പില്‍ എഡിറ്റ് ചെയ്തതെന്നര്‍ത്ഥം. സമാനമായ നിരവധി നിര്‍മിതബുദ്ധി ചിത്രങ്ങള്‍ ഈ പേജില്‍ പങ്കുവെച്ചതായി കാണാം.

ഇതോടെ ചിത്രം വ്യാജമാണെന്ന് വ്യക്തമായി. കൂടാതെ ഇതേ സംഭവത്തെ ചിത്രീകരിക്കുന്ന മറ്റ് നിര്‍മിതബുദ്ധി ചിത്രങ്ങളും പല അക്കൗണ്ടുകളില്‍നിന്നായി പങ്കുവെച്ചതായി കണ്ടെത്തി.

എന്നാല്‍ ഇന്‍സ്റ്റഗ്രാം പേജിലെ ചിത്രത്തിനൊപ്പം അതേ പോസ്റ്റില്‍ ഒരു വീഡിയോയും ചേര്‍ത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര മാധ്യമമായ അല്‍ജസീറ നല്‍കിയ റിപ്പോര്‍ട്ടാണത്

കൂടാതെ നിരവധിപേര്‍ ഒരേ തിയതിയില്‍ ഒരേ സംഭവത്തെക്കുറിച്ച് സംസാരിക്കുന്നതായി കണ്ടെത്തിയതോടെ ഇത്തരമൊരു സംഭവം നടന്നിരിക്കാമെന്ന സൂചന ലഭിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇത് സ്ഥിരീകരിച്ചു. അല്‍ജസീറ ഉള്‍പ്പെടെ അന്തര്‍ദേശീയ മാധ്യമങ്ങള്‍ ഇക്കാര്യം വിശദമായി റിപ്പോര്‍ട്ട് ചെയ്തതായി കണ്ടെത്തി. 

അല്‍ജസീറ പങ്കുവെച്ച വീഡിയോ റിപ്പോര്‍ട്ടില്‍ നായയുടെ കഴുത്തില്‍ ഘടിപ്പിച്ച ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കാണാം. ഇസ്രയേല്‍ സൈനിക  ഓപ്പറേഷനിടെ ജബലിയയില്‍ വെച്ച് സൈന്യത്തിലെ നായ വൃദ്ധയെ ആക്രമിച്ചതായാണ് റിപ്പോര്‍ട്ട്. 

ദൗലത്ത് അല്‍-തമാനിയെന്ന് ഈ വൃദ്ധയുമായുള്ള അഭിമുഖം ഉള്‍പ്പെടുത്തി മറ്റൊരു റിപ്പോര്‍ട്ടും അല്‍ജസീറ പ്രസിദ്ധീകരിച്ചതായി കണ്ടെത്തി. ‌‌

ഫലസ്തീന്‍ മാധ്യമങ്ങളും ഈ വാര്‍ത്ത പ്രാധാന്യത്തോടെ നല്‍കിയിട്ടുണ്ട്. ആഴ്ചകള്‍ക്ക് മുന്‍പ് വടക്കന്‍ ഗാസയിലെ ജബലിയ അഭയാര്‍ത്ഥി ക്യാമ്പിലായിരുന്നു ഈ സംഭവമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

ഇതോടെ സംഭവം യാഥാര്‍ത്ഥ്യമാണെന്ന് വ്യക്തമായി. അതേസമയം ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ചിത്രം യഥാര്‍ത്ഥമല്ലെന്നും അത് നിര്‍മിത ബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് തയ്യാറാക്കിയതാണെന്നും സ്ഥിരീകരിച്ചു. എന്നാല്‍ ചില മാധ്യമങ്ങള്‍ ഈ ചിത്രം വാര്‍ത്തകളില്‍‌ ഉപയോഗിച്ചതായും കണ്ടെത്തി. ഇത് പ്രതീകാത്മകമായി ഉപയോഗിച്ചതാണെന്ന് അനുമാനിക്കാം. 

Related Stories

No stories found.
logo
South Check
southcheck.in