Fact Check: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഗോവധ നിരോധനം? പ്രിയങ്ക ഗാന്ധിയുടെ പേരിലെ വാര്‍ത്താ കാര്‍ഡിന്റെ വാസ്തവം

കേരളത്തില്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഗോവധ നിരോധനം നടപ്പാക്കുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞതായി ഇന്ത്യാലൈവ് ഓണ്‍ലൈന്‍ ചാനലിന്റെ വാര്‍ത്താ കാര്‍ഡ് രൂപത്തിലാണ് പ്രചാരണം.
Fact Check: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഗോവധ നിരോധനം? പ്രിയങ്ക ഗാന്ധിയുടെ പേരിലെ വാര്‍ത്താ കാര്‍ഡിന്റെ വാസ്തവം
Published on
2 min read

വയനാട് ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണം സജീവമാകുന്ന സാഹചര്യത്തില്‍ പ്രിയങ്കാഗാന്ധിയുടേതെന്ന തരത്തില്‍ വാര്‍ത്താ കാര്‍ഡ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു,. ഗോവധ നിരോധനവുമായി ബന്ധപ്പെട്ടാണ് പ്രചാരണം. കേരളത്തില്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഗോവധ നിരോധനം നടപ്പാക്കുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞതായാണ് ഇന്ത്യാലൈവ് എന്ന ഓണ്‍ലൈന്‍ ചാനലിന്റെ പേരിലുള്ള വാര്‍ത്താ കാര്‍ഡ് സഹിതം പ്രചാരണം.

Fact-check: 

പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പ്രിയങ്ക ഗാന്ധി ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും വസ്തുത പരിശോധനയില്‍ വ്യക്തമായി. 

ഇത്തരമൊരു പ്രസ്താവന നടത്തിയാല്‍ സ്വാഭാവികമായും ഉപതിരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ അതിന് വലിയ വാര്‍ത്താ പ്രാധാന്യം ലഭിക്കേണ്ടതാണ്. എന്നാല്‍ കീവേഡ് പരിശോധിനയില്‍ പ്രിയങ്ക ഇത്തരം പ്രസ്താവന നടത്തിയതായി മാധ്യമവാര്‍ത്തകളൊന്നും കണ്ടെത്താനായില്ല. 

കേരളത്തില്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ എന്ന തലക്കെട്ട് പ്രചാരണം നിലവിലെ സാഹചര്യത്തിലേതല്ലെന്ന സൂചന നല്‍കി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇത് 2021ലെ നിയമസഭ തിരഞ്ഞെടുപ്പ് സമയത്തും പ്രചരിച്ചിരുന്നതായി കണ്ടെത്തി. ഇന്ത്യാലൈവ് ഓണ്‍ലൈന്‍ ചാനലിന്റെ പേരില്‍ നടത്തിയ പ്രചാരണം വ്യാജമാണെന്ന് വ്യക്തമാക്കി ഇന്ത്യാലൈവ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് കണ്ടെത്തി. 2021ജനുവരി 18ന് പങ്കുവെച്ച പോസ്റ്റില്‍ വ്യാജപ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കുന്നുണ്ട്. 

2023 ല്‍ വീണ്ടും ഇതേ വാര്‍ത്താകാര്‍ഡ് പ്രചരിച്ച സമയത്ത് പ്രചാരണം  അടിസ്ഥാനരഹിതമാണെന്ന് കാണിച്ച് കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ നല്‍കിയ പത്രക്കുറിപ്പ് ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതായി കണ്ടെത്തി. കേരള കൗമുദി 2023 മാര്‍ച്ച് 10ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പ്രചാരണം വ്യാജമാണെന്ന് KPCC അറിയിച്ചതായി വ്യക്തമാക്കുന്നു. 

വയനാട് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ വീണ്ടും ഉയര്‍ന്നുവന്ന പ്രചാരണത്തില്‍ കല്പറ്റ എംഎല്‍എ ടി. സിദ്ദീഖിന്റെ പ്രതികരണം തേടി: 

ഇത് നേരത്തെയും പലതവണ നടന്ന വ്യാജ പ്രചാരണമാണ്. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് ഇത്തരം പ്രചാരണങ്ങള്‍ നടക്കുന്നത്. ഇത്തരമൊരു പ്രസ്താവന പ്രിയങ്ക ഗാന്ധി നടത്തിയിട്ടില്ല. വര്‍ഗീയമായി ജനങ്ങളെ വേര്‍തിരിക്കാന്‍ ലക്ഷ്യമിട്ട് ചിലര്‍ ആസൂത്രിതമായി നടത്തുന്ന ശ്രമമാണിത്.

ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി. 

Related Stories

No stories found.
logo
South Check
southcheck.in