പൂനം പാണ്ഡെയുടെ ‘കാന്‍സര്‍ ബോധവല്‍ക്കരണം’ വ്യാജവിവരങ്ങളെക്കുറിച്ചും നമ്മെ ബോധവല്‍ക്കരിക്കട്ടെ ‌

സെര്‍വിക്കല്‍ കാന്‍സര്‍ അഥവാ ഗർഭാശയമുഖ അർബുദത്തെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനായാണ് വ്യാജ മരണവിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചതെന്ന് പൂനം പാണ്ഡെ അവകാശപ്പെടുമ്പോഴും മാധ്യമങ്ങളുടെ വിശ്വാസ്യതയെ ചോദ്യംചെയ്യുന്ന വലിയ സാമൂഹ്യപ്രശ്നത്തെക്കുറിച്ചാണ് ചോദ്യങ്ങളുയരുന്നത്.
പൂനം പാണ്ഡെയുടെ ‘കാന്‍സര്‍ ബോധവല്‍ക്കരണം’ വ്യാജവിവരങ്ങളെക്കുറിച്ചും നമ്മെ ബോധവല്‍ക്കരിക്കട്ടെ ‌

ബോളിവുഡ് നടി പൂനം പാണ്ഡെയുടെ ‘മരണവാര്‍ത്ത’യും തുടര്‍ന്നുണ്ടായ നാടകീയ സംഭവ വികാസങ്ങളുമാണ് സമൂഹമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ച. കാന്‍സര്‍ ബോധവല്‍ക്കരണത്തിന് എന്ന അവകാശവാദത്തോടെ സമൂഹമാധ്യമ അക്കൗണ്ടില്‍നിന്ന് സ്വന്തം വ്യാജ മരണവിവരം പങ്കുവെച്ചതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. കാന്‍സര്‍ ബോധവല്‍ക്കരണത്തിന് എന്നവകാശപ്പെടുമ്പോഴും വ്യാജവിവരം പങ്കുവെച്ച സംഭവം ഉയര്‍ത്തുന്ന നിരവധി ആശങ്കകളുണ്ട്. മാധ്യമരംഗത്തെ വിശ്വാസ്യതയെ തകര്‍ക്കുന്നതിലൂടെ വലിയ സാമൂഹ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാമെന്നതാണ് ഇതില്‍ പ്രധാനം. പൂനം പാണ്ഡെയുടെ ‘കാന്‍സര്‍  ബോധവല്‍ക്കരണ’ത്തെ വിലയിരുത്തുകയാണ് ഈ ലേഖനത്തില്‍.

പശ്ചാത്തലം

പൂനം പാണ്ഡെ ഗര്‍ഭാശയമുഖ അര്‍ബുദം മൂലം മരണത്തിന് കീഴടങ്ങിയതായി അവരുടെ വെരിഫൈ ചെയ്ത ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ 2024 ഫെബ്രുവരി 2നാണ് പോസ്റ്റ് ചെയ്യുന്നത്. പൊതുവെ സിനിമാതാരങ്ങളുടെയും രാഷ്ട്രീയക്കാരുടെയുമെല്ലാം സമൂഹമാധ്യമ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേകം ആളുകളെ നിയോഗിക്കാറുണ്ട്. അത്തരത്തിലായിരുന്നു ഈ പോസ്റ്റും.

വെരിഫൈ ചെയ്ത പേജില്‍ വന്ന വിവരമായതിനാല്‍തന്നെ നിരവധി പേര്‍ ഇത് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. ഏറെ വൈകാതെ മാധ്യമങ്ങളും ഇത് വാര്‍ത്തയാക്കി. മലയാളത്തില്‍ മാതൃഭൂമിയും മനോരമയും ഉള്‍പ്പെടെ എല്ലാ മുഖ്യധാരാ മാധ്യമങ്ങളും മരണവാര്‍ത്ത പ്രസിദ്ധീകരിച്ചു. 

പിന്നീട് പിറ്റേദിവസമാണ് അവര്‍ മറ്റൊരു വീഡിയോയുമായി രംഗത്തെത്തുന്നത്. വീഡിയോയില്‍ നേരിട്ട് പ്രത്യക്ഷപ്പെട്ട് പൂനം പാണ്ഡെ, തന്റെ മരണവിവരം മനപൂര്‍വം പങ്കുവെച്ച വ്യാജവിവരമായിരുന്നുവെന്ന് സ്ഥിരീകരിക്കുന്നു. ഗര്‍ഭാശയമുഖ അര്‍ബുദം മൂലം മരണപ്പെടുന്ന ആയിരക്കണക്കിന് സ്ത്രീകളുണ്ടെന്നും സമൂഹത്തില്‍ ഇതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാനായിരുന്നു വ്യാജ മരണവിവരം നല്‍കിയതെന്നും അവര്‍ വീഡിയോയില്‍ പറയുന്നു.

ഇതോടെ മാധ്യമങ്ങളും നേരത്തെ നല്‍കിയ മരണവാര്‍ത്തയില്‍ തിരുത്തല്‍ നല്‍കാന്‍ നിര്‍ബന്ധിതരായി. പൂനം പാണ്ഡെയുടെ ‘കാന്‍സര്‍ ബോധവല്‍ക്കരണ’മായിരുന്നുവെന്നും അവര്‍ മരണപ്പെട്ടിട്ടില്ലെന്നും വാര്‍ത്ത പ്രസിദ്ധീകരിക്കേണ്ടിവന്നു. 

വിശദീകരണ വീഡിയോയ്ക്ക് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ നിരവധി വിമര്‍ശനങ്ങളുയര്‍ന്നതോടെ അന്നുതന്നെ വീണ്ടും മറ്റൊരു വീഡിയോയുമായി പൂനം രംഗത്തെത്തി. വ്യാജ മരണവിവരം പങ്കുവെച്ചതില്‍ മാപ്പുപറയുന്ന അവര്‍ പക്ഷേ കാന്‍സര്‍ ബോധവല്‍ക്കരണമായിരുന്നു തന്റെ ലക്ഷ്യമെന്ന് ആവര്‍ത്തിക്കുന്നു. വ്യാജ മരണവിവരത്തിന് പിന്നാലെ നിരവധി പേര്‍ ഗര്‍ഭാശയമുഖ അര്‍ബുദത്തെക്കുറിച്ച് അന്വേഷിക്കാനും സംസാരിക്കാനും തുടങ്ങിയെന്നും അവര്‍ വീഡിയോയില്‍ അവകാശപ്പെടുന്നു.

മരണവാര്‍ത്ത നല്‍കിയതില്‍ മാധ്യമങ്ങള്‍ക്ക് പിഴച്ചോ? 

സിനിമാതാരങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയും വ്യാജ മരണവാര്‍ത്തകള്‍ പ്രചരിക്കുന്നത് ഇതാദ്യമല്ല. ഇന്നസെന്റുള്‍പ്പെടെ സിനിമാമേഖലയിലെ നിരവധി പേര്‍ ആശുപത്രിയിലിരിക്കെ വ്യാജമരണവിവരങ്ങള്‍ സമൂഹമാധ്യമങ്ങളി പ്രചരിച്ചിരുന്നു.  നടന്‍ ടി എസ് രാജു അന്തരിച്ചുവെന്ന് വ്യാജവിവരം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചപ്പോള്‍ അദ്ദേഹംതന്നെ മാധ്യമങ്ങള്‍ക്കുമുന്നിലെത്തി ഇത് നിഷേധിച്ചിരുന്നു.

മേല്‍പ്പറഞ്ഞ ഉദാഹരണങ്ങളിലെല്ലാം വ്യാജവാര്‍ത്ത പ്രചരിച്ചത് സമൂഹമാധ്യമങ്ങളില്‍ മാത്രമായിരുന്നു. അത് പ്രചരിപ്പിച്ചതാകട്ടെ അജ്ഞാതരും. എന്നാല്‍ പൂനം പാണ്ഡെയുടെ കാര്യത്തില്‍ മുഖ്യധാരാമാധ്യമങ്ങളില്‍ വ്യാജവിവരം വാര്‍ത്തയായതിന് പിന്നില്‍ ചില കാരണങ്ങളുണ്ട്. 

വെരിഫൈ ചെയ്ത പ്രൊഫൈല്‍

സമൂഹമാധ്യമ അക്കൗണ്ടുകള്‍  കൈകാര്യം ചെയ്യുന്നത് അതത് വ്യക്തികളാണെന്ന സ്ഥീകരണമാണ് വെരിഫൈ ചെയ്ത പ്രൊഫൈലുകള്‍ നല്‍കുന്നത്. രാഷ്ട്രീയ നേതാക്കളുടെയും ഔദ്യോഗിക സംഘടനകളുടെയും സെലിബ്രിറ്റികളുടെയും പ്രൊഫൈലുകള്‍ ഇത്തരത്തില്‍ വെരിഫൈ ചെയ്തതായിരിക്കും. വെരിഫൈ ചെയ്ത പ്രൊഫൈല്‍ പേരുകള്‍ക്കൊപ്പം നീല നിറത്തില്‍ ശരിയടയാളം കാണാം.

ഇത്തരം പ്രൊഫൈലുകളില്‍ വരുന്ന വിവരങ്ങള്‍ മാധ്യമങ്ങള്‍ ഒരു പ്രധാന വാര്‍ത്താ സ്രോതസ്സായി പരിഗണിക്കാറുണ്ട്.  

വാര്‍ത്താസ്രോതസ്സുകളുടെ അപര്യാപ്തത

വാര്‍ത്തകള്‍ സ്ഥിരീകരിച്ച ശേഷം മാത്രം നല്‍കുകയെന്നത് മാധ്യമപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന പാഠങ്ങളിലൊന്നാണ്. അച്ചടിമാധ്യമങ്ങളില്‍ ഇതിന്റെ സാധ്യത കൂടുതലായതുകൊണ്ടാണ് അവയുടെ വിശ്വാസ്യത കൂടുന്നതും. എന്നാല്‍ സാങ്കേതിക വിദ്യയുടെ കാലത്ത് ദൃശ്യമാധ്യമങ്ങളും ഓണ്‍ലൈന്‍ മാധ്യമങ്ങളും മത്സരിക്കുന്നത് വാര്‍ത്തകള്‍ വേഗത്തില്‍ പ്രേക്ഷകരിലെത്തിക്കാനാണ്. തല്‍ഫലമായി പരിമിതമായ സ്രോതസ്സുകളിലെ വിവരങ്ങള്‍ ഉപയോഗിച്ച് വാര്‍ത്ത നല്‍കേണ്ടതായി വരുന്നു. പൂനം പാണ്ഡെയുടെ കാര്യത്തില്‍ സമൂഹമാധ്യമ പോസ്റ്റിലെ വിവരങ്ങള്‍ സ്ഥിരീകരിക്കുന്നതിനായി അവരുടെ ബന്ധുക്കളെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭ്യമായില്ലെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി കാണാം.

അതുകൊണ്ടുതന്നെ പൂനം പാണ്ഡെയുടെ വ്യാജ മരണവിവരം വാര്‍ത്തയായി നല്‍കിയതില്‍ മാധ്യമങ്ങളെ പൂര്‍ണമായി കുറ്റപ്പെടുത്താനാവില്ല. അതേസമയം, നല്‍കുന്ന വാര്‍ത്തകള്‍ സ്ഥിരീകരിക്കുന്നതില്‍ മാധ്യമങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. 

വസ്തുത പരിശോധകരുടെ പരിമിതി

വസ്തുത പരിശോധകര്‍ അവരുടെ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിക്കുന്നത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. മാധ്യമങ്ങള്‍ വാര്‍ത്താ ഉറവിടം വെളിപ്പെടുത്താതെയും വാര്‍ത്തകള്‍ നല്‍കാറുണ്ട്. അതേസമയം വസ്തുത പരിശോധന ലേഖനങ്ങളില്‍ ശേഖരിക്കുന്ന തെളിവുകളും അവയുടെ സ്രോതസ്സും വായനക്കാര്‍ക്ക് ലഭ്യമാകുന്ന രീതിയാണ് അവലംബിക്കുന്നത്. പൂനം പാണ്ഡെയുടെ വ്യാജ മരണവിവരത്തില്‍ പ്രാഥമികമായ സംശയങ്ങള്‍ നിരവധി പേര്‍ പ്രകടിപ്പിച്ചിരുന്നു. ഇത് ആദ്യ പോസ്റ്റിന്റെ കമന്റുകളില്‍നിന്നുതന്നെ വ്യക്തമാണ്.

എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നതില്‍ മാധ്യമപ്രവര്‍ത്തകരെക്കാള്‍ വെല്ലുവിളി നേരിടുന്നത് വസ്തുത പരിശോധകരാണ്. പൂനം പാണ്ഡെയെയോ അവരുടെ അടുത്ത ബന്ധുക്കളെയോ നേരിട്ട് ബന്ധപ്പെടാതെ, ചികിത്സതേടിയ ആശുപത്രി അധികൃതരുടെ സ്ഥിരീകരണം ലഭിക്കാതെ, വസ്തുത പരിശോധന പ്രസിദ്ധീകരിക്കാനാവില്ല. 

വെല്ലുവിളികള്‍ എന്തെല്ലാം? 

ബോധവല്‍ക്കരണമെന്ന അവകാശവാദവുമായി ഒരു പോസ്റ്റ് പങ്കുവെയ്ക്കുകയും പിന്നീട് തിരുത്തുകയും അതിന് പിന്നാലെ മാപ്പ് പറയുകയും ചെയ്തതോടെ തീരുന്നതല്ല വ്യാജവിവരം സൃഷ്ടിച്ച പ്രതിസന്ധി. മാധ്യമസാക്ഷരതയുടെ ബാലപാഠങ്ങളായി പറയപ്പെടുന്ന വെരിഫൈ ചെയ്ത പ്രൊഫൈലുകളെക്കുറിച്ചും മാധ്യമവാര്‍ത്തകളെക്കുറിച്ചുമുള്ള സങ്കല്പങ്ങള്‍ക്ക് വലിയ ആഘാതമാണ് പൂനം പാണ്ഡെ സൃഷ്ടിച്ചത്

വാ‍ര്‍ത്താ ഉറവിടം

വെരിഫൈ ചെയ്ത പ്രൊഫൈലുകളിലും വ്യാജവിവരങ്ങള്‍ വരാമെന്ന തിരിച്ചറിവിനൊപ്പം ഇവ ഇനി എത്രത്തോളം വിശ്വാസ്യതയുള്ള വാര്‍ത്താ സ്രോതസ്സുകളായി പരിഗണിക്കാനാവുമെന്നത് മാധ്യമസ്ഥാപനങ്ങളെ സംബന്ധിച്ച് വലിയ ആശങ്കയാണ്. മാധ്യമങ്ങളുടെ ഉത്തരവാദിത്തം വര്‍ധിക്കുന്നതിനൊപ്പം സ്ഥിരീകരിച്ച വിവരങ്ങള്‍ സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ ലഭ്യമാകുന്നതിനും ഇത് തടസ്സമാകുന്നു. വെരിഫൈ ചെയ്ത പ്രൊഫൈലുകള്‍ വഴി അറിയിക്കുന്ന ഔദ്യോഗികവിവരങ്ങള്‍ പോലും വീണ്ടും സ്ഥിരീകരിക്കേണ്ട അവസ്ഥ വരുന്നു.

ബോധവല്‍ക്കരണത്തിന്റെ രീതി

ആരോഗ്യരംഗവുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണത്തിന് ഒട്ടും അനുയോജ്യമല്ലാത്ത രീതിയാണ് പൂനം പാണ്ഡെ സ്വീകരിച്ചതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ഭൂരിപക്ഷം ഗര്‍ഭാശയമുഖ അര്‍ബുദവും ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. എന്നാല്‍ ഗര്‍ഭാശയമുഖ അര്‍ബുദം മൂലം മരണപ്പെട്ടുവെന്ന ഭീതി പടര്‍ത്തുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും ബോധവല്‍ക്കരണത്തിന് ചേര്‍ന്ന രീതിയല്ല ഇതെന്നും ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ അഭിപ്രായപ്പെടുന്നു.

പൂനം പാണ്ഡെയുടെ ലക്ഷ്യം ബോധവല്ക്കരണം  തന്നെയോ?

കാന്‍സര്‍ ബോധവല്‍ക്കരണമാണ് ലക്ഷ്യമെന്ന് അവകാശപ്പെടുമ്പോഴും ഇതിന് വിരുദ്ധമായ ചില റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു. രണ്ടാമതായി പങ്കുവെച്ച വിശദീകരണ വീഡിയോയില്‍ അവര്‍ ഒരു വെബ്സൈറ്റ് പരാമര്‍ശിക്കുന്നുണ്ട്. ഈ വെബ്സൈറ്റിന്റെ ഉള്ളടക്കം സംബന്ധിച്ചും മറ്റും നിരവധി ആരോപണങ്ങള്‍ ഉയരുന്നുണ്ട്. വെബ്സൈറ്റ് 2023 ജൂലൈയില്‍ രജിസ്റ്റര്‍ ചെയ്തതാണെന്നും മാസങ്ങള്‍ക്കു മുന്‍പേ ആസൂത്രണം ചെയ്തതാണ് വ്യാജമരണമെന്നുമാണ് ആരോപണം. ആരോപണങ്ങള്‍ക്ക് പിന്നാലെ ‘ബോധവല്‍ക്കരണ പരിപാടി’യ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Schbang എന്ന ക്രിയേറ്റീവ് മീഡിയ സ്ഥാപനവും ഖേദപ്രകടനവുമായി രംഗത്തെത്തി.

വ്യാജമരണവിവരത്തിന് പിന്നാലെ പൂനം പാണ്ഡെയുടെ സമൂഹമാധ്യമ അക്കൗണ്ട്  പിന്തുടര്‍ന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണുണ്ടായത്. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടാന്‍ ആളുകള്‍ പലവിധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്ന കാലത്ത് പൂനം പാണ്ഡെയുടെ നീക്കത്തില്‍ അത്തരം ലക്ഷ്യങ്ങള്‍ സംശയിക്കുന്നവരുമുണ്ട്. 

വായനക്കാര്‍ക്കുമുണ്ട് ഉത്തരവാദിത്തം

സത്യാനന്തരകാലത്ത് സാങ്കേതികവിദ്യയുടെ അതിപ്രസരത്തില്‍ ലഭിക്കുന്ന വിവരങ്ങളില്‍ പ്രാഥമിക വസ്തുത പരിശോധന നടത്താന്‍ വായനക്കാര്‍ക്കും ഉത്തരവാദിത്തമുണ്ട്. മാധ്യമസ്രോതസ്സുകളെ പോലും പൂര്‍ണമായി വിശ്വാസത്തിലെടുക്കാനാവാത്ത കാലത്ത് ഒന്നിലേറെ മാധ്യമങ്ങള്‍ പരിശോധിക്കാനും സമയമെടുത്ത് വിവരങ്ങള്‍ സ്ഥിരീകരിച്ച ശേഷം മാത്രം പങ്കുവെയ്ക്കാനും തയ്യാറാവുകയെന്നതാണ് ഒരു പരിധിവരെ പോംവഴി. വിവരങ്ങളുടെ സ്ഥിരീകരണത്തിനായി ‘സൗത്ത് ചെക്ക്’ ഉള്‍പ്പെടെ വസ്തുത പരിശോധന വെബ്സൈറ്റുകളെയും ആശ്രയിക്കാം.

ഉപസംഹാരം 

പൂനം പാണ്ഡെയുടെ വ്യാജമരണവിവരം വാര്‍ത്തയാക്കിയതില്‍ മാധ്യമങ്ങളും അത് സമൂഹമാധ്യമങ്ങളില്‍ ഏറ്റെടുത്തതില്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന ഓരോരുത്തരും ഒരു പുനര്‍വിചിന്തനത്തിന് തയ്യാറാകേണ്ടതുണ്ട്. വിശ്വാസ്യതയുള്ള മാധ്യമങ്ങളാണ് വസ്തുതാപരമായ വിവരങ്ങളിലൂന്നിയ സമൂഹത്തിന്റെ അടിത്തറ. വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നതിലും സ്ഥിരീകരിക്കുന്നതിലും കൂടുതല്‍ ജാഗ്രത പാലിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാകേണ്ടതുണ്ട്.

ബോധവല്‍ക്കരണത്തിന് ഇതൊരു ശരിയായ രീതിയല്ലെന്ന് തിരിച്ചറിയാനും ഇത്തരം രീതികള്‍ ആവര്‍ത്തിക്കാതിരിക്കാനും എല്ലാവരും ശ്രദ്ധിക്കേണ്ടതും അനിവാര്യമാണ്. വെരിഫൈ ചെയ്ത പ്രൊഫൈലുകള്‍ കൈകാര്യം ചെയ്യുന്നവര്‍ അതിന്റെ വിശ്വാസ്യതയുടെ താക്കോല്‍ അവരവരുടെ കൈകളിലാണെന്നും തിരിച്ചറിയേണ്ടതുണ്ട്.  

Related Stories

No stories found.
logo
South Check
southcheck.in