ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇസ്ലാം മതം സ്വീകരിച്ചുവെന്ന അവകാശവാദത്തോടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. റൊണാള്‍ഡോ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതെന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോയില്‍ വിവിധ ഷോട്ടുകളിലായി അത്തരം ദൃശ്യങ്ങള്‍ കാണാം.
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും വീഡിയോയിലുള്ളത് ക്രിസ്റ്റാനോ റൊണാള്‍ഡോ അല്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
പ്രചരിക്കുന്ന വീഡിയോയിലെ കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയില്‍ പ്രസ്തുത വീഡിയോ 2021-ല്‍ ടിക്ടോക്കില്‍ പങ്കുവെച്ചതായി കണ്ടെത്തി. ഇന്ത്യയില്‍ ടിക്ടോക് ലഭ്യമല്ലാത്തതിനാല്‍ വിദേശത്തെ ചില മാധ്യമപ്രവര്‍ത്തകര്‍ വഴി പ്രസ്തുത ലിങ്ക് പരിശോധിച്ചു. @bewarabdullah എന്ന ടിക്ടോക് ഐഡിയില്‍നിന്ന് 2021 മെയ് 7-നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വീഡിയോ പങ്കുവെച്ചിരിക്കുന്ന Bewar Abdullah എന്ന ഐഡി ഒരു സൂചനയായി എടുത്ത് ഈ പേരിനൊപ്പം Cristiano Ronaldo എന്ന പേരു ചേര്‍ത്ത് നടത്തിയ കീവേഡ് പരിശോധനയില്‍ ഏതാനും മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭിച്ചു.
സ്പാനിഷ് ഭാഷയില്‍ 2022 ഡിസംബറില്‍ പ്രസിദ്ധീകരിച്ച ഈ റിപ്പോര്‍ട്ടില്‍ ഫുട്ബോള്‍ താരം റൊണാള്‍ഡോയുമായി സാമ്യമുള്ള അബ്ദുല്ലയെന്ന വ്യക്തിയെക്കുറിച്ചാണ് പറയുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇദ്ദേഹത്തെക്കുറിച്ച് നിരവധി മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭിച്ചു.
അദ്ദേഹം ചില മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ഈ ദൃശ്യ സാമ്യതയെക്കുറിച്ച് സംസാരിച്ചതായും കണ്ടെത്തി. റൊണാള്‍ഡോ ആണെന്ന് തെറ്റിദ്ധരിച്ച് നിരവധി ആരാധകര്‍ വരാറുണ്ടെന്നും അദ്ദേഹം പറയുന്നു.
അദ്ദേഹത്തിന്റെ വീഡിയോകളടങ്ങിയ ചില മാധ്യമറിപ്പോര്‍ട്ടുകളും കണ്ടെത്തി. ഇതോടെ പ്രചരിക്കുന്ന വീഡിയോയിലുള്ളത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്ലെന്നും അദ്ദേഹത്തോട് മുഖസാദൃശ്യമുള്ള അബ്ദുല്ലയെന്ന വ്യക്തിയാണെന്നും സ്ഥിരീകരിച്ചു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇന്‍സ്റ്റഗ്രാം പേജിലടക്കം ഇത്തരം നിരവധി വീഡിയോകള്‍ പങ്കുവെച്ചതായും കണ്ടെത്തി.
ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ദൃശ്യങ്ങളിലുള്ളത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്ലെന്നും അദ്ദേഹത്തോട് രൂപസാദൃശ്യമുള്ള മറ്റൊരു വ്യക്തിയാണെന്നും സ്ഥിരീകരിച്ചു.